അഴിമുഖം പ്രതിനിധി
കോണ്‍ഗ്രസിന്റെ മുന്‍ എംപിയായ സിര്‍സില രാജയ്യയുടെ തെലങ്കാനയിലെ വാംറങ്കലിലെ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ അദ്ദേഹത്തിന്റെ മരുമകളും മൂന്ന് ചെറുമക്കളും കൊല്ലപ്പെട്ടു. സരിക, അഭിനവ് (ഏഴ്), അയന് (നാല്), ശ്രിയന് (രണ്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്. ബംഗ്ലാവിന്റെ ഒന്നാം നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. പാചക വാതക ചോര്‍ച്ചയാണ് തീപിടിത്തത്തിന് കാരണമായതെന്ന് കരുതുന്നു. രാജയ്യയുടെ മകന് അനിലും സരികയുമായുള്ള വിവാഹം 2002-ലാണ് നടന്നത്. ഗാര്‍ഹിക പീഡനത്തിന് സരിക കഴിഞ്ഞ വര്‍ഷം പരാതി നല്‍കുകയും മക്കളുമൊത്ത് വീടിന് മുന്നില്‍ സത്യാഗ്രഹം ഇരിക്കുകയും ചെയ്തിരുന്നു. അനിലിന് മറ്റൊരു ബന്ധം ഉണ്ടെന്ന് സരിക ആരോപിച്ചിരുന്നു. ഇത് ഇവരുടെ ബന്ധത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചിരുന്നു. ദുരന്തം നടക്കുമ്പോള്‍ അനില്‍ വീടിന്റെ താഴത്തെ നിലയിലും രാജയ്യ രണ്ടാമത്തെ നിലയിലും ആയിരുന്നു. നവംബര്‍ 21-ന് വാറംങ്കല്‍ ലോക്സഭാ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇന്ന് രാജയ്യ കോണ്‍ഗ്രസിനുവേണ്ടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനിരിക്കുകയായിരുന്നു. അവസാന ദിവസമായ ഇന്ന് കോണ്‍ഗ്രസ് മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചു.
This post was last modified on December 27, 2016 3:23 pm