ലോക്‌സഭ തിരഞ്ഞെടുപ്പ് തുടങ്ങാന്‍ ആഴ്ചകള്‍ മാത്രമുള്ളപ്പോള്‍ ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ സഖ്യത്തിന് തിരിച്ചടിയായിക്കൊണ്ട് 15 ബി എസ് പി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു.
2007 മുതല്‍ 2012 വരെ മായാവതി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന രാംഹേത് ഭാരതി അടക്കമുള്ളവരാണ് ബിജെപിയില്‍ ചേര്‍ന്നത്. 11 പേര്‍ നേരത്തെ തിരഞ്ഞെടുപ്പുകളില്‍ ബി എസ് പി സ്ഥാനാര്‍ ത്ഥികളായിട്ടുള്ളവരാണ്. സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും ആര്‍എല്‍ഡിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമടക്കം 28 പേരാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് മുമ്പായി ബിജെപിയില്‍ ചേര്‍ന്നത്. പലരും തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ബിജെപിയിലേയ്ക്ക് പോകുന്നത്.
ബിജെപിയിലേയ്ക്ക് പോകുന്നത് സീറ്റിന് വേണ്ടിയാണ് എന്ന് ചില നേതാക്കള്‍ സ്ഥിരീകരിച്ചതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബി എസ് പി 38, എസ് പി 37 ആര്‍എല്‍ഡി മൂന്ന് (രണ്ട് സീറ്റുകളില്‍ – സോണിയ ഗാന്ധിയുടെ റായ്ബറേലിയിലും രാഹുലിന്റെ അമേഥിയിലും സഖ്യം മത്സരിക്കുന്നില്ല) എന്നിങ്ങനെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഈ കൂട്ട പലായനം.
2014ല്‍ വാരണാസിയില്‍ മോദിക്കെതിരെ മത്സരിച്ച് 60579 വോട്ട് നേടിയ വിജയ് പകാശ് ജയസ്വാളും ഇക്കൂട്ടത്തിലുണ്ട്. വാരണാസി സീറ്റ് ഇത്തവണ എസ് പിക്ക് നല്‍കിയതിന് പിന്നാലെയാണ് ഒബിസി നേതാവായ ജയസ്വാള്‍ ബിജെപിയിലേയ്ക്ക് പോയത്. തനിക്ക് 2014ല്‍ ഇത്രയും വോട്ട് കിട്ടിയത് തന്റെ ജനകീയത കൊണ്ടാണെന്നും അല്ലാതെ ബി എസ് പിക്ക് കിട്ടിയതല്ല എന്നുമാണ് ജയസ്വാള്‍ പറയുന്നത്.
This post was last modified on March 15, 2019 8:15 am
Leave a Comment