X

മഅദനി : ബലിമൃഗമോ രക്തസാക്ഷിയോ…? ഭാഗം-2

രഞ്ജിത്ത് ജി കാഞ്ഞിരത്തില്‍

കമ്യുണിസ്റ്റ്‌ താരാട്ടു പാട്ടുകള്‍
മാര്‍ക്സിസം വര്‍ഗപരമായി ചിന്തിക്കുന്നു. ഇന്ത്യന്‍ അവസ്ഥയില്‍ വര്‍ഗങ്ങള്‍ക്ക് പ്രസക്തി ഇല്ല എന്നും വര്‍ഗം എന്നാല്‍ ജാതി ആണ് എന്നും പ്രചരിപ്പിക്കുന്ന ഒരു പ്രത്യയശാസ്ത്ര വ്യതിയാനം. വടക്കേ ഇന്ത്യയില്‍ നടമാടുന്ന വൈകൃതത്തിന്‍റെ കേരള രൂപം നിശ്ശബ്ദമായി ഇടതുപക്ഷ ക്ലാസുകളിലും പ്രചരിപ്പിക്കപ്പെട്ടു. ഇര,വേട്ടക്കാരന്‍,സ്വത്വം,ദളിത്‌ തുടങ്ങിയ സംജ്ഞകള്‍ കൃത്യമായി ഉപയോഗിച്ചുകൊണ്ട് മതപരമായും വര്‍ഗപരമായും സംഘടിച്ച ജനതയെ പിളര്‍ത്തി. വംശീയതക്ക് പ്രത്യയശാസ്ത്ര മുഖം നല്‍കി. ഇന്ത്യയില്‍ സ്വത്വവാദം പ്രചരിപ്പിക്കുന്നവര്‍ ആത്യന്തികമായി ഇന്ത്യയെ വീണ്ടും പലതായി മുറിക്കുവാന്‍ ശ്രമിക്കുന്നവര്‍ ആണ്. മൌദിസ്റ്റ്‌ ഗര്‍ഭ ഗൃഹങ്ങളില്‍ ഉയിര്‍കൊണ്ട മത തീവ്രവാദം ആണ് ഇവരുടെ യഥാര്‍ത്ഥ പിന്‍ബലം. വലിയ ഒരു വിഭാഗം ജനതയ്ക്ക് രാഷ്ട്രബോധം ഇല്ലാതെ ആക്കി, അവരില്‍ ഈ രാജ്യത്തോട് അന്യതാബോധം വളര്‍ത്തി രാഷ്ട്രത്തെ നശിപ്പിക്കുകയാണ്.


മാര്‍ക്സിസ്റ്റ്‌ വീക്ഷണത്തില്‍ ഭൂരിപക്ഷ വര്‍ഗീയതയെ പോലെ തന്നെ ന്യൂനപക്ഷ വര്‍ഗീയതയും എതിര്‍ക്കപ്പെടേണ്ടതാണ്. മാര്‍ക്സിസ്റ്റ്‌ പാര്‍ടിയുടെ പാര്‍ടി കോണ്‍ഗ്രസ്സ് പാസാക്കിയ പ്രത്യയ ശാസ്ത്ര പ്രമേയത്തില്‍ സ്വത്വ രാഷ്ട്രീയത്തിനെ കുറിക്കുന്ന ഭാഗം ഇതോടൊപ്പം ചേര്‍ക്കുന്നു. സ്വത്വ രാഷ്ട്രീയത്തെ കുറിച്ചുള്ള മാര്‍കിസ്റ്റ് നിലപാടില്‍ വെള്ളം ചേര്‍ക്കുന്നവരെ ജനം/ തൊഴിലാളി വര്‍ഗം തിരിച്ചറിയുക തന്നെ ചെയ്യും.

ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ സ്ഥാനത്ത് Republic of Kerala യുടെ പാസ്പോര്‍ട്ട് എത്തുന്ന സുവര്‍ണകാലമാണ് ആത്യന്തികമായി സ്വത്വവാദികളുടെ ലക്‌ഷ്യം. മാത്രമല്ല മഅദനിയുടെ ജാമ്യത്തിനോ, നിയമ പരമായ സഹായത്തിനോ മുഖ്യധാരാ രാഷ്ട്രീയ പാര്‍ടികള്‍ എന്ത് ചെയ്തു എന്നുള്ള ചോദ്യമാണ് കൂടുതല്‍ പ്രസക്തം. മാത്രമല്ല മഅദനിക്കൊപ്പം, സിറാജിനൊപ്പം ഒരുമിച്ചു വേദി പങ്കിടുമ്പോള്‍ പാര്‍ടി സെക്രട്ടറി ഒരു രക്ത സാക്ഷിയെ മറന്നു പോകുന്നു. തിരുവനന്തപുരം സായാഹ്ന ലോ കോളേജ്‌ യൂണിയന്‍ ചെയര്‍മാന്‍ ആയിരുന്ന, പി ഡിപിക്കാരുടെ കയ്യാല്‍ കൊല്ലപ്പെട്ട, ആ പൂന്തുറക്കാരനെ. സ. എ. എം. സക്കീര്‍. ഡി.വൈ.എഫ്‌.ഐ മേഖലാ സെക്രട്ടറിയായിരുന്ന സഖാവിനെ 1995 ജനുവരി 16 ന്‌ പി.ഡി.പിക്കാര്‍ വീട്ടില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു. (സഖാവ് കുഞ്ഞാലി വധക്കേസിലെ പ്രതിയെ തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ പിന്തുണക്കുകയും സ്വന്തം മുന്നണിയുടെ എം എല്‍ എ ആക്കുകയും ചെയ്തവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിച്ചിട്ടു കാര്യമില്ല). 

മഅദനിക്ക് കൂടി സമനീതി ലഭിക്കുവാന്‍ പ്രയത്നിക്കുകയും, എന്നാല്‍ മഅദനിയുടെ രാഷ്ട്രീയം കൃത്യമായി പൊളിച്ചു കാട്ടുകയും അതിനെ തള്ളി കളയുകയും ആണ് ഇടതു പക്ഷം ചെയ്യേണ്ടി ഇരുന്നത്. പകരം, മുസ്ലീം ലീഗിനെതിരെ കിട്ടുന്ന ഏതൊരു വടിയും ഉപയോഗിക്കും എന്ന പാര്‍ലിമെന്ററി അവസര വാദം ആണ് പലപ്പോഴും ഇടതുപക്ഷം മുന്നോട്ടു വെക്കുന്നത്. മഅദനിക്ക് വേണ്ടി ചെയ്യാവുന്നതൊന്നും ചെയ്യാതെ , അദ്ദേഹത്തിന്റെയും മക്കളുടെയും കണ്ണീര്‍ സീരിയല്‍ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍ ദിവസം കാണിച്ചു ആ തെറ്റിന് കനം കൂട്ടി. മഅദനിക്ക് കൂടി സ്വീകാര്യനായ ഒരാളെ സ്ഥാനാര്‍ഥി ആക്കുക വഴി പലവുരു ചെയ്ത തെറ്റ് ആവര്‍ത്തിക്കുകയാണ് പൊന്നാനിയില്‍ സി പി എം ചെയ്തത്.

ശത്രുവിനെ ഉണ്ടാക്കുന്ന സംഘ പരിവാര്‍
മഅദനി വിഷയത്തില്‍ അപകടകരമായ നിലപാടാണ് കേരള ബി ജെപി യും സംഘപരിവാറും എടുക്കുന്നത്. ഒന്‍പതു വര്‍ഷത്തെ വിചാരണ കൂടാതെയുള്ള, ജാമ്യമില്ലാതെയുള്ള തടവിനു ശേഷം പുറത്തിറങ്ങിയ രക്തസാക്ഷി പരിവേഷം ലഭിക്കുന്ന ഒരാളെ കൈകാര്യം ചെയ്യേണ്ട രീതിയിലല്ല അവര്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നത്. കോടതിയില്‍ നിന്നും മഅദനി “രക്ഷപെട്ടു” എന്നുപറയുന്നത് കോടതിയോടും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയോടും ഉള്ള അവഹേളനം ആണ്. എല്ലാവരും മഅദനിയെ വേഗം വിചാരണ ചെയ്യണം എന്ന് പറയുമ്പോള്‍ പരിവാര്‍ വിചാരണയില്ലെങ്കിലും തടവിലിട്ടാല്‍ മതി എന്ന് പറയുന്നു. മഅദനി എന്ന സടകൊഴിഞ്ഞ സിംഹത്തെ കാട്ടി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ച് അതില്‍ നിന്ന് മുതലെടുക്കാന്‍ സ്രെമിക്കുകയാണ് പലപ്പോഴും പരിവാര്‍.

