ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കേണ്ടത് 2019 ഏപ്രില്‍ – മേയിലാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് നേരത്തെ തന്നെ ഉണ്ടായേക്കുമെന്ന വിലയിരുത്തല്‍ ശക്തമാണ്. എന്തുകൊണ്ട് 100 ദിവസത്തിനുള്ള തന്നെ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കാം എന്നാണ് 2014ലെ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ പ്രചാരണത്തില്‍ പങ്ക് വഹിച്ച രാജേഷ് ജെയിന്‍ പറയുന്നത്.
രാജേഷ് ജെയിന്‍ നിരത്തുന്ന 12 കാരണങ്ങള്‍ നോക്കാം:
1. സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ നോക്കിയാല്‍ 2014ല്‍ കിട്ടിയ 282 സീറ്റ് ബിജെപിക്ക് ഇത്തവണ കിട്ടും എന്ന് കരുതാന്‍ കഴിയില്ല. താഴേത്തട്ടില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിഗണിക്കുകയാണെങ്കില്‍ ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് 40 മുതല്‍ 50 വരെ സീറ്റുകള്‍ നഷ്ടപ്പെടാം. ഉത്തര്‍പ്രദേശില്‍ 71 സീറ്റ് നേടിയത് ആവര്‍ത്തിക്കുക സാധ്യമാകാനിടയില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഒഡീഷയിലും ബിജെപി വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും പ്രാദേശിക പാര്‍ട്ടികളുടെ അപ്രമാദിത്യം മറികടന്ന് ജയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍ ബിജെപി 215-225 സീറ്റ് നേടാം. ബിജെപിക്കുള്ള തിരച്ചടികളുടെ സൂചന ഗുജറാത്തിലുള്‍പ്പടെ വന്നുകഴിഞ്ഞു. പ്രതിപക്ഷ ഐക്യം ശക്തിപ്പെട്ടാല്‍ ബിജെപിക്ക് കാര്യങ്ങള്‍ ബുദ്ധിമുട്ടാകും.
2. സര്‍ക്കാര്‍ മുന്നോട്ട് വച്ച വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിലെ പരാജയം. കാര്‍ഷിക പ്രതിസന്ധി, രൂക്ഷമായ തൊഴിലില്ലായ്മ – ഈ പ്രശ്‌നങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പരിഹരിക്കുക സാധ്യമല്ല. കൃഷി, തൊഴില്‍നിയമങ്ങള്‍, വിദ്യാഭ്യാസവും അനുബന്ധ മേഖലകളും തുടങ്ങിയവയിലെല്ലാം സമൂലമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന സമയമായിരുന്നു. 2014-15 വര്‍ഷം. ഭരണവിരുദ്ധ വികാരം കൂടുതല്‍ ശക്തിപ്പെടാനാണ് സാധ്യത. ബജറ്റിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതും നേരത്തെ തിരഞ്ഞെടുപ്പ് നടത്തുന്നതുമായിരിക്കും സര്‍ക്കാരിന് നല്ലത്.
3. ജി എസ് ടി മൂലമുള്ള വരുമാന നഷ്ടം പരിഹരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ തോതില്‍ ഫണ്ട് നല്‍കേണ്ടി വരുന്നു. ഇന്ധനവില കുതിച്ചുയരുന്നു. നിഷ്‌ക്രിയ ആസ്തി, അല്ലെങ്കില്‍ തിരിച്ചടയ്ക്കാത്ത വായ്പ പെരുകുന്നത് മൂലമുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ബാങ്കുകള്‍ക്ക് ഫണ്ടിംഗ് നടത്തേണ്ടി വരുന്നു. സാമ്പത്തിക നില മെച്ചപ്പെടുന്ന യാതൊരു സൂചനയുമില്ല.
4. കൂടുതല്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ സാധ്യമാകാനിടയില്ല. ഗ്രാമീണ കര്‍ഷകര്‍ക്കിടയിലുള്ള അസംതൃപ്തി വളരെ വലുതാണ്.
5. ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പ് ആരും പ്രതീക്ഷിക്കില്ല. പ്രതിപക്ഷ കക്ഷികള്‍ ആരും തിരഞ്ഞെടുപ്പിന് സജ്ജരായിട്ടില്ല. നേരത്തെ ഉണ്ടാവുകയാണെങ്കില്‍ പരമാവധി 2018 നവംബറിലുണ്ടാകും എന്നാണ് എല്ലാവരും കരുതുന്നത്. ഈ മാര്‍ച്ച് – ഏപ്രില്‍ മാസത്തില്‍ ഇത്തരമൊരു തിരഞ്ഞെടുപ്പുണ്ടാകും എന്ന് ആരും കരുതാനിടയില്ല. പ്രതിപക്ഷത്തെ ഞെട്ടിക്കാന്‍ ബിജെപിക്ക് ഈ സാഹചര്യം ഉപയോഗിക്കാം. ഭരണത്തിലുള്ളതിന്റെ സൗകര്യങ്ങള്‍ ഉപയോഗിക്കാം.
6. ബിജെപി കൂടുതല്‍ സമയം കാത്തിരുന്നാല്‍ പ്രതിപക്ഷത്തിന് ഐക്യപ്പെടാനുള്ള അവസരം ലഭിക്കും. 2014ല്‍ സ്വയം നിര്‍ജ്ജീവമായിക്കൊണ്ട് മോദിക്കും ബിജെപിക്കും കൂടുതല്‍ സമയം നല്‍കി എന്നത് കോണ്‍ഗ്രസിന് പറ്റിയ തെറ്റാണ്. 2013ല്‍ തിരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കില്‍ 100ലധികം സീറ്റെങ്കിലും നേടാന്‍ കോണ്‍ഗ്രസിന് കഴിയുമായിരുന്നു.
7. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി രണ്ട് ചാനലുകള്‍ക്ക അഭിമുഖം നല്‍കി. ഇത് അസാധാരണമാണ്. കഴിഞ്ഞ മൂന്നര വര്‍ഷ കാലം പ്രധാനമന്ത്രി എത്ര ഇന്റര്‍വ്യൂ കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ എന്തിനാണ് ഒരു ഇന്റര്‍വ്യൂ?
8. സി വോട്ടര്‍ സര്‍വേ പറയുന്നത് 335 സീറ്റ് എന്‍ഡിഎയ്ക്ക് കിട്ടുമെന്നാണ്. ഇപ്പോള്‍ എന്തിന് അങ്ങനെയൊരു സര്‍വേ. ബിജെപിയെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല എന്ന് പ്രതിപക്ഷ പാര്‍ട്ടികളോട് പറയുന്നതിന് വേണ്ടിയല്ലേ ഇത്തരം സര്‍വേകള്‍ വരുന്നത്.
9. ലോക സാമ്പത്തിക ഫോറം ഉച്ചകോടിക്കായി പ്രധാനമന്ത്രി നടത്തിയ ദാവോസ് സന്ദര്‍ശനം തിരഞ്ഞെടുപ്പിനായുള്ള ശക്തിപ്രകടനത്തിന് മോദി ഉപയോഗിക്കും.
10. ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള 10 നേതാക്കളാണ് റിപ്പബ്ലിക് ദിനത്തില്‍ അതിഥികളായി ഡല്‍ഹിയിലെത്തുന്നത്. ഇതും പ്രധാനമന്ത്രിയുടെ പ്രതിച്ഛായ മിനുക്കുന്നതിന്റെ ഭാഗമാണ്.
11. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റ് ബിജെപി സര്‍ക്കാരിന്റെ അവസാനത്തേതാകും. ബജറ്റിലെ പ്രഖ്യാപനങ്ങളൊക്കെ ജനങ്ങള്‍ പെട്ടെന്ന് മറക്കും.
ബജറ്റിന് തൊട്ടുപിന്നാലെ തിരഞ്ഞെടുപ്പ് നടത്തുന്നത് ബിജെപിക്ക് ഗുണം ചെയ്യും.
12. ലോക്‌സഭയിലേയ്ക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും ഒരേ സമയത്ത് തിരഞ്ഞെടുപ്പ് നടത്തുക എന്നത് വച്ച് ഒരു വര്‍ഷം നേരത്തെ ലോക്‌സഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ടാന്‍ അത് പ്രധാനമന്ത്രിയുടെ പ്രതിച്ഛായയ്ക്കും ബിജെപിക്കും ഗുണം ചെയ്യു. ചിലവ് ചുരുക്കാന്‍ വേണ്ടി ഒറ്റ തിരഞ്ഞെടപ്പ് എന്ന ആവശ്യത്തിന് സ്വീകാര്യത നേടാന്‍ കഴിയും. കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നടത്തുമ്പോള്‍ ഇതുവരെ അധികാരത്തിലെത്താന്‍ കഴിയാത്ത സംസ്ഥാനങ്ങളില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാനാകും.
This post was last modified on January 24, 2018 4:08 pm
Leave a Comment