X

സൌദിവത്ക്കരണം; 70,000 വിദേശികളെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ഒഴിവാക്കും

സമസ്ത മേഖലകളിലും സൌദിവത്ക്കരണം ശക്തമാകുന്നതോടെ തങ്ങളുടെ തൊഴിലിനെ ബാധിക്കുമെന്ന ആശങ്കയിലാണ് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍

സൌദിയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലിചെയ്യുന്ന എഴുപതിനായിരത്തില്‍ ഏറെ വരുന്ന വിദേശികളെ ഒഴിവാക്കാന്‍ നീക്കം. ഘട്ടം ഘട്ടമായാണ് നടപടി പൂര്‍ത്തീകരിക്കുക. 2020ഓടെ പൊതുമേഖലയിലെ സൌദി വത്ക്കരണം പൂര്‍ത്തിയാക്കാനാണ് ഗവണ്‍മെന്‍റ് ലക്ഷ്യമിടുന്നത്.

സൌദിയില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ 70,025 വിദേശികളാണ് ഉള്ളത്. ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലുമാണ് കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്നത്. ആരോഗ്യമേഖലയില്‍ നാല്‍പ്പത്തി എട്ടായിരത്തോളം പേര്‍ ജോലി ചെയ്യുന്നുണ്ട്. പൊതു മേഖലയിലെ സ്വദേശിവത്ക്കരണം സൌദി സിവില്‍ സര്‍വ്വീസ് മന്ത്രാലയമാണ് നടപ്പിലാക്കുന്നത്. നടപടി എത്ര മലയാളികളെ ബാധിക്കുമെന്ന് വ്യക്തമല്ല.

സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളില്‍ തൊഴിലുകള്‍ സ്വദേശികള്‍ക്കായി ഒഴിച്ചിടുന്ന നയം സൗദി സര്‍ക്കാര്‍ ആരംഭിച്ച് കുറച്ചുകാലമായി. നിതാഖാത് എന്ന പേരില്‍ അറിയപ്പെടുന്ന ഈ നയം ഷോപ്പിംഗ് മാളുകളിലും നടപ്പിലാക്കാന്‍ സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു.

സമസ്ത മേഖലകളിലും സൌദിവത്ക്കരണം ശക്തമാകുന്നതോടെ തങ്ങളുടെ തൊഴിലിനെ ബാധിക്കുമെന്ന ആശങ്കയിലാണ് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍.

This post was last modified on May 10, 2017 7:03 am