പതിച്ചു കിട്ടുന്ന രക്തസാക്ഷിത്വം
ഇന്ത്യയില്‍ തീവ്രവാദത്തിനു കിട്ടാവുന്ന ഏറ്റവും വലിയ രാസത്വരകം ആണ് രക്തസാക്ഷിയായ മഅദനി. അതാണ്‌ പലര്‍ക്കും ആഗ്രഹവും. അത്തരം രക്തസാക്ഷിത്വം നല്‍കാവുന്ന മൈലേജ് മാത്രമാണ് നോട്ടം. ഉസ്താദ്‌ എന്ന് സ്നേഹത്തോടെ വിളിക്കുന്ന ചില അനാഥക്കുരുന്നുകള്‍ ഒഴികെ യഥാര്‍ത്ഥത്തില്‍ മഅദനി ജയില്‍ മോചിതനായി കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഉത്സാഹക്കമിറ്റിയില്‍ നന്നേ കുറവാണ്. വാലും തലയുമില്ലാതെ പറന്നു കളിക്കുന്ന വാര്‍ത്താ ശകലങ്ങള്‍ അത്തരം ആശങ്കകളെ കൂട്ടുന്നു.

യഥാര്‍ഥത്തില്‍ മഅദനി ഒരു ബലിയാണ്. ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥ തകര്‍ന്നു എന്നും അത് മുസ്ലീം വിരുദ്ധമാണ് എന്നും പ്രചരിപ്പിക്കുവാനുള്ള ഒരു കൃത്യമായ പ്രതീകമാണ്‌ മഅദനി.

ഇരുവര്‍ഗീയതകളും പരസ്പരം വളര്‍ത്തുന്ന രണ്ടു വിചിത്ര ജീവികളാണ്. ഒന്നുണ്ടെങ്കിലേ മറ്റൊന്ന് വളരൂ. അത് കൊണ്ട് തന്നെ രണ്ടും മനുഷ്യവിരുദ്ധവും രാഷ്ട്ര വിരുദ്ധവും ആകുന്നു. മഅദനിയുടെ ചിത്രം വെച്ച് വോട്ടു അഭ്യര്‍ഥിച്ചവര്‍,ചാനലില്‍ കണ്ണീര്‍ സീരിയല്‍ പടച്ചവര്‍ ,മനുഷ്യാവകാശത്തിന്‍റെ അപ്പോസ്തലന്മാര്‍,മതത്തിന്‍റെ മൊത്തക്കച്ചവടക്കാര്‍ ഇവരുടെ ഒക്കെ റോള്‍ സംശയാസപ്ദം ആണ്.

ഇവിടെ, ജയിലില്‍ മരണമടഞ്ഞ (കൊല ചെയ്യപ്പെട്ട …?)ശ്യാമപ്രസാദ മുക്കര്‍ജി പ്രസക്തനാണ്. നെഹ്‌റു – ഷേക്ക് അബ്ദുള്ള – ആസാദ്‌ ഗൂഡാലോചനയുടെ ഫലമായി ആണ് അദ്ദേഹത്തിന്റെ ദുരൂഹമരണം എന്ന ആരോപണം ഉണ്ട്. ഇന്ത്യയില്‍ സംഘ പരിവാറിന്റെ ഏറ്റവും വലിയ രക്തസാക്ഷി മുഖര്‍ജി ആണ്.

