X

യുദ്ധം കഴിഞ്ഞ്; സച്ചിദാനന്ദന്റെ കവിത വീണ്ടും വായിക്കുമ്പോള്‍

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ പാട്ടാളം പാക് തീവ്രവാദ കേന്ദ്രങ്ങള്‍ ആക്രമിച്ചതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഇന്ത്യ പാക് അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങള്‍ ഭീതിയുടെ നിഴലിലാണ്. ഒരു യുദ്ധം ആസന്നമാണെന്ന പേടിയില്‍ ജനങ്ങള്‍ വീടൊഴിഞ്ഞു പോകുന്നതും ഒഴിപ്പിക്കുന്നതും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പാകിസ്ഥാന്‍ തിരിച്ചടിക്കുമോ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു യുദ്ധം ഉണ്ടാകുമോ ആണവായുധങ്ങള്‍ പ്രയോഗിക്കുമോ എന്നെല്ലാമുള്ള ആശങ്കയിലാണ് സാധാരണ ജനങ്ങള്‍. എന്നാല്‍ ഇന്ത്യന്‍ പട്ടാളത്തിന്റെ നീക്കങ്ങളെ അനുമോദിച്ചും പ്രോത്സാഹിപ്പിച്ചുമൊക്കെ ആവേശം കൊള്ളുകയാണ് നവ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമൊക്കെ ഒരു വിഭാഗം ആളുകള്‍.

ഈ തലമുറ മാത്രമല്ല വരാനിരിക്കുന്ന തലമുറകള്‍ക്ക് പോലും ജീവിക്കാന്‍ കഴിയാത്ത രീതിയില്‍ ഉഗ്രപ്രഹര ശേഷിയുള്ള ആയുധങ്ങള്‍ ഓരോ രാജ്യവും സംഭരിച്ചു വെക്കുന്ന വര്‍ത്തമാന കാലത്ത് ഏതു രാജ്യങ്ങള്‍ തമ്മിലായാലും ഒരു യുദ്ധമുണ്ടാവുക എന്നത് കനത്ത നാശനഷ്ടങ്ങള്‍ക്ക് വഴിവെക്കും. നിരവധി പേര്‍ക്ക് ജീവഹാനി സംഭവിക്കും. ഒരു രാജ്യം തന്നെ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ സാദ്ധ്യമാല്ലാത്ത വിധം തകര്‍ച്ചയിലേക്ക് വീണുപോകും.  ചിലപ്പോള്‍ മാനവരാശിയെ ആകെ തന്നെ അപകടപ്പെടുത്തിയേക്കാം. 

നമ്മുടെ പുരാണങ്ങളില്‍ നിരവധി യുദ്ധവര്‍ണനകളുണ്ട്. യുദ്ധം ചെയ്തു രാജ്യം വെട്ടിപ്പിടിച്ച നാട്ടുരാജാക്കന്മാരുടെ കഥകളുണ്ട്. ഹിരോഷിമയും നാഗസാക്കിയും എക്കാലത്തും നമ്മുടെ ഉറക്കം കെടുത്തിക്കൊണ്ട് മുന്നിലുണ്ട്. യുദ്ധം അനാഥരാക്കിയ, അഭയാര്‍ത്ഥികളാക്കിയ നിരവധി ജീവിതങ്ങള്‍ വാര്‍ത്തകളിലൂടെ നമ്മുടെ മുന്നിലെത്തുന്നുണ്ട്. എന്നിട്ടും ആസന്നമായ ഒരു യുദ്ധത്തെ സ്വാഗതം ചെയ്യാന്‍ പാകപ്പെട്ടിരിക്കുന്നു ജനമനസ്സ്.

പ്രശസ്ത കവി സച്ചിദാനന്ദന്‍ ഫൈസ് ബുക്ക് പേജില്‍ പോസ്റ്റ്‌ ചെയ്ത  ‘യുദ്ധം കഴിഞ്ഞ്’ എന്ന കവിത പ്രസക്തമാകുന്നത് അവിടെയാണ്. കാര്‍ഗില്‍ യുദ്ധത്തിനു ശേഷമാണ് സച്ചിദാനന്ദന്‍ ഈ കവിത എഴുതിയത്.

യുദ്ധം കഴിഞ്ഞ് ശവങ്ങളുടെ കണക്കെടുപ്പു തുടങ്ങിയപ്പോള്‍
കൌരവരും പാണ്ഡവരും

ഒന്നിച്ചു തലയില്‍ കൈവച്ചു.

‘എന്തിനായിരുന്നു യുദ്ധം?’

പാണ്ഡവര്‍ ചോദിച്ചു

‘എങ്ങനെയായിരുന്നു മരണം?’

കൌരവര്‍ ചോദിച്ചു.

‘ആരാണീ കടുംകൈ ചെയ്തത്?’

പാണ്ഡവര്‍ തിരക്കി.

‘ആരാണീ കടുംകൈ ചെയ്യിച്ചത്?’

കൌരവര്‍ തിരക്കി.

‘നാം ഒരേ കുടുംബക്കാരല്ലേ?’

പാണ്ഡവര്‍ അദ്ഭുതം കൂറി.

‘നാം നല്ല അയല്‍ക്കാരല്ലേ?’

കൌരവര്‍ അദ്ഭുതം കൂറി.

‘നമ്മുടെ പുഴകള്‍ ഒന്നുതന്നെ’

പാണ്ഡവര്‍ പറഞ്ഞു.

‘നമ്മുടെ ഭാഷകള്‍ ഒന്നുതന്നെ’

കൌരവര്‍ പറഞ്ഞു.

‘ഞങ്ങളുടെ വീട് അക്കരെയായിരുന്നു’

പാണ്ഡവര്‍ ഓര്‍മ്മിച്ചു.

‘ഞങ്ങളുടെ വീട് അക്കരെയായിരുന്നു’

കൌരവര്‍ ഓര്‍മ്മിച്ചു.

‘ഒരേ ഭൂമി ഒരേ ആകാശം

ഒരേ വെള്ളം ഒരേ ആഹാരം’

പാണ്ഡവര്‍ പാടി

‘ഒരേ വൃക്ഷം ഒരേ രക്തം

ഒരേ ദുഃഖം ഒരേ സ്വപ്നം’

കൌരവര്‍ ഏറ്റുപാടി.

എന്നിട്ട് അവര്‍ തോക്കുകള്‍ തുടച്ചു വെടിപ്പാക്കി

വീണ്ടും പരസ്പരം വെടിവെച്ചുതുടങ്ങി. 

 

This post was last modified on September 30, 2016 3:17 pm