X

റിയല്‍ എസ്റ്റേറ്റ് പരാജയപ്പെടുത്തിയ ഗാന്ധി ഗ്രാമം ഉടമ ദേവദാസിന്‍റെ അവിശ്വസനീയ ജീവിതം

എംകെ രാമദാസ്

ഈ അടുത്തകാലത്ത് വയനാടിനെ ഞെട്ടിച്ച മൂന്നാമത്തെ ആത്മഹത്യയാണ് ഗാന്ധി ഗ്രാമം ഉടമ ഡോക്ടര്‍ ദേവദാസിന്റേത്. വയനാട് ഡിഎംഒ ശശിധരന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സംശയം ഏതാണ്ട് അസ്തമിക്കുന്നതിന് ഇടയിലാണ് ദേവദാസിന്റെ അന്ത്യം. തെരഞ്ഞെടുപ്പില്‍ സഹപ്രവര്‍ത്തകര്‍ കാലുവാരിയതില്‍ മനംനൊന്ത് ഡി സി സി സെക്രട്ടറി പി വി ജോണ്‍ ആത്മഹത്യ ചെയ്തതും വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ ഉയര്‍ത്തുകയുണ്ടായി. അതിരുവിട്ട് പറക്കുന്ന ആഗ്രഹങ്ങള്‍ക്കൊപ്പം ഉദാരവല്‍ക്കരണ കാലത്തെ സവിശേഷ സാഹചര്യം ദേവദാസിന്റെ മരണത്തിലേക്ക് വഴി തുറന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ ഭാഗമായി നടന്ന ഇടപാടുകളാണ് ദേവദാസിനെ കടക്കെണിയിലാക്കിയത്.

ഇടത്തരം കുടുംബത്തിലാണ് ദേവദാസിന്റെ ജനനം. വീട്ടിലെ മറ്റുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തനായാണ് ദേവദാസ് ജീവിത ശൈലി രൂപപ്പെടുത്തിയത്. വസ്ത്രത്തിലൂം രൂപത്തിലും ഇയാള്‍ അപൂര്‍വ്വത സൂക്ഷിച്ചു. ഒമ്പതാം തരത്തില്‍ പഠനം മുടങ്ങി. 1995-ല്‍ മലപ്പുറത്ത് നിന്നു വയനാട്ടിലേക്ക് വണ്ടി കയറി. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനായി ജീവിതം മുന്നോട്ടു കൊണ്ടു പോകാനുള്ള വാഞ്ചയില്‍ നിന്നാണ് ഗാന്ധി ഗ്രാമം എന്ന പ്രകൃതി വിഭവ ബ്രാന്‍ഡ് ഉടലെടുക്കുന്നത്. കലര്‍പ്പില്ലാത്ത കാട്ടുതേന്‍ ചെറിയ കുപ്പികളില്‍ ആക്കി വില്‍പന നടത്തിയാണ് ദേവദാസ് ജീവിതത്തിന് മധുരം നല്‍കിയത്. കാപ്പിപ്പൊടിയും ചായപ്പൊടിയും മറ്റു വയനാടന്‍ വന വിഭവങ്ങളും വില്‍പനയ്ക്ക് വച്ചു.

“പൂക്കോട് തടാക കരയിലെ ഒഴിഞ്ഞ കെട്ടിടം ഇതിനായി നല്‍കിയത് ജില്ലാ കളക്ടറായിരുന്ന വിശ്വാസ് മേത്തയാണ്. വയനാടന്‍ പ്രകൃതി വിഭവ വില്‍പനയുടെ സാധ്യതകള്‍ കളക്ടറെ ബോധ്യപ്പെടുത്തിയത് ദേവദാസ് തന്നെയായിരുന്നു. പിന്നീട് അങ്ങോട്ടാണ് വളര്‍ച്ച. പൂക്കോടിനൊപ്പം ദേവദാസും വളര്‍ന്നു“, സുഹൃത്തായ ജ്യോതിസ് കുമാര്‍ പറഞ്ഞു. വിനോദ യാത്രയ്ക്ക് എത്തിയവര്‍ പറഞ്ഞ വയനാടന്‍ തേന്‍ രുചി പടര്‍ന്ന് ഗാന്ധിഗ്രാമം എന്ന പേര് നാടാകെ നിറഞ്ഞു. പ്രകൃതി വിഭവങ്ങള്‍ ശേഖരിക്കാനും വില്‍പനയ്ക്കുമായി തൊഴിലില്ലാത്ത അനവധി ചെറുപ്പക്കാര്‍ ദേവദാസിനൊപ്പം ചേര്‍ന്നു. ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്ന നെല്ലിക്ക തേനിലിട്ട് തേന്‍ നെല്ലിക്കയെന്ന പ്രത്യേക വിഭവം തയ്യാറാക്കി കേരളമാകെ വിറ്റഴിച്ചു. വയനാട്ടിലെത്തിയാല്‍ തേന്‍ നെല്ലിക്ക നുണയാമെന്ന നിലവരെ എത്തി. വയനാട്ടില്‍ നിന്ന് എന്തുവേണമെന്ന ചോദ്യത്തിന് എല്ലാവരും നല്‍കിയ ഉത്തരം തേന്‍ നെല്ലിക്ക എന്നായി. സംസ്ഥാനത്താകെ വില്‍പന കേന്ദ്രങ്ങള്‍ തുടങ്ങി. വയനാടന്‍ ഉല്‍പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് തെരുവുകളില്‍ നിന്ന് ലഭിച്ചു. ഇന്നിപ്പോള്‍ 116 ജീവനക്കാര്‍ ഗാന്ധി ഗ്രാമം വയനാട് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. സ്വയം തൊഴില്‍ എന്ന നിലയ്ക്കും ഗാന്ധിഗ്രാമം എന്ന ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ ആളുണ്ടായി.

