അഴിമുഖം പ്രതിനിധി
ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് സിഖ് വിരുദ്ധ കലാപമുണ്ടായപ്പോള്‍ ദൂരദര്‍ശനിലൂടെ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ പ്രകോപനപരമായ പ്രസംഗം നടത്തിയിരുന്നുവെന്നും എന്നാല്‍ ബച്ചനെതിരെ ആരും കേസ് കൊടുക്കാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നും കലാപത്തിലെ പ്രധാന സാക്ഷികളിലൊരാളായ ജഗദീഷ് കൗര്‍.
1984-ല്‍ സുരക്ഷാ ജീവനക്കാരായ സിഖ് വംശജര്‍ സത് വന്ത് സിംഗും ബിയാന്ത് സിംഗും ഇന്ദിരയെ വധിച്ചതിനെ തുടര്‍ന്നാണ് കൂട്ടക്കൊലയുണ്ടായത്.
രക്തത്തിന് രക്തം എന്ന് പറഞ്ഞു കൊണ്ട് അമിതാഭ് ബച്ചന്‍ നടത്തിയ പ്രസംഗം ദൂര്‍ദര്‍ശനില്‍ ലൈവായി സംപ്രേക്ഷണം ചെയ്യുന്നത് താന്‍ കണ്ടിരുന്നുവെന്ന് കൗര്‍ പറയുന്നു. സിഖു വിരുദ്ധ കലാപകാരികളെ എങ്ങനെയാണ് അമിതാഭ് ബച്ചന്‍ പ്രകോപിച്ചതിന് ദൂരദര്‍ശന്‍ കണ്ടിരുന്നവരെല്ലാം സാക്ഷികളാണ്.
പരസ്യമായി വിഷം ചീറ്റിയ അമിതാഭ് ബച്ചന്റെ സിനിമകളോ പരിപാടികളോ അതിനുശേഷം താന്‍ കാണാറില്ലെന്നും കൗര്‍ പറഞ്ഞു. ബച്ചനെയോ സിനിമകളെയോ കുറിച്ചുള്ള പരാമര്‍ശം തന്നില്‍ കലാപത്തെ ഓര്‍മ്മിപ്പിക്കുമെന്നും കൗര്‍ കൂട്ടിച്ചേര്‍ത്തു.
1984 നവംബര്‍ ഒന്നിന് പശ്ചിമ ഡല്‍ഹിയിലെ പാലം കോളനിയിലെ വീട്ടില്‍ വച്ച് കലാപകാരികള്‍ ഭര്‍ത്താവിനേയും മകനേയും കൗറിന്റെ മുന്നില്‍ വച്ച് കൊലപ്പെടുത്തിയിരുന്നു. കൂടാതെ അവരുടെ മൂന്നു സഹോദരന്‍മാരേയും കലാപകാരികള്‍ ചുട്ടു കൊലപ്പെടുത്തുന്നതും കൗര്‍ സാക്ഷ്യം വഹിച്ചിരുന്നു.
അടുത്തിടെ ബച്ചനെതിരെ ഓസ്‌ത്രേലിയയില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മനുഷ്യരാശിക്ക് എതിരെ ലോകത്തെവിടെ കുറ്റകൃത്യം നടന്നാലും കേസ് എടുക്കാന്‍ ഓസ്‌ത്രേലിയന്‍ കോടതികള്‍ക്ക് അധികാരമുണ്ട്.
This post was last modified on December 27, 2016 4:03 pm
Leave a Comment