X

പ്രവാചകനോ യൂദാസോ? ചൈനയിലെ പള്ളിസ്ഥാപകന്റെ ശേഷിപ്പുകള്‍

വില്ല്യം വാന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ചൈനയിലെ ക്രിസ്ത്യന്‍ പള്ളികളെ നിയന്ത്രിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി ഉപയോഗിച്ച വൈ. ടി വുവിന്‍റെ സംഘടനനിലവില്‍ വന്നിട്ട് ആറ് പതിറ്റാണ്ടായി. ചൈനയിലെ പല ക്രിസ്ത്യാനികളും വെറുക്കുന്ന അയാളുടെ പ്രതിച്ഛായക്ക് ഒരു പുതുജീവന്‍ നല്‍കാമെന്ന പ്രതീക്ഷയില്‍ അച്ഛന്റെ ഡയറികള്‍ തിരിച്ചുകിട്ടാന്‍ സര്‍ക്കാരുമായി നിയമയുദ്ധത്തിലാണ് വുവിന്റെ മകന്‍.

വുവിന്റെ സംഘടന സൃഷ്ടിച്ച വന്‍വിള്ളലുകള്‍ ചൈനയിലെ പള്ളികളില്‍ ഇപ്പൊഴും നിലനില്ക്കുന്നു. അനുമതികൂടാതെ പൊട്ടിമുളക്കുന്ന പള്ളികളില്‍ അയാളിപ്പോഴും വില്ലനാണ്. ചൈനയിലെ ക്രിസ്ത്യന്‍ സമൂഹത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കൈകളിലേക്ക് എറിഞ്ഞുകൊടുത്ത, ആയിരക്കണക്കിന് ക്രിസ്ത്യാനികളെ സര്‍ക്കാരിന്റെ വേട്ടക്ക് ഇരയാക്കാന്‍ കൂട്ടുനിന്ന യൂദാസെന്നാണ് ചില വിശ്വാസികള്‍ അയാളെ വിളിക്കുന്നത്.

എന്നാല്‍, സര്‍ക്കാര്‍ അനുമതിയുള്ള പള്ളികളില്‍, എല്ലാ പ്രൊട്ടസ്റ്റന്‍റ് പള്ളികളുടെയും ചുമതലയുള്ള Three-Self Patriotic Movement സ്ഥാപകന്‍ എന്ന നിലയില്‍ വു ആദരിക്കപ്പെടുന്നു.

1979-ല്‍ വുവിന്റെ മരണത്തിനുശേഷം ഇന്നോളം ഈ വൈരുദ്ധ്യം നിറഞ്ഞ ഇരട്ടപ്പെരുമകള്‍ അയാളുടെ മകന്‍ വു സോങ്സുവിനെ വേട്ടയാടുകയാണ്. ഇപ്പോള്‍ ജീവിതത്തിന്റെ അന്ത്യസായാഹ്നങ്ങള്‍ ചിലവഴിക്കുന്ന 84-കാരനായ ഈ മകന്‍, തന്റെ ചെറു സമ്പാദ്യവും അവസാന നാളുകളും അച്ഛന്റെ കുറച്ചുകൂടി ഭംഗിയായ പ്രതിച്ഛായ ലഭിക്കാനായി ഉപയോഗിക്കുകയാണ്.

ഇതിലെ നിര്‍ണ്ണായകമായ കണ്ണി, അച്ഛന്റെ മരണശേഷം അന്ന് ചെറുപ്പമായിരുന്ന വൂ കമ്മ്യൂണിസ്റ്റ് പാര്‍ടിക്ക് കൈമാറിയെന്ന് പറയുന്ന 40 വാല്യങ്ങളുള്ള ഡയറികളുടെ ശേഖരമാണ്. അത് തിരിച്ചു വാങ്ങാന്‍ അയാള്‍ക്കായിട്ടില്ല.

പള്ളി ഗവേഷകര്‍ തന്‍റെ അച്ഛന്റെ ആദ്യകാല ഡയറികള്‍ പരിശോധിച്ചാല്‍ ചൈനയിലെ പള്ളികളെക്കുറിച്ച് വുവിന്റെ കാഴ്ച്ചപ്പാട് എന്തായിരുന്നു എന്നു അറിയാനാകും എന്നാണ്  വു സോങ്സു വിശ്വസിക്കുന്നത്. തങ്ങളുടെ നിക്ഷിപ്ത താത്പര്യത്തിനായി കമ്മ്യൂണിസ്റ്റ് പാര്‍ടി ആ കാഴ്ചപ്പാട് വളച്ചൊടിച്ചു എന്നും അയാള്‍ പറയുന്നു.

