X

യുജിസി, എഐസിടിഇ ഫെലോഷിപ്പുകള്‍ക്കും സ്കോളര്‍ഷിപ്പുകള്‍ക്കും ആധാര്‍ നിര്‍ബന്ധം

ആസാം, മേഘാലയ, ജമ്മു കാശ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ ഒഴികെ ഉത്തരവ് ബാധകം

ഗവണ്‍മെന്‍റ് സ്കോളര്‍ഷിപ്പുകള്‍ക്കും ഫെലോഷിപ്പുകള്‍ക്കും അര്‍ഹരായ കുട്ടികള്‍ ജൂണ്‍ അവസാനത്തിനുള്ളില്‍ ആധാര്‍ നമ്പര്‍ നല്കിയിരിക്കണമെന്ന് കാണിച്ച് മാനവ വിഭവശേഷി വികസന മന്ത്രാലയം ബുധനാഴ്ച ഉത്തരവിറക്കി. യൂണിവേര്‍സിറ്റി ഗ്രാന്‍റ്സ് കമ്മീഷനും ആള്‍ ഇന്‍ഡ്യ കൌണ്‍സില്‍ ഫോര്‍ ടെക്ക്ണിക്കല്‍ എഡുക്കേഷനും നല്‍കുന്ന ഫെല്ലൊഷിപ്പ് സ്കീമുകള്‍ക്കാണ് ഈ ഉത്തരവ് ബാധകമാവുക.

സേവനങ്ങള്‍ സബ്സിഡികള്‍ എന്നിവയ്ക്കു തിരിച്ചറിയല്‍ രേഖയായി ആധാര്‍ ഉപയോഗിക്കുന്നതിലൂടെ ഗവണ്‍മെന്‍റ് തലത്തിലുള്ള പ്രക്രിയ കൂടുതല്‍ ലളിതമാവുമെന്നും സുതാര്യതയും കാര്യക്ഷമതയും കൂടുമെന്നും ഉത്തരവില്‍ പറയുന്നു. കൂടാതെ ഒരാവശ്യത്തിന് പലതരത്തിലുള്ള രേഖകള്‍ കൊടുക്കേണ്ട ആവശ്യവും ആധാര്‍ നടപ്പില്‍ വരുത്തുന്നതോടെ ഒഴിവാക്കപ്പെടുമെന്നും ഉത്തരവ് ചൂണ്ടിക്കാണിക്കുന്നു.

ജൂണ്‍ 30ന് മുന്‍പായി വിദ്യാര്‍ഥികള്‍ ആധാര്‍ നമ്പര്‍ നല്‍കുകയോ ആധാറിന് അപേക്ഷിച്ച് അതിന്റെ എന്‍റോള്‍മെന്‍റ് നമ്പര്‍ നല്‍കുകയോ വേണം. ആസാം, മേഘാലയ, ജമ്മു കാശ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ ഒഴികെ രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാണ്.

അതേ സമയം സര്‍ക്കാരിന്റെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ വിമര്‍ശനം ശക്തമാവുകയാണ്.

This post was last modified on April 28, 2017 7:46 am