ഗവണ്‍മെന്റ് ചെയ്യേണ്ടത്
കര്‍ണാടകയിലെ ബി ജെപി സര്‍ക്കാര്‍ മാറി കോണ്‍ഗ്രസ് വന്നാല്‍ മഅദനിക്ക് ജാമ്യം ലഭിക്കും എന്നൊരു അശരീരി അവിടവിടെ പറന്നു നടപ്പുണ്ടായിരുന്നു. എന്നാല്‍ പിടിച്ചതിലും വലുതാണ്‌ അളയില്‍ എന്നപോലെ ആയി കാര്യങ്ങള്‍. ഷെവലിയര്‍ കെ ജെ ജോര്‍ജിന്റെ പോലീസ്‌ ആകട്ടെ സംഘപരിവാരിനെക്കാള്‍ വാശിയോടെയാണ് മഅദനിയെ നേരിട്ടത്. മഅദനിക്കെതിരായി ഈ സര്‍ക്കാര്‍ കോടതിയില്‍ കൊടുത്ത സത്യവാങ്മൂലങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.

പക്ഷെ അതോടെ ഏതു സര്‍ക്കാര്‍ വന്നാലും ഇന്ത്യയില്‍ മുസ്ലീം പീഡനം ആണെന്നുള്ള പ്രചാരണത്തിനു ആക്കം കൂടി. മഅദനിയുടെതായി അന്ന് പുറത്ത് വന്ന കത്തില്‍ കര്‍ണാടക സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. സര്‍ക്കാര്‍ മാറി എന്ന് കരുതി കേസ് പിന്‍ വലിക്കാന്‍ പറ്റില്ല എന്ന് കേന്ദ്ര മന്ത്രി വയലാര്‍രവി അര്‍ത്ഥശങ്കക്കിടയില്ലാതെ തന്നെ വ്യക്തമാക്കി.

മുസ്ലീങ്ങള്‍ വേട്ടയാടപ്പെടുന്നു എന്നുള്ള പ്രചാരണത്തിന്‍റെ കേന്ദ്രബിന്ദു ഇനിയും മഅദനി തന്നെയായിരിക്കും. എടുത്തു കാണിക്കാവുന്ന ഏറ്റവും അനുകമ്പാര്‍ഹമായ ഉദാഹരണവും മഅദനി തന്നെയാണ്. ഈയവസ്ഥ സാമൂഹിക ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതാണ്‌. അന്യവല്‍ക്കരിക്കപ്പെടുന്ന മുസ്ലീം മനസ്സുകള്‍ അപകടകരമായ സാഹചര്യമാണ്. ഇതില്‍ പ്രതി നൂറു ശതമാനവും വ്യവസ്ഥയും സര്‍ക്കാരും തന്നെയാണ്. കേരളത്തിന്‍റെ/ഭാരതത്തിന്റെ ഭാവിക്ക് ഇത് അപകടവുമാണ്.

എന്തുകൊണ്ട് മഅദനിക്ക് ആദ്യതവണ ജാമ്യം കിട്ടിയില്ല…?

എന്തുകൊണ്ട് വിചാരണ ഇത്രയധികം നീണ്ടു പോയി….?

എന്തുകൊണ്ട് മഅദനി ഇത്തവണ അറസ്റ്റ് ചെയ്യപ്പെട്ടു…..?

എന്തുകൊണ്ട് ഇത്തവണയും ജാമ്യം ലഭിക്കുന്നില്ല ….?

മഅദനിയുടെ വക്കീലും കൂടെ നിന്നവരും ഇതില്‍ ആത്മാര്‍ഥതയോടെയാണോ ഇടപ്പെട്ടിരിക്കുന്നത്..?

ഇതൊക്കെ വ്യക്തമാക്കുന്ന ഒരു ധവളപത്രംസര്‍ക്കാര്‍ പുറത്തിറക്കണം. (പരിവാര്‍ ബുദ്ധിമാന്മാര്‍ പടച്ചു വിടുന്ന അപസര്‍പ്പക കഥകളോ, വോട്ടു തീനികളായ സമുദായ രാഷ്ട്രീയ പ്രമാണിമാരുടെ ജല്പനങ്ങളോ, നിഷ്പക്ഷര്‍ എന്ന് സമൂഹം അംഗീകരിക്കുന്ന മാന്യന്മാര്‍ അന്വേഷിക്കണം. രേഖകള്‍ നിയമസഭയിലല്ല ജനസഭയില്‍ വെക്കണം). പിഡിപി സംസ്ഥാന സെക്രട്ടറി കുടയത്തൂര്‍ കരീം ഇടുക്കി ജില്ലാ സെക്രട്ടറി എം എം സുലൈമാന്‍ എന്നിവര്‍ 2013 ഏപ്രില്‍ 2 ന് പാര്‍ടി വിട്ടപ്പോള്‍ നടത്തിയ ഗുരുതരമായ ആരോപണങ്ങള്‍ കാണാതെ പോകരുത്.

