X

യെമന്‍; അധിനിവേശകരുടെ ശവപ്പറമ്പ്

ഗ്ലെന്‍ കാരി, മൊഹമ്മദ് ഹാതേം
(ബ്ലൂംബര്ഗ്‌ ന്യൂസ്)

യെമന്‍ അതിര്‍ത്തിയിലെ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നാല്‍ സൗദി സൈനികര്‍ക്ക് തങ്ങളുടെ ഷിയ വിമത ശത്രുക്കള്‍ നിയന്ത്രണം കയ്യാളുന്ന വലിയ ഭൂപ്രദേശം കാണാം. ആഴമുള്ള മലയിടുക്കുകളും വരണ്ട നദീതടങ്ങളും; ഒരു പതിയിരുന്നുള്ള ആക്രമണത്തിന് അനുയോജ്യം. 

‘ഇത് മുന്‍നിരയാണ്,’ അതിര്‍ത്തി സേനയിലെ ലെഫ്റ്റനന്റ് കേണല്‍ ഹമീദ് അലാഹ്മരി അല്‍മുഷാറെക് അതിര്‍ത്തി കാവല്‍ കേന്ദ്രത്തില്‍ നിന്നു പറഞ്ഞു. പച്ച മണല്‍ച്ചാക്കുകള്‍ക്ക് പിറകില്‍ യു.എസ് നിര്‍മിത യന്ത്ര തോക്കുകളുമായി പട്ടാളക്കാര്‍ കാവലിരിക്കുന്നു. 

ഇറാന്റെ ആയുധങ്ങളെന്ന് സൗദി ആരോപിക്കുന്ന ഹൂതി പോരാളികളെ നേരിടാന്‍ കരസേനയെ അതിര്‍ത്തി കടത്തി അയക്കാനുള്ള സാധ്യതയും സൗദി അറേബ്യ തള്ളിക്കളയുന്നില്ല. വ്യോമാക്രമണം ഇതിനകം തന്നെ നടത്തിക്കഴിഞ്ഞു. എന്നാല്‍ വ്യോമാക്രമണം കൊണ്ട് മാത്രം സൗദിക്ക് ലക്ഷ്യം നേടാനാകില്ല. കരയാക്രമണമാകട്ടെ, വിദേശ സൈന്യങ്ങള്‍ പതറിപ്പോയ ഒരു രാജ്യത്ത് അത്ര ആശാസ്യവുമല്ല. ജയിക്കാനാവാത്ത യുദ്ധത്തിലേക്ക് അത് സൗദിയെ വലിച്ചിട്ടേക്കുമെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

സൗദി അറേബ്യയുടെ സായുധ സേനക്ക് മികച്ച പരിശീലനവും നൂതന ആയുധങ്ങളുമുണ്ടെങ്കിലും ഒരു യഥാര്‍ത്ഥ യുദ്ധത്തില്‍ അവര്‍ക്കുള്ള ഏകപരിചയം 1991ലെ ഗള്‍ഫ് യുദ്ധത്തില്‍ മാത്രമാണെന്ന് 2003ലെ ഇറാക്ക് യുദ്ധത്തില്‍ യു.എസ് മേജര്‍ ജനറലായിരുന്ന ബുഫോദ് ബ്ലൗന്റ് പറയുന്നു. 1997മുതല്‍ 2001 വരെ സൗദി സൈന്യത്തിന്റെ ആധുനികവത്കരണ പരിപാടിയുടെ മേല്‍നോട്ടവും ബ്ലൗന്റിനായിരുന്നു. 

മറുവശത്ത് ഹൂതികളാകട്ടെ യെമന്റെ സേനക്കെതിരെ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പോരാടുകയാണ്. വടക്കന്‍ യെമനിലെ ശക്തി കേന്ദ്രത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം മുന്നേറിയ അവര്‍ പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദിയെ തലസ്ഥാനമായ സനായില്‍ നിന്നും, അയാളുടെ അവസാന ശക്തികേന്ദ്രമായ തെക്കന്‍ തുറമുഖം ഏദനില്‍ നിന്നും തുരത്തി. 

