X

പ്രതിച്ഛായ നന്നാക്കാൻ ഹോക്കി കളി; രണ്ട് ടീമിന്റെയും സഹായത്തോടെ 10 ഗോൾ നേടി വ്ലാദ്മിർ പുടിൻ

റഷ്യ കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കുറച്ചു കാലമായി കടന്നുപോകുന്നത്. അത് പുടിന്‍റെ പ്രതിച്ചായക്ക് കടുത്ത മങ്ങലേല്‍പ്പിച്ചിട്ടുമുണ്ട്.

രാഷ്ട്രതന്ത്രത്തില്‍ മാത്രമല്ല ഹോക്കി കളിയിലും എതിരാളികളെ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ച്ചവക്കാന്‍ തനിക്ക് സാധിക്കുമെന്ന് ഒരിക്കല്‍കൂടി തെളിയിക്കുകയാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്‍. സോച്ചിയിലെ ബോൾഷോ ഐസ് ഡോമില്‍വെച്ചു നടന്ന മുൻ നാഷണൽ ഹോക്കി ലീഗിലെ കളിക്കാരുമൊത്തുള്ള ഐസ് ഹോക്കി മത്സരത്തിൽ ഗോളുകൾ നേടിയാണ് പുടിന്‍ താരമായത്. കഴിഞ്ഞ വർഷവും ഒരു ടെലിവിഷൻ എക്സിബിഷന്‍റെ ഭാഗമായി സംഘടിപ്പിച്ച ഐസ് ഹോക്കി മത്സരത്തിൽ ഇറങ്ങി അഞ്ച് ഗോളുകൾ അദ്ദേഹം നേടിയിരുന്നു.

എന്നാല്‍ വിജയത്തിനുശേഷം കാണികളെ നോക്കി ആഹ്ളാദം പങ്കിടുന്നതിനിടെ അദ്ദേഹം വഴുതി വീണു. പരിക്കുകളൊന്നും ഇല്ലാതെ എഴുന്നേൽക്കുകയും ചെയ്തു. മത്സരത്തിൽ എട്ട് ഗോളുകള്‍ പുടിൻ സ്കോര്‍ ചെയ്തു എന്നാണ് അസോസിയേറ്റഡ് പ്രസ്, റോയിറ്റേഴ്സ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ക്രെംലിൻ ഔദ്യോഗികമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത് 14-7 എന്ന മാര്‍ജിനില്‍ വിജയിച്ച മത്സരത്തില്‍ അദ്ദേഹം 10 ഗോളുകൾ നേടിയെന്നാണ്.

റഷ്യ കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കുറച്ചു കാലമായി കടന്നുപോകുന്നത്. അത് പുടിന്‍റെ പ്രതിച്ചായക്ക് കടുത്ത മങ്ങലേല്‍പ്പിച്ചിട്ടുമുണ്ട്. അതിനെ മറികടക്കാനാണ് നിരന്തരം ഇത്തരം മത്സരങ്ങളില്‍ അദ്ദേഹം നേരിട്ടു പങ്കെടുക്കുന്നതെന്ന വിമര്‍ശവും ഉയരുന്നുണ്ട്. ഗവൺമെന്റ് ഉദ്യോഗസ്ഥർ, ബിസിനസുകാർ, മുൻ എൻഎച്ച്എൽ താരങ്ങള്‍ തുടങ്ങിയവരുമായി നിരന്തരം കായിക മത്സരങ്ങളില്‍ ഏര്‍പ്പെടുകയും അത് കൃത്യമായി ടെലിവിഷന്‍ ചാനലുകളിലൂടെ പ്രക്ഷേപണം ചെയ്യുന്നുമുണ്ട് പുടിന്‍.

11ആം നമ്പര്‍ ജെഴ്സിയണിഞ്ഞ് സെന്‍റര്‍ ഫോര്‍വേഡ് ആയാണ് പുടിന്‍ സാധാരണ കളിക്കുക. സഹ കളിക്കാര്‍ പുടിന് ഒരുപാട് അവസരങ്ങള്‍ ഉണ്ടാക്കികൊടുക്കും. എതിര്‍ ടീമിന്‍റെ പ്രധിരോധനിരയും പുടിനായി പ്രതിരോധം കുറയ്ക്കും. അങ്ങിനെ കൂടുതല്‍ ഗോളടിച്ച്‌ കളിയിലെ താരമാകും. അതിര്‍ ടീമില്‍ അണി നിരക്കുന്നവരും ഒട്ടും മോശക്കാരാവില്ല എന്നതാണത്രേ അദ്ദേഹത്തിന്‍റെ വിജയത്തിന്‍റെ തിളക്കം കൂട്ടുന്നത്. ഇങ്ങനൊക്കെയാണ് വിദൂഷകര്‍ പാടിനടക്കുന്നതെങ്കിലും നീന്തല്‍, ഐസ് ഹോക്കി, കാര്‍ റേസിങ് തുടങ്ങി സാഹസികമായ എന്തും ഇഷ്ടപ്പെടുന്ന ആളാണ്‌ പുടിന്‍.