കൂടാതെ മദനി മാത്രമല്ല പ്രഗ്യാ സിംഗ് താക്കൂറും കേണല്‍ ശ്രീകാന്ത്‌ പുരോഹിതും അറസ്റ്റിലായ ശേഷം ഇന്നേ വരെ പുറത്ത് വന്നിട്ടില്ല എന്ന വസ്തുത കൃത്യമായി പ്രചരിപ്പിക്കണം.

കേരളത്തിലെ രാഷ്ട്രീയക്കാര്‍ ഇടതു വലതു വ്യത്യാസമില്ലാതെ മഅദനിയെ ഇര എന്ന പരിപ്രേക്ഷ്യത്തില്‍ അവതരിപ്പിക്കുമ്പോള്‍ നമ്മുടെ നീതിന്യായവ്യവസ്ഥയില്‍ ഒരു സമുദായത്തിന് തന്നെയുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. അത് കാണാതെ പോകുന്നത് ഭാവിയില്‍ വലിയ അപകടങ്ങള്‍ ഉണ്ടാക്കും.

മഅദനിക്ക് ജാമ്യം ലഭിക്കാത്തതും, വിചാരണ താമസിച്ചതും നിയമ സംവിധാനത്തിന്‍റെ കുഴപ്പമാണെങ്കില്‍ ആ സംവിധാനം ഉടച്ചു വാര്‍ക്കണം. ഇന്ത്യന്‍ ജയിലില്‍ 64 വര്ഷം വിചാരണ കൂടാതെ തടവില്‍ കഴിഞ്ഞ മച്ചല്‍ ലാലുംഗ് എന്ന ആസ്സാം കാരന്‍റെ കഥ കൂടി ഇതോടൊപ്പം കൂട്ടി വായിക്കണം.

വേണ്ടി വന്നാല്‍ മഅദനിക്ക് നിയമപരമായ സഹായവും, സര്‍ക്കാര്‍ ചിലവില്‍ വക്കീല്‍ ഉള്‍പ്പടെ, നല്‍കണം. ഖജനാവില്‍നിന്നു പണം എടുത്തു തന്നെ നല്‍കണം. രണ്ടുണ്ട് കാരണം..അതുകൊണ്ട് താമസിക്കുന്ന നീതിക്ക് ഒരല്പമെങ്കിലും പ്രതിക്രിയ ആവും. ഇരയാണ് മഅദനി എന്നുള്ള പ്രചാരണം നടത്തി പണപ്പിരിവും നടത്തി സാമൂഹിക അസ്വസ്ഥത സൃഷ്ടിക്കുന്ന ശ്രമങ്ങള്‍ ഒരു പരിധിവരെ തടയാന്‍ കഴിയും. ഇരട്ട നീതി എന്നുള്ള പ്രയോഗത്തില്‍ ഭയന്ന് പോകുന്ന മനസ്സുകള്‍ക്ക് ഒരല്പം ആശ്വാസമാകും.

