X

നാസയുടെ സ്‌കോളര്‍ഷിപ്പ്; ബംഗാളി പെണ്‍കുട്ടിയുടേത് കെട്ടുകഥ!

അഴിമുഖം പ്രതിനിധി

നാസയുടെ സ്‌കോളര്‍ഷിപ്പിന് അര്‍ഹയായി എന്ന ബംഗാള്‍ സ്വദേശിനിയുടെ വാദം വെറുംകെട്ടുകഥയോ! ഗോഡാര്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സ്റ്റഡീസ്( ജി ഐ എസ് എസ്) കീഴിലായി നാസയുടെ ഗോഡാര്‍ഡ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് കൊല്‍ക്കത്തയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ സത്പര്‍ണ മുഖര്‍ജി തെരഞ്ഞെടുക്കപ്പെട്ടതു ദേശീയമാധ്യമങ്ങളടക്കം വലിയ വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ തങ്ങള്‍ ഇത്തരമൊരു സ്‌കോളര്‍ഷിപ്പിനായി ഈ പെണ്‍കുട്ടിയെ തെരഞ്ഞെടുത്തിട്ടില്ലെന്നാണ് നാസയുടെ ഔദ്യോഗിക വിശദീകരണമെന്ന് ഡി എന്‍ എ റിപ്പോര്‍ട്ട് ചെയ്യുന്നു.

നാസയുടെ ഏതെങ്കിലുമൊരു ഇന്‍സ്റ്റിറ്റിയൂട്ട് ഈ പേരിലുള്ള ആര്‍ക്കും സ്‌കോളര്‍ഷിപ്പോ ഇന്റേണ്‍ഷിപ്പോ മറ്റേതെങ്കിലും അക്കാദമിക് സൗകര്യമോ സാമ്പത്തിക സഹായമോ അനുവദിച്ചതായി തങ്ങളുടെ റെക്കോര്‍ഡിലില്ലെന്നും നാസ ഹെഡ്‌കോര്‍ട്ടേഴ്‌സില്‍ നിന്നും ഈമെയില്‍ വഴി ഡിഎന്‍എയ്ക്ക് വിവരം കിട്ടിയിട്ടുണ്ട്.

നേരത്തെ പതിനെട്ടുകാരിയായ പെണ്‍കുട്ടി തന്നെയാണ് തനിക്ക് നാസയുടെ സ്‌കോളര്‍ഷിപ്പ് ലഭിച്ചകാര്യം അറിയിച്ചത്. നാസയുടെ ലണ്ടന്‍ അസ്‌ട്രോബയോളജി സെന്ററില്‍ എയറോസ്‌പേസ് എഞ്ചിനീയറിംഗില്‍ പിഎച്ച്ഡി ചെയ്യാന്‍ അവസരം കിട്ടിയെന്നായിരുന്നു പെണ്‍കുട്ടിയുടെ അവകാശവാദം. ബിരുദം, ബിരുദാനന്തര ബിരുദം എന്നിവ പൂര്‍ത്തിയാക്കുന്നതിനും നാസ സഹായം ചെയ്യുമെന്നും പെണ്‍കുട്ടി അറിയിച്ചിരുന്നു. പഠനശേഷം ലണ്ടന്‍ അസ്‌ട്രോബയോളജി സെന്ററില്‍ റിസര്‍ച്ചറായി ജോലി ചെയ്യാന്‍ സാധിക്കുമെന്നും സത്പര്‍ണ വ്യക്തമാക്കിയിരുന്നു.