വിമതര്‍ സൗദിയുമായി ഇതിന് മുമ്പും ഏറ്റുമുട്ടിയിട്ടുണ്ട്. 2009 അവസാനമുണ്ടായ ചില അതിര്‍ത്തി സംഘര്‍ഷങ്ങളില്‍ 100 സൈനികരെ വധിക്കുകയും ചെയ്തു. 

ലോകത്തെ ഏറ്റവും വലിയ എണ്ണ വിതരണക്കാരനെയും പശ്ചിമേഷ്യയിലെ ഏറ്റവും ദരിദ്ര രാജ്യത്തെയും വേര്‍തിരിക്കുന്ന അതിര്‍ത്തിക്ക് 1,770 കിലോമീറ്റര്‍ നീളമുണ്ട്; മലകളും വരണ്ട താഴ്‌വരകളും. സൗദി അതിര്‍ത്തിക്കുള്ളില്‍ സേനാനീക്കം സുഗമമാക്കാന്‍ മലയരികിലേക്ക് മണ്‍പാതകള്‍ വെട്ടിയിട്ടിട്ടുണ്ട്. 

യെമനില്‍ സൗദി വ്യോമാക്രമണം തുടങ്ങിയതിന് ശേഷം ഹൂതികള്‍ സൗദി അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളില്‍ 6 സൈനികര്‍ കൊല്ലപ്പെട്ടു. യെമനിലെ മറ്റ് ചില ഗോത്രങ്ങള്‍ സൗദിയുടെ സൈനിക ഇടപെടലിനെ സ്വാഗതം ചെയ്‌തെങ്കിലും ഹൂതി ഭൂരിപക്ഷ പ്രദേശങ്ങളില്‍ അതിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. 

‘ഞങ്ങള്‍ എന്തിനും സജ്ജരാണ്,’ അല്‍മുഷാരെക് അതിര്‍ത്തി കേന്ദ്രത്തിലെ ശീതീകരിച്ച മുറിയില്‍, അപ്പുറത്ത് സൈനികര്‍ ചായ കുടിക്കുന്നതിനിടയില്‍ ജനറല്‍ നാസര്‍ അല്‍മുതൈരി പറഞ്ഞു.

വ്യോമാക്രമണത്തില്‍ 9 സുന്നി രാഷ്ട്രങ്ങള്‍ സൗദിയോടൊപ്പം ചേര്‍ന്നെങ്കിലും അതിലെത്രയെണ്ണം കരയാക്രമണത്തില്‍ കൂടെ നില്‍ക്കും എന്നത് വ്യക്തമല്ല. തുടക്കത്തില്‍ പാകിസ്ഥാന്‍ സന്നദ്ധത സൂചിപ്പിച്ചിരുന്നെങ്കിലും പിന്നീട് അംഗീകരിച്ച ഒരു പാര്‍ലമെന്റ് പ്രമേയം സൗദിയുടെ ‘ഭൂപ്രദേശ ഭദ്രത’യ്ക്ക് മാത്രമാണു പിന്തുണ അറിയിച്ചത്.

ഈജിപ്തിന്റെ വാഗ്ദാനവും യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയില്ല. സിനായ് ഉപദ്വീപില്‍ സുന്നി കലാപത്തിനെതിരെ നീക്കം നടത്തുകയാണ് ഈജിപ്ത് സൈന്യം. യെമനില്‍ യുദ്ധം ചെയ്തു തോറ്റ ഓര്‍മകളും അവര്‍ക്കുണ്ട്. 

സൗദി അറേബ്യയും ബ്രിട്ടനും പിന്തുണച്ചിരുന്ന രാജാവാഴ്ച്ച പക്ഷക്കാര്‍ക്കെതിരെ ഒരു വിപ്ലവത്തിന് യെമനിലെ റിപ്പബ്ലിക്കന്‍ വാദികളെ പ്രസിഡന്റ് ഗമാം അബ്ദുല്‍ നാസര്‍ പിന്തുണച്ചു. 1962ല്‍ ഏതാനും ആയിരങ്ങള്‍ വരുന്ന ഒരു ദ്രുതസേനയെ അവിടേക്കയക്കുകയും ചെയ്തു. പക്ഷേ 1965ലെ വേനല്‍ക്കാലമെത്തിയപ്പോഴേക്കും യെമനില്‍ 70,000 ഈജിപ്ത് സൈനികരുണ്ടായിരുന്നു. 