ഈ നിയമയുദ്ധം ഒരു അവസാനവട്ട ശ്രമമാണെന്നാണ് ഇപ്പോള്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ കഴിയുന്ന വു കരുതുന്നത്. അത് വിജയിക്കാനുള്ള സാധ്യത വളരെ കുറവാണെങ്കിലും.

“എനിക്കിനി അധികകാലമില്ല, എനിക്കുശേഷം ഈ ജോലി ചെയ്യാനും ആരുമില്ല,” വു പറഞ്ഞു. ആ കുടുബത്തിലെ അവസാനതലമുറയാണ് അയാള്‍. “ചിലരെന്‍റെ അച്ഛനെ പ്രവാചകനെന്നാണ് വിളിക്കുന്നത്; മറ്റ് ചിലര്‍ വഞ്ചകനെന്നും. പക്ഷേ സത്യം അദ്ദേഹമൊരു മനുഷ്യനായിരുന്നു എന്നാണ്, വളരെ സങ്കീര്‍ണ്ണമായ ഒന്ന്.”

അച്ഛന്‍ Three Self Patriotic Association 1950-കളില്‍ തുടങ്ങുമ്പോള്‍ വു തന്‍റെ 20കളിലായിരുന്നു. ചൈനയിലെ കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ അധികാരം പൂര്‍ണമായും പിടിച്ചെടുത്ത്, വിദേശ മതപ്രചാരകരെ പുറത്താക്കി, ഒരു നിരീശ്വരവാദി സര്‍ക്കാര്‍ സ്ഥാപിച്ചുകഴിഞ്ഞിരുന്നു.

അന്നത്തെ പ്രധാനമന്ത്രി ചൊ എന്‍ ലായിയുടെ വ്യക്തിപരമായ പ്രേരണയിലും പാര്‍ടി ചെയര്‍മാന്‍ മാവോയുമായുള്ള കൂടിക്കാഴ്ച്ചക്കും ശേഷം വിദേശ സ്വാധീനമില്ലാത്ത, കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് വിധേയമായ ഒരു ദേശീയ സഭ സ്ഥാപിക്കാന്‍ വു യാവോസോങ് തയ്യാറായി.

സ്വാശ്രയ ഭരണം, സ്വാശ്രിതത്വം,സുവിശേഷ സ്വയം പ്രചരണം എന്നീ മൂന്നു തത്വങ്ങളില്‍ അടിസ്ഥാനമാക്കിയാണ് പ്രസ്ഥാനം രൂപം കൊണ്ടത്. അങ്ങനെയാണ് ‘Three Self’ എന്ന പേര് വന്നതും.

സംഘടനയുടെ മേധാവിത്തം അംഗീകരിച്ച സഭകളെ പ്രവര്‍ത്തനം തുടരാന്‍ അനുവദിച്ചു. വഴങ്ങാത്തവരെ രാജ്യത്തിന്റെ ശത്രുക്കളായി പ്രഖ്യാപിച്ചു. തുടര്‍ന്നുള്ള നാളുകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ തടവിലായി എന്നാണ് സഭ ചരിത്രകാരന്മാരും വിശ്വാസികളും പറയുന്നത്. സഭകളും വൈദികരും പരസ്പരം ഒറ്റുകൊടുക്കാന്‍ പ്രേരിപ്പിക്കപ്പെട്ടു.

1960-കള്‍ക്കൊടുവില്‍ സാംസ്കാരിക വിപ്ലവനാളുകളില്‍ അനുമതി ലഭിക്കല്‍ തീര്‍ത്തും ഇല്ലാതായി. ചൈനയില്‍ എല്ലാ മതങ്ങളും നിരോധിക്കപ്പെട്ടു. മുമ്പ് ഭരണകൂട പിന്തുണ ലഭിച്ചിരുന്ന സഭാനേതാക്കള്‍ വരെ തൊഴില്‍ പാളയങ്ങളിലേക്ക് അയക്കപ്പെട്ടു. വൈ. ടി വുവും അതിലുണ്ടായിരുന്നു.

