X

സാമ്പത്തിക തകര്‍ച്ച: യുപിഎ സര്‍ക്കാരിനെ കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ നോക്കരുതെന്ന് യശ്വന്ത് സിന്‍ഹ

നമുക്ക് പരിഹാരം കാണാനുള്ള സമയം ആവശ്യം പോലെ കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല - യശ്വന്ത് സിന്‍ഹ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ മോദി സര്‍ക്കാരിന് സമയം ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ യുപിഎ സര്‍ക്കാരിനെ കുറ്റപ്പെടുത്തി കൈ കഴുകാന്‍ നോക്കരുതെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ദ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയേയും മോദി സര്‍ക്കാരിനേയും യശ്വന്ത് സിന്‍ഹ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ വീണ്ടും അദ്ദേഹം വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് യശ്വന്ത് സിന്‍ഹ ഇക്കാര്യം പറഞ്ഞത്. നമുക്ക് പരിഹാരം കാണാനുള്ള സമയം ആവശ്യം പോലെ കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല – യശ്വന്ത് സിന്‍ഹ പറഞ്ഞു.

2014ന് മുമ്പ് താന്‍ പാര്‍ട്ടി വക്താവായിരുന്ന സമയത്ത് യുപിഎ സര്‍ക്കാരിന്റെ ഭരണത്തില്‍ നയപരമായ മരവിപ്പാണെന്ന് തങ്ങള്‍ പറഞ്ഞിരുന്നതായി യശ്വന്ത് സിന്‍ഹ ചൂണ്ടിക്കാട്ടി. നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയെ കൂടുതല്‍ മോശപ്പെട്ട നിലയിലെത്തിച്ചതായും യശ്വന്ത് സിന്‍ഹ പറഞ്ഞിരുന്നു. സാമ്പത്തികനിലയെക്കുറിച്ച് യശ്വന്ത് സിന്‍ഹ പറയുന്നത് വാസ്തവമാണെന്ന് പറഞ്ഞ് മുന്‍ കേന്ദ്ര ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരവും രംഗത്തെത്തി. 2019ലെ തിരഞ്ഞെടുപ്പിന് മുമ്പായി സാമ്പത്തികനില മെച്ചപ്പെട്ട അവസ്ഥയിലെത്തിക്കാന്‍ കഴിയുകയാണെങ്കില്‍ അത് അദ്ഭുതമായിരിക്കും. സാമ്പത്തിക തകര്‍ച്ചയുടെ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടു. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കും ഈ അവസ്ഥയില്‍ തുല്യ ഉത്തരവാദിത്തമുണ്ട്. – ചിദംബരം പറഞ്ഞു. ഇന്നലെ വിമാനത്തിന്റെ ചിറകുകള്‍ പോയതായി പൈലറ്റ് പറയുന്നു. എല്ലാവരും സീറ്റ് ബെല്‍ട്ട് മുറുക്കിയിരുന്നോളൂ എന്ന പരിഹാസ ട്വീറ്റുമായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത് യശ്വന്ത് സിന്‍ഹയുടെ വിമര്‍ശനം ചൂണ്ടിക്കാട്ടിയിരുന്നു.

This post was last modified on September 28, 2017 4:34 pm