X

യാഹു ഇനി അല്‍ത്തബ; സിഇഒ മരിസ്സ മേയര്‍ പടിയിറങ്ങി

പുതിയ ചെയര്‍മാനായി എറിക് ബ്രാന്‍ഡിറ്റ് ജനുവരി ഒമ്പതിന് ചുമതലയേല്‍ക്കും

ഇന്റര്‍നെറ്റ് ലോകത്ത് ഒരു കാലത്തെ അധികായരായിരുന്ന യാഹു പേര് മാറ്റത്തിന് ഒരുങ്ങുന്നു. യാഹൂ ഐഎന്‍സി എന്ന പേര് ഇനിമുതല്‍ അല്‍ത്തബ ഐഎന്‍സി എന്നറിയപ്പെടുമെന്ന് കമ്പനി അധികൃതര്‍ തന്നെയാണ് അറിയിച്ചത്.

കൂടാതെ വെരിസോണ്‍ കമ്മ്യൂണിക്കേഷന്‍സുമായുള്ള കരാര്‍ അവസാനിച്ച സാഹചര്യത്തില്‍ സിഇഒ മരിസ്സ മേയര്‍ സ്ഥാനമൊഴിഞ്ഞതായും കമ്പനി അറിയിച്ചു. ഡിജിറ്റല്‍ പരസ്യങ്ങള്‍, ഇമെയില്‍, മാധ്യമ ആസ്തികള്‍ എന്നിവ വില്‍ക്കുന്നതിനായി യാഹൂവിന് വെരിസോണുമായി 4.83 ദശലക്ഷം ഡോളറിന്റെ കരാര്‍ ആണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം 500 ദശലക്ഷം ഉപഭോക്താക്കളുടെ അക്കൗണ്ടുകളും പത്ത് ലക്ഷം ഉപഭോക്താക്കളുടെ അക്കൗണ്ടുകളും ഉള്‍പ്പെടുന്ന രണ്ട് ഗുരുതരമായ ഡാറ്റാ ചോര്‍ച്ചയുണ്ടായെങ്കിലും വെരിസോണ്‍ യാഹൂവുമായുള്ള കരാര്‍ പുതുക്കുകയായിരുന്നു.

ഇപ്പോഴും യാഹൂവുമായുള്ള ബന്ധം ശക്തമാണെന്നും അവര്‍ ഇപ്പോഴും ഡാറ്റാ ചോര്‍ച്ചയെക്കുറിച്ച് അന്വേഷിക്കുകയാണെന്നുമാണ് വെരിസോണ്‍ അധികൃതര്‍ പറയുന്നത്. കരാര്‍ അവസാനിക്കുന്നതോടെ അഞ്ച് യാഹൂ ഡയറക്ടര്‍മാര്‍ കൂടി രാജിവയ്ക്കും. ബാക്കിയാകുന്ന ഡയറക്ടര്‍മാര്‍ അല്‍ത്തബയിലും തുടരും.

ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ അലിബാബ ഗ്രൂപ്പില്‍ 15 ശതമാനം ഓഹരിയുള്ള അല്‍ത്തബയ്ക്ക് ജപ്പാന്‍ കമ്പനിയായ യാഹൂവില്‍ 35.5 ശതമാനം ഓഹരിയാണ് ഉള്ളത്. എറിക് ബ്രാന്‍ഡിറ്റിനെയാണ് പുതിയ കമ്പനി ചെയര്‍മാനായി നിശ്ചയിച്ചിരിക്കുന്നത്. ജനുവരി ഒമ്പതിന് ഇദ്ദേഹം ചുമതലയേല്‍ക്കും.

Leave a Comment