X

2 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പേതന്നെ മനുഷ്യന്റെ പൂര്‍വ്വികാരുണ്ടായിരുന്നു; തെളിവ് ഉണ്ട്

ചൈനയുടെ തെക്കന്‍ മേഖലയിലുള്ള ലോസ് പീഠഭൂമിയില്‍ നിന്നുമാണ് 96 പുരാതന കല്ലുകള്‍ പുതുതായി കണ്ടെത്തിയിരിക്കുന്നത്.

മനുഷ്യവംശം ആദ്യമായി പിറവിയെടുത്തത് ലോകത്തെവിടെയാണ് എന്നതിനെക്കുറിച്ച് നരവംശ ശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ ഏകാഭിപ്രായമില്ല. ആഫ്രിക്കയില്‍ നിന്നാണെന്നും മലേഷ്യയില്‍ നിന്നാണെന്നും ദക്ഷിണഭാരതത്തില്‍ നിന്നാണെന്നുമൊക്കെ വിവിധ വാദഗതികള്‍ നിലവിലുണ്ട്. ഇപ്പോഴിതാ ചൈനയില്‍ നിന്നും പുതുതായി കണ്ടെത്തിയ ആയുധങ്ങള്‍ ഈ വാദഗതികള്‍ക്ക് പുതിയൊരു ദിശ നാല്‍കിയിരിക്കുകയാണ്. 200,000 വര്‍ഷങ്ങള്‍ക്ക് മുമ്പേതന്നെ, അതായത് 2.1 മില്ല്യന്‍ വര്‍ഷങ്ങള്‍ മുന്‍പ്, ഏഷ്യയില്‍ മനുഷ്യന്റെ പൂര്‍വ്വികര്‍ ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഈ കണ്ടെത്തല്‍ എന്നാണ് ശാസ്ത്രജ്ഞന്മാര്‍ വ്യക്തമാക്കിയിരിക്കുന്നത്. മനുഷ്യന്റെ ഏറ്റവും അടുത്ത മുന്‍ഗാമികളായ ‘ഹോമിനിന്‍സ്’, പുരാവസ്തുഗവേഷകര്‍ ഇതു വരെ പറഞ്ഞതില്‍നിന്നും എത്രയോ നേരത്തേതന്നെ ആഫ്രിക്ക വിട്ടിരിക്കാം എന്നാണ് പുതിയ കണ്ടെത്തല്‍ തെളിയിക്കുന്നതെന്ന് നേച്ചറില്‍ (ആനുകാലിക പ്രസിദ്ധീകരണം) പറയുന്നു.

ആഫ്രിക്കയില്‍ നിന്ന് ആദ്യകാല മനുഷ്യര്‍ എപ്പോഴാണ് പോയത് എന്നതിനെക്കുറിച്ച് പുനഃപരിശോധിക്കേണ്ടതുണ്ടെന്നാണ് തങ്ങളുടെ പുതിയ കണ്ടെത്തല്‍ അര്‍ത്ഥമാക്കുന്നതെന്ന് ഇംഗ്ലണ്ടിലെ എക്‌സെറ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകന്‍ റോബിന്‍ ഡെന്നെല്‍ പറഞ്ഞു. 6 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഹോമിനിന്‍സ് ആഫ്രിക്കയില്‍ പ്രത്യക്ഷപ്പെട്ടതെന്നും, രണ്ട് മില്ല്യന്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് കുടിയേറ്റത്തിന്റെ ഭാഗമായി അവര്‍ ഭൂഖണ്ഡം വിട്ടിരിക്കാം എന്നുമാണ് കരുതപ്പെടുന്നത്. എത്യോപ്യയില്‍ നിന്നും കണ്ടെടുത്ത 2.8 മില്ല്യന്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള താടിയെല്ലാണ് ഹോമോ കുടുംബത്തിലേതെന്ന് കരുതപ്പെടുന്ന ഏറ്റവും പുരാതനമായ ആഫ്രിക്കന്‍ ഫോസില്‍. ഏഷ്യയിലെ ഹൊമിനിനുകളെകുറിച്ചുള്ള ഏറ്റവും പഴക്കമുള്ള തെളിവ് ഇതിനു മുന്‍പ് കണ്ടെത്തിയത് ജോര്‍ജിയയില്‍ നിന്നാണ്. 1.85 മുതല്‍ 1.85 മില്യണ്‍ വര്‍ഷങ്ങള്‍ വരെ പഴക്കമുള്ള അസ്ഥികൂടങ്ങളും രൂപകല്‍നകളുമാണ് അവിടെ നിന്നും കണ്ടെത്തിയിരുന്നത്.

ചൈനയുടെ തെക്കന്‍ മേഖലയിലുള്ള ലോസ് പീഠഭൂമിയില്‍ നിന്നുമാണ് 96 പുരാതന കല്ലുകള്‍ പുതുതായി കണ്ടെത്തിയിരിക്കുന്നത്. ‘പാലിയോമാഗ്‌നെറ്റിസം’ എന്ന ശാസ്ത്രശാഖ ഉപയോഗിച്ചാണ് ഡെന്നെലും സംഘവും ഇതിന്റെ കാലം കണക്കാക്കിയിരിക്കുന്നത്. പാറക്കല്ലുകളുടെ കാന്തഗുണം അടിസ്ഥാനമാക്കി കാലം കണക്കാക്കുന്ന രീതിയാണ് ഒരു ജിയോഫിസിക് ഉപശാഖയായ പാലിയോമാഗ്‌നെറ്റിസം പിന്തുടരുന്നത്. 3.3 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ ആഫ്രിക്കയില്‍ ഹോമോ വംശജര്‍ ഉണ്ടായിരുന്നു എന്ന് അനുമാനിക്കാവുന്ന തരത്തിലുള്ള വിവരങ്ങളാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്. നമ്മള്‍ വിചാരിച്ചതിനേക്കാള്‍ മുന്‍പ് ഏഷ്യയില്‍ ഹൊമിനിന്‍ സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്നതിന്റെ ശക്തമായ തെളിവുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിലും പാകിസ്ഥാനിലുമെല്ലാം ഇതിനേക്കാള്‍ പഴക്കമുള്ള തെളിവുകള്‍ ഉണ്ടായിരിക്കാം, എന്നാല്‍ ഇതുവരെ ഭൂരിഭാഗം ഗവേഷണ കമ്മ്യൂണിറ്റികളെയും ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് റോബിന്‍ ഡെന്നെല്‍ പറയുന്നു.