ജീവിതം സുഭിക്ഷമായതോടെ മുടങ്ങിയ പഠനം വീണ്ടും ആരംഭിച്ചു. ആദ്യം പത്താംതരം. ഓപ്പണ്‍ സ്ട്രീമില്‍ തുടര്‍ പഠനം. കൊളംബോ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടുന്നത് വരെ പഠനം നീണ്ടു. കൗതുകകരമാണ് ദേവദാസിന്റെ ഡോക്ടറേറ്റ് വിഷയം. കുരങ്ങുകളോട് പ്രത്യേക മമത പുലര്‍ത്തുന്ന ദേവദാസ് ഡോക്ടറേറ്റ് പഠനത്തിന് തെരഞ്ഞെടുത്തതും ഇതേ വിഷയം തന്നെ. കുരങ്ങന്‍മാരോടുള്ള സ്‌നേഹമാണ് വാനര സദ്യയെന്ന ഉദ്യമത്തിന് ദേവദാസിനെ പ്രേരിപ്പിച്ചത്. താമരശേരി ചുരത്തിലെ വാനരന്‍മാര്‍ക്ക് പതിവായി ഓണ സദ്യ ഒരുക്കിയ ദേവദാസ് ഇതിനായി വനം വകുപ്പിനോട് നീണ്ടകാലം പോരടിച്ചു.

ദുരിത ജീവിതത്തെ പൊരുതി തോല്‍പിച്ച് വിജയമാതൃക സൃഷ്ടിച്ച ദേവദാസിന്റെ തകര്‍ച്ചയുടെ കാരണങ്ങള്‍ അത്ര ദുരൂഹമല്ല. ആഗോളീകരണത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന റിയല്‍ എസ്റ്റേറ്റ് എന്ന തൊഴില്‍ മേഖലയാണ് ദേവദാസിന് വിനയായത്. പ്രകൃതി ഉല്‍പന്നങ്ങള്‍ തയ്യാറാക്കാനായി വിവിധ ഇടങ്ങളില്‍ ദേവദാസ് ഭൂമി വാങ്ങുകയോ ലീസിന് എടുക്കുകയോ ചെയ്തിരുന്നു. ഭൂമി ഇടപാടില്‍ നിരവധി പങ്കാളികളും ഉണ്ടായി. മണ്ണ് വാങ്ങി വിറ്റ് സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്തു. പ്രകൃതി വിഭവങ്ങളുടെ വില്‍പനയേക്കാള്‍ സാമ്പത്തിക ലാഭം റിയല്‍ എസ്റ്റേറ്റില്‍ നിന്നും കിട്ടിയതോടെ ദേവദാസിന്റെ കൂടുതല്‍ ശ്രദ്ധയും ആ വഴിക്കായി. വിപണിയിലെ ചലനങ്ങള്‍ ഭൂമിവിലയില്‍ പ്രതിഫലിച്ചതോടെ വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. ബിസിനസ് പങ്കാളികള്‍ക്ക് നല്‍കിയ വാക്കുകള്‍ പാലിക്കാന്‍ കഴിയാതെയായി. പലിശ കയറി ഇടപാടുകള്‍ നിലച്ചു.

“കുതിച്ചു കയറുന്ന പലിശ സൃഷ്ടിക്കുന്ന ദുരന്തം കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ പങ്കുവയ്ക്കാന്‍ ആകാത്തത് കൊണ്ട് സ്വയം സഹിച്ചു. ദേവേട്ടന്റെ പല ഇടപാടുകളും നിലച്ചിട്ടുണ്ട്. പങ്കാളികള്‍ പിണങ്ങി പോയി. ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ ഭൂമി ഇടപാട് കീഴ്‌മേല്‍ മറിച്ചു. വില്‍പനയ്ക്ക് വച്ച ആളുകള്‍ വാങ്ങാന്‍ എത്താതെയായി. ദേവേട്ടന്റെ മരണത്തിനും കാരണം ഇത് തന്നെയാകാം.” റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ജ്യോതിസ് തന്നെയാണ് ഇതും പറഞ്ഞതും.

പ്രകൃതി ഉല്‍പന്നങ്ങള്‍ വില്‍പനാ ശൃംഖല ഗാന്ധിഗ്രാമത്തിന്റെ ഉടമ ദേവദാസിന്റെ മരണം ആത്മഹത്യയെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് നഗര മധ്യത്തിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ദേവദാസിന്റെ മരണത്തില്‍ ബന്ധുക്കള്‍ സംശയം ഉന്നയിച്ചിരുന്നു. വായും ചെവിയും സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലാണ് ദേവദാസിന്റെ ജഡം കണ്ടത്. ഇതാണ് ദേവദാസിന്റെ മരണത്തില്‍ ബന്ധുക്കള്‍ സംശയം ഉന്നയിക്കാന്‍ കാരണമായത്. സംശയ ദൂരീകരണത്തിന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സാമ്പത്തിക പ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തിയത്. കോടികള്‍ കവിയുന്ന കടം ഉണ്ട് ദേവദാസിന് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് ബോധ്യമായത്. മരണത്തില്‍ ദുരൂഹത സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ടേപ്പ് പ്രയോഗമെന്നാണ് പൊലീസ് പക്ഷം.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


This post was last modified on January 16, 2016 1:04 pm