X

കുട്ടികളെ ലൈംഗികദുരുപയോഗം ചെയ്യുന്ന ചിത്രങ്ങൾ കൈവശം വെച്ചിരുന്നതായി കത്തോലിക്ക പുരോഹിതൻ വത്തിക്കാൻ കോടതിയിൽ

"2016ൽ യുഎസ്സിൽ സ്ഥാനപതിയായതിനു ശേഷം എന്നിൽ ചില 'വിലക്ഷണവികാരങ്ങൾ' വളർന്നു"

യുഎസ്സിൽ വത്തിക്കാന്റെ അംബാസ്സഡറായി വാഷിങ്ടൺ നഗരത്തിൽ താമസിക്കവെ തനിക്ക് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങളോട് അഭിനിവേശമുണ്ടായിരുന്നെന്ന് കത്തോലിക്ക പുരോഹിതന്റെ വെളിപ്പെടുത്തൽ. വത്തിക്കാനിലെ ഒരു കോടതിയിൽ നടക്കുന്ന കുറ്റവിചാരണയിലാണ് കത്തോലിക്ക പുരോഹിതൻ തനിക്ക് സംഭവിച്ച വീഴ്ചയെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്. അഞ്ചു വർഷം മുമ്പ് പരിഷ്കരിച്ച വത്തിക്കാൻ നിയമങ്ങൾ പ്രകാരമാണ് ഈ വിചാരണ. നേരത്തെ പീഡോഫൈൽ മനോഭാവമുള്ളവര്‍ക്കെതിരെ നീക്കം നടത്താൻ വത്തിക്കാന്‍ നിയമങ്ങളിൽ വകുപ്പുണ്ടായിരുന്നില്ല.

മോൺസിഗ്നോർ കാർലോ ആൽബർട്ടോ എന്ന പുരോഹിതനാണ് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ വത്തിക്കാനിൽ അറസ്റ്റിലായത്. 2016ൽ യുഎസ്സിൽ സ്ഥാനപതിയായതിനു ശേഷം തന്നിൽ ചില ‘വിലക്ഷണവികാരങ്ങൾ’ വളർന്നുവെന്നും അത് തന്റെ പുരോഹിതജീവിതത്തിൽ മുമ്പെങ്ങും ഉണ്ടായിരുന്നതല്ലെന്നും കോടതിയിൽ ആൽബെർട്ടോ പറഞ്ഞു.

വത്തിക്കാന്‍ സിറ്റിയിലെ കാത്തലിക്ക് പള്ളികളുടെ ഭരണനിർവ്വഹണ സംവിധാനമായ ‘ഹോളി സീ’യെ യുഎസ് വിദേശകാര്യ വകുപ്പാണ് പുരോഹിതന്റെ അഹിതമായ വിചാരങ്ങളിലേക്ക് വെളിച്ചം തെളിച്ചത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങൾ സംബന്ധിച്ച് യുഎസ്സിലുള്ള നിയമങ്ങൾ പുരോഹിതൻ ലംഘിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്ന് യുഎസ് ഹോളി സീയെ അറിയിച്ചു.

നയതന്ത്ര ഉദ്യോഗസ്ഥർക്ക് നൽകിവരുന്ന പരിരക്ഷ ആൽബെർട്ടോയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ യുഎസ് വത്തിക്കാനോട് ആവശ്യപ്പെട്ടെങ്കിലും അവരത് വിസമ്മതിച്ചു. പകരം ആൽബെർട്ടോയെ റോമിലേക്ക് തിരിച്ചുവിളിപ്പിച്ചു. ഈ തിരിച്ചു വിളിയുടെ പിന്നാലെ, കാനഡയും സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തി. കാനഡയിൽ ഉണ്ടായിരുന്ന കാലത്ത് കുട്ടികളെ ലൈംഗികദുരുപയോഗം ചെയ്യുന്ന ചിത്രങ്ങൾ ഇദ്ദേഹം കൈവശം വെച്ചിരിക്കാമെന്ന് തങ്ങൾ സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.