പക്ഷേ ആ അടിച്ചമര്‍ത്തല്‍ ഒരു അനധികൃതമായ, രഹസ്യ സഭാ മുന്നേറ്റത്തിന് വിത്ത് പാകി. 1979-ല്‍ സഭകള്‍ക്ക് വീണ്ടും പ്രവര്‍ത്തനാനുമതി ലഭിച്ചപ്പോള്‍ അതിന്റെ വളര്‍ച്ച Three Self മുന്നേറ്റത്തെ കവച്ചുവെക്കുന്നതായിരുന്നു. അന്നുതൊട്ടു ചൈനയിലെ  ഔദ്യോഗിക, അനധികൃത പള്ളികള്‍ തമ്മില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്നു.

സര്‍ക്കാര്‍ കണക്കനുസരിച്ച് 2010-ല്‍ ചൈനയിലെ പ്രൊട്ടസ്റ്റന്‍റുകാരുടെ എണ്ണം 23 ദശലക്ഷമാണ്. എന്നാല്‍ രഹസ്യ സഭകളില്‍ മറ്റൊരു 35 ദശലക്ഷം കൂടിയുണ്ടെന്ന് പുറത്തുനിന്നുള്ള നിരീക്ഷകര്‍ പറയുന്നു.

രഹസ്യ സഭകളില്‍പ്പെട്ട പലരും, പല പ്രവാസി ചൈനീസ് ക്രിസ്ത്യാനികളും, ഒരു സര്‍ക്കാര്‍ സഭ സ്ഥാപിച്ച വുവിന്റെ അച്ഛന്റെ ഉദ്ദേശ ശുദ്ധിയെത്തന്നെ ചോദ്യം ചെയ്യുന്നു. അയാള്‍ ദൈവവിശ്വാസിയായിരുന്നോ എന്നതില്‍വരെ അവര്‍ക്ക് സംശയമുണ്ട്.

തന്‍റെ പിതാവിന്നു പിഴവ് പറ്റിയിരിക്കാമെങ്കിലും, കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനും ക്രിസ്തുമതത്തിനും വിധേയമാകാതെതന്നെ ഒത്തുപോകാമെന്ന, ആദര്‍ശവാദം പിന്തുടര്‍ന്ന ആളായിരുന്നു അദ്ദേഹമെന്ന് വു വാദിക്കുന്നു.

കമ്മ്യൂണിസ്റ്റ് വിപ്ലവകാലത്ത് പാര്‍ടി നേതാക്കള്‍ ക്രിസ്തുമതത്തിന്റെ അതേ ആദര്‍ശങ്ങള്‍ പ്രസംഗിച്ചിരുന്നു എന്നു വു ചൂണ്ടിക്കാട്ടുന്നു- സമത്വം, ജനകീയാവകാശങ്ങള്‍, മൂല്യങ്ങള്‍. “കമ്മ്യൂണിസത്തെയും ക്രിസ്തുമതത്തെയും ഒരേ സത്യത്തിന്റെ രണ്ടുവശങ്ങളായാണ് എന്റെ അച്ഛന്‍ കണ്ടത്-ഒരു മെച്ചപ്പെട്ട സമൂഹമെന്ന ഒരേ ലക്ഷ്യം പിന്തുടര്‍ന്നവര്‍.”

ടിയാനന്മെന്‍ ചത്വരത്തില്‍ ചൈനാ പട്ടാളം സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തതോടെ തനിക്ക് കമ്മ്യൂണിസത്തില്‍ മോഹഭംഗം വന്നെന്ന് വു പറയുന്നു. ആ സമയത്ത് സാന്‍ഫ്രാന്‍സിസ്കോവിലെ ഒരു സര്‍വ്വകലാശാലയില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന വു, പിന്നീട് അവിടെത്തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

“കമ്മ്യൂണിസവും ക്രിസ്തുമതവും തീയും വെള്ളവും പോലെയാണെന്ന് ഞാന്‍ അപ്പോള്‍ തിരിച്ചറിഞ്ഞു. ക്രിസ്തുമതം സ്നേഹത്തിലാണൂന്നുന്നത്. കമ്മ്യൂണിസമാകട്ടെ വര്‍ഗ്ഗങ്ങളുടെ ജീവിത, മരണ പോരാട്ടത്തിലും.”

Three Self സംഘത്തിന്റെ 60-ആം പിറന്നാള്‍ അടുത്തുവരുന്നതോടെ ചെറു കൂടിച്ചേരലുകളില്‍ തന്‍റെ അച്ഛന്റെ സ്വീകാര്യമായ ഒരു വശം അവതരിപ്പിക്കുകയാണ് വു.