തീവ്രവാദി എന്ന് ചാര്‍ത്തി നല്‍കപ്പെട്ട മുദ്രയില്‍ നിന്നും ജീവിക്കുന്ന രക്ത സാക്ഷിയിലേക്ക്, സമധാനത്തിന്‍റെ സൂഫിവര്യന്റെ ഇമേജിലേക്ക് മഅദനി അപനിര്‍മിക്കപ്പെട്ടിരിക്കുന്നു. ഭരണകൂട ഭീകരത എന്ന വസ്തുതയുടെ പ്രതീകമായി, ഇരയായി മഅദനി അവതരിപ്പിക്കപ്പെടുന്നു. ഒരു വ്യാഴവട്ടക്കാലം  വിചാരണ കൂടാതെ ജയിലിലിട്ട ഒരാളെ……അവന്‍ മുസ്ലിമായിക്കോട്ടേ ഹിന്ദുവാകട്ടെ ഇനി ഗോഡ്സേയോ ദാവൂദുഇബ്രാഹിമോ,ബിന്‍ ലാദനോ നരേന്ദ്രമോഡിയോ ആവട്ടെ,ഇനിയും ജയിലില്‍ഇടുന്നത് ഏറ്റവും മഹത് എന്ന് കരുതപ്പെടുന്ന നമ്മുടെ ഭരണ ഘടനയെ അപ്രസക്തമാക്കും….

ഒന്നുകില്‍ മഅദനിയെ വിചാരണ ചെയ്യുക. അല്ലെങ്കില്‍ തുറന്നു വിടുക..അല്ലായെങ്കില്‍ രാജ്യസ്നേഹം വേണം എന്ന് ആരോടും പറയാന്‍ ഇന്ത്യ എന്നാ മഹാരാജ്യത്തിനു അവകാശമില്ലാതെ ആകുന്നു..കാരണം……ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ല…കോടതി കുറ്റവാളി എന്ന് വിധിക്കും വരെ ഏതൊരുവനും കുറ്റാരോപിതന്‍ (Accussed) മാത്രമാണ്.എന്നാല്‍ അജ്മല്‍ കസബിനു/ഇറ്റലിക്കാര്‍ക്ക് ലഭിക്കുന്ന നീതി പോലും മഅദനിക്ക്‌ ലഭിക്കുന്നില്ല.

ഇപ്പോള്‍ നടക്കുന്നത് ഒരു നിഴല്‍ യുദ്ധമാണ്…എല്ലാവരുംതോല്‍ക്കുന്ന യുദ്ധം. നമ്മുടെ നാടിന്‍റെ ഭാവിയെക്കരുതി, നമ്മുടെ മക്കളുടെ സമാധാനപൂര്‍വമായ ജീവിതത്തെ കരുതി നാട് മുഴുവന്‍ തോറ്റുപോകുന്ന ഈ യുദ്ധത്തില്‍ നിന്ന് എല്ലാവരും പിന്മാറണം. മഅദനിക്കും പ്രഗ്യാ സിങ്ങിനും പുരോഹിതിനും ഒക്കെ നീതി ലഭിക്കണം. സമ നീതി തന്നെ ലഭിക്കണം.

മദനി ഒരു രക്തസാക്ഷിത്വമല്ല ബലിമൃഗമാണ് എന്നുള്ളതാണ് സത്യം. തങ്ങളുടെ ഉദേശ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ മത രാഷ്ട്രീയവും വര്‍ഗ രാഷ്ട്രീയവും ഇടതു വലതു വ്യത്യാസമില്ലാതെ മറ്റു ഭൈമീകാമുകരും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ബലിക്കല്ലില്‍ അര്‍പ്പിച്ച ഒരു ബലിയാണ് മദനി.

പിന്‍ കുറിപ്പ്: മദനിയുടെ ജാമ്യവുമായി ബന്ധപ്പെട്ടു സോഷ്യല്‍ മീഡിയയില്‍ കണ്ട ഏറ്റവും ശ്രേദ്ധെയമായ കുറിപ്പ് നിങ്ങളോട് പങ്കുവെക്കുന്നു, എഴുതിയത് Rafeekh Kkd.

അതായിരുന്നു  മഅദനി കേരള മുസ്ലിമിന് നല്കിയ  സംഭാവന…. ” ഒരുതരംമരവിപ്പ്

1996 – 97 ൽആണെന്ന്തോന്നുന്നു. കോട്ടക്കൽ ഒതുക്കുങ്ങലിൽ മഅദനിയുടെറമളാൻ  പ്രഭാഷണം നടന്നത്.  ഒഴുക്ക്  ആയിരുന്നു, മനുഷ്യൻമാരുടെകുത്തൊഴുക്ക്.  ഞാനും എത്തി  അവിടെ , എൻറെ നാട്ടിലെ റമളാൻ മത