നാസയുടെ ഈ ബഹുമതി എങ്ങനെ കിട്ടി എന്ന ചോദ്യത്തിന് പെണ്‍കുട്ടി നല്‍കിയിരുന്ന വിവരങ്ങള്‍ ഇപ്രകാരമായിരുന്നു; സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ ബ്ലാക് ഹോള്‍ തിയറിയെ സംബന്ധിച്ച് തന്റെ കുറെ ചിന്തകള്‍ ഷെയര്‍ ചെയ്തിരുന്നു. ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അംഗങ്ങളായുള്ളൊരു ഗ്രൂപ്പിലായിരുന്നു ഷെയര്‍ ചെയ്തത്. ഇവരിലൊരാളാണ് എന്റെ പോയിന്റുകള്‍ നാസയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടത്. അതനുസരിച്ച് അദ്ദേഹം തന്നെ ലിങ്കുവഴി നാസയുടെ സൈറ്റില്‍ ബ്ലാക് ഹോള്‍ തിയറിയെക്കുറിച്ചും നാസയുടെ ടൈം മെഷീന് ഇതേതു തരത്തില്‍ പ്രയോജനപ്പെടുത്താമെന്നു വ്യക്തമാക്കിയും ഒരു പേപ്പറെഴുതി താന്‍ പോസ്റ്റ് ചെയ്തത്. തന്റെ പോയിന്റുകള്‍ ശ്രദ്ധയില്‍പ്പെട്ടതുവഴിയാണ് നാസയുടെ ഇത്തരമൊരു ബഹുമതിക്ക് തന്നെ തെരഞ്ഞെടുത്തത്.

എന്നാല്‍ നാസ തന്നെ വ്യക്തമാക്കുന്നത് ഗോഡാര്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സ്റ്റഡീസിന് ലണ്ടനില്‍ ഒരു ഇന്‍സ്റ്റിറ്റിയുഷനുമില്ലെന്നാണ്. മാത്രമല്ല ഈ പറയുന്ന ഇന്റേണ്‍ഷിപ്പിന് യു എസ് പൗരത്വമുള്ളവര്‍ മാത്രമാണ് അര്‍ഹരാകുന്നതുമത്രേ. അതും ന്യുയോര്‍ക്കിന് അമ്പത് കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്കു മാത്രം. പിന്നെങ്ങനെയാണ് ഇന്ത്യയിലുള്ളൊരു പെണ്‍കുട്ടിക്ക് ഇന്റേണ്‍ഷിപ്പ് സൗകര്യം തങ്ങള്‍ക്ക് നല്‍കാനാകുന്നതെന്നും അവര്‍ ചോദിക്കുന്നു.

ഇത്തരമൊരു വിവരം കിട്ടിയ സാഹചര്യത്തില്‍ ഡി എന്‍ എ സത്പര്‍ണ മുഖര്‍ജിയുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ താന്‍ പറഞ്ഞത് സത്യമാണെന്നു തന്നെയാണ് പെണ്‍കുട്ടി പറയുന്നത്. നാസ എന്തുകൊണ്ട് ഇപ്പോള്‍ ഈ കാര്യം നിഷേധിക്കുന്നുവെന്നതിന് പെണ്‍കുട്ടിക്കു കാരണമുണ്ട്; അവര്‍ ഇക്കാര്യം വളരെ രഹസ്യമായി സൂക്ഷിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. പക്ഷേ മാധ്യമങ്ങളില്‍ എന്റെ നേട്ടത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നു. അതുകൊണ്ട് ഇപ്പോള്‍ നാസ ഇപ്പോള്‍ എല്ലാം നിഷേധിക്കുന്നതെന്നു പെണ്‍കുട്ടി പറയുന്നു. തനിക്ക് നാസയില്‍ നിന്നും ഓഫര്‍ ലെറ്റര്‍ വന്നിട്ടുണ്ടെന്നും എന്നാല്‍ അതില്‍ ഗോഡാര്‍ഡ് എന്നെഴുതിയതില്‍ അക്ഷരത്തെറ്റ് കടന്നുകൂടി ഗോഡ് വാര്‍ഡ് എന്നായി പോയെന്നും പക്ഷേ ഒറിജനല്‍ ഡോക്യുമെന്റില്‍ എല്ലാം ശരിയാണെന്നും പെണ്‍കുട്ടി പറഞ്ഞു. പക്ഷേ ഇപ്പോഴിത് മാധ്യമങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ താന്‍ താത്പര്യപ്പെടുന്നില്ലെന്നും ആ കുട്ടി അറിയിച്ചു. താനിപ്പോള്‍ ലണ്ടനിലേക്ക് പോകുന്നതിന്റെ ത്രില്ലിലാണെന്നും നാസയാണ് തനിക്കുള്ള എയര്‍ ടിക്കറ്റ് അയച്ചു തന്നതെന്നുംകൂടി പെണ്‍കുട്ടി കൂട്ടിചേര്‍ക്കുന്നു.

This post was last modified on June 14, 2019 7:22 am