‘ഈജിപ്തിനെ സംബന്ധിച്ചു ഈ യുദ്ധം ജീവന്‍, പണം, സ്വാധീനം അങ്ങനെ എല്ലാ അര്‍ത്ഥത്തിലും ഇസ്രയേലുമായുള്ള യുദ്ധങ്ങളെക്കാള്‍ ചെലവുള്ളതാകും’, ‘Nasser’s Gamble’ എന്ന പുസ്തകത്തില്‍ ജെസ്സെ ഫെറിസ് എഴുതി. 

1967ല്‍ യെമനില്‍ നിന്നും പിന്‍വാങ്ങുമ്പോഴേക്കും 26,000 ഈജിപ്ത് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു(Kenneth Pollock,’Arabs at War: Military Effectiveness 1948-1991).

വിപ്ലവത്തിന് ഒരു ദിവസത്തിന് ശേഷം 16കാരനായ പോരാളിയായി ചേര്‍ന്ന ഓര്‍മ)യുണ്ട് 1946ല്‍ ജനിച്ച ഹതേം അലി അബുവിന്. ഈജിപ്ത് സൈന്യം വക ഒരാഴ്ച്ച പരിശീലനം. പിന്നെ ഇപ്പോള്‍ ഹൂതി ശക്തികേന്ദ്രമായ വടക്ക് പ്രവിശ്യയായ സാദയില്‍ കനത്ത പോരാട്ടം. 

ഈജിപ്തുകാരുടെ സംസ്‌കാരം നിറഞ്ഞ രീതികളും വിദ്യാലയങ്ങള്‍ പണിയാന്‍ സഹായിച്ചിട്ടും മികച്ച ഉദ്യോഗസ്ഥരെയും പണ്ഡിതരേയും ഒക്കെ വളര്‍ത്തിയിട്ടും അവര്‍ക്ക് വിജയിക്കാന്‍, പ്രത്യേകിച്ചും രാജ്യത്തിന്റെ വടക്കന്‍ ഭാഗത്ത്, ആയിട്ടില്ലെന്ന് ഹതേം പറയുന്നു.

നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ വിദേശശക്തികളുടെ തോല്‍വികളുടെ ചതുപ്പായിരുന്നു യെമന്‍. അക്കാലത്ത് മേഖലയിലെ ശക്തിയായ ഒട്ടോമന്‍ തുര്‍ക്കുകള്‍ തങ്ങളുടെ അധികാരം അടിച്ചേല്‍പ്പിക്കാന്‍ അയച്ച നിരവധി സൈനിക മുന്നേറ്റങ്ങളെ ചെറുത്തുനിന്ന് തുരത്തിയ ചരിത്രമാണ് യെമനിലെ ഗോത്രങ്ങളുടേത്. 

ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് സൗദി അറേബ്യയുടെ വ്യോമാക്രമണം തുടങ്ങിയതിന് ശേഷം 1,20,000 പേരെങ്കിലും ഭവനരഹിതരായിട്ടുണ്ട്. രാജ്യത്തെ ഏക ദ്രവീകൃത പ്രകൃതിവാതക സംസ്‌കരണ ശാല പ്രവര്‍ത്തനം നിലച്ചു. യു.എന്‍ ഭക്ഷ്യ സംഘടന പറയുന്നത് ദശലക്ഷക്കണക്കിനാളുകള്‍ കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നു എന്നാണ്. 

എന്നാല്‍ കഴിഞ്ഞ കാലങ്ങളിലൊക്കെ അധിനിവേശക്കരെ ചെറുക്കാന്‍ വലിയ പോരാട്ടങ്ങളും ത്യാഗങ്ങളും നടത്തിയ യെമനികളെ പിന്തിരിപ്പിക്കാന്‍ ഇതിനൊന്നുമാകില്ല എന്നാണ് യെമന്‍ വിദഗ്ധന്‍ കൂടിയായ നരവംശശാസ്ത്രജ്ഞന്‍ ഗബ്രിയേല്‍ വോം ബ്രക് പറയുന്നത്. ‘വിദേശ ഇടപെടലിനെ അവര്‍ ശരിക്കും വെറുക്കുന്നു.’

 

This post was last modified on April 25, 2015 7:52 am