X

ചരിത്രത്തില്‍ ഇന്ന്: ചൗന്‍ എന്‍ലായുടെ മരണവും കോംഗോയില്‍ വിമാന ദുരന്തവും

1976 ജനുവരി 8
ചൗ എന്‍ലായ് അന്തരിച്ചു

1976 ജനുവരി എട്ടിന് ചൈനീസ് പ്രധാനമന്ത്രി ചൗ എന്‍ലായ് അന്തരിച്ചു. എഴുപത്തിയേഴാമത്തെ വയസിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ചൈനയില്‍ കമ്മ്യൂണിസ്സം കൊണ്ടു വരാന്‍ കാരണമായ വിപ്ലവത്തില്‍ മാവോ സേതുംങ്ങിനൊപ്പം പ്രധാന പങ്ക് വഹിച്ച ആളാണ് ചൗ എന്‍ലായ്. 1949 മുതല്‍ മരിക്കുന്നതുവരെ ചൈനീസ് പ്രധാനമന്ത്രി ആയിരുന്നു. വിപ്ലവ കാലത്ത് മാവോ സേതുങിന്റെ ഏറ്റവും വിശ്വസ്തനായ ഉപദേഷ്ടാവായിരുന്നു അദ്ദേഹം. 1970 കാലഘട്ടങ്ങളില്‍ അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഇദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. അവസാനം 1979ല്‍ അമേരിക്ക ചൈന റിപ്പബ്ലിക്കിനെ ആദ്യമായി അംഗീകരിച്ചു.

1996 ജനുവരി 8
മാര്‍ക്കറ്റില്‍വച്ച് കാര്‍ഗോ വിമാനം പൊട്ടിത്തകര്‍ന്നു

1996 ജനുവരി എട്ടിന് അന്നു സയര്‍ ആയിരുന്ന ഇന്നത്തെ കോംഗോയുടെ തലസ്ഥാന നഗരമായ കിന്‍ഷാസയില്‍ കാര്‍ഗോ വിമാനം പൊട്ടിത്തെറിച്ചു.എ എന്‍-32 എന്ന വിമാനം റണ്‍വേയില്‍ നിന്നും തെന്നി നീങ്ങി തിരക്കേറിയ മാര്‍ക്കറ്റിലേക്ക് നീങ്ങുകയും പൊട്ടിത്തകരുകയുമായിരുന്നു. ലോകത്തെ ഏറ്റവും വലിയ വ്യോമയാന ദുരന്തങ്ങളില്‍ ഒന്നായി കണക്കാക്കുന്ന ഈ അപകടത്തില്‍ 300ല്‍ അധികം ആളുകള്‍ മരണമടഞ്ഞു.

വ്യോമയാന നിയമങ്ങള്‍ ലംഘിച്ചാണ് വിമാനം പറത്തിയതെന്നും ശേഷിയിലധികം ഭാരം കയറ്റിയതുമാണ് റഷ്യക്കാരാല്‍ നിയന്ത്രിക്കപ്പെട്ട ഈ വിമാനം തകരാന്‍ കാരണമായി കണ്ടെത്തിയത്. വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ റണ്‍ വേയിലൂടെ നീങ്ങുമ്പോള്‍ എഞ്ചിനു തീ പിടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട വിമാനം തകര ഷീറ്റുകള്‍ കൊണ്ടുണ്ടാക്കിയ ഷെഡുകള്‍ നിറഞ്ഞ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുകയായിരുന്നു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

 

This post was last modified on January 8, 2015 11:36 am