ബെസ്റ്റ് ഓഫ് അഴിമുഖം 

ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ ഒരു ഹിമാലയന്‍ രഹസ്യം
ബോ ക്‌സിലായി : പോളിറ്റ് ബ്യൂറോ അംഗത്തെ വിചാരണ ചെയ്യുമ്പോള്‍
ബോ ക്സിലായ് ഏറെ സുഹൃത്തുക്കളെ സൃഷ്ടിച്ചു; ശത്രുക്കളേയും
മുന്‍ പി ബി അംഗത്തിനെതിരെ അഴിമതി അന്വേഷണം (ചൈനയിലാണ്)
ഉയ്ഗുര്‍ വേട്ട: ന്യൂനപക്ഷാവകാശങ്ങള്‍ ചൈനയുടെ കണ്ണില്‍

ചൈനയില്‍ നിന്നും തന്‍റെ അച്ഛന്റെ പ്രഭാഷണങ്ങളും എഴുത്തുകളും ശേഖരിക്കാന്‍ ഒരു ഹോങ്കോംഗ് പ്രൊഫസര്‍ക്ക് ഒരു ലക്ഷം ഡോളര്‍, തന്റെയും ഭാര്യയുടെയും സമ്പാദ്യം നല്‍കിയെന്ന് വു പറഞ്ഞു. ഈ വര്‍ഷം തിരഞ്ഞെടുത്ത കൃതികള്‍ പ്രസിദ്ധീകരിക്കാമെന്നാണ് പ്രതീക്ഷ.

പിതാവിന്റെ വിശ്വാസത്തെയും പ്രവര്‍ത്തികളെയും കുറിച്ച് 60 പുറം വരുന്ന ഒരു പ്രബന്ധവും അദ്ദേഹം എഴുതി. അത്ഭുതപ്പെടുത്തുംവിധം വസ്തുനിഷ്ഠവും വിമര്‍ശനാത്മകവുമായിരുന്നു അത്. പക്ഷേ തലക്കെട്ടില്‍ മകന്റെ സ്നേഹം നിറഞ്ഞുനിന്നു,“വീണപൂവ്, നിര്‍ദയ ജലം”. പൂവ് അയാളുടെ പിതാവാണ്, ജലം പാര്‍ടിയും.

പക്ഷേ ഡയറിക്കുറിപ്പുകള്‍ മാത്രമേ പൂര്‍ണ വെളിച്ചം തരൂ എന്നു വു കരുതുന്നു. ചൈനയുടെ സഭാ ചരിത്രത്തിലേക്ക് വെളിച്ചം വീശാന്‍ കൂടി ഇത് സഹായിക്കും എന്നു ഗവേഷകര്‍ പറയുന്നു. എന്നാല്‍ നിരവധി വര്‍ഷങ്ങളായുള്ള അപേക്ഷകള്‍ക്ക് ഫലമൊന്നുമുണ്ടായിട്ടില്ല. Three Self നേതാക്കളില്‍നിന്നും ആകെ ലഭിച്ച ഒരു മറുപടി, വുവിന്റെ അച്ഛന്‍ ഒരു ചരിത്രപുരുഷനാകയാല്‍ ഡയറികളിപ്പോള്‍ ഒരു സര്‍ക്കാര്‍ സ്വത്താണെന്നാണ്.

ഈ പരിശ്രമത്തിന് ചൈനയിലെ ക്രിസ്ത്യാനികളില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിലരിപ്പോഴും വുവിനെ വഞ്ചകനായി കാണുമ്പോള്‍ മറ്റ് ചിലര്‍ കരുതുന്നത് ഒരു ദുരന്തനായകനായി ചിത്രീകരിക്കാനുള്ള ശ്രമം അതിരുകവിഞ്ഞ ഒന്നാണെന്നാണ്. എങ്കിലും സത്യം ഇരുവശത്തുമുണ്ടെന്ന് പലരും സമ്മതിക്കുന്നു.

രഹസ്യ സഭകളുടെ നിലപാടും അയയുന്നുണ്ട്. കഴിഞ്ഞ ദശാബ്ദങ്ങളിലെപ്പോലെ പീഡനം നേരിടേണ്ടിവന്നിട്ടില്ലാത്ത സഭാനേതാക്കളുടെ തലമുറ വന്നതോടെയാണിത് എന്നാണ് ബീജിങ്ങിലെ ഇത്തരമൊരു പള്ളിയിലെ വൈദികന്‍ പറഞ്ഞത്. “സഭ തന്നെ മാറിക്കൊണ്ടിരിക്കുമ്പോള്‍ അഭിപ്രായങ്ങളും മാറുന്നു.”

This post was last modified on September 12, 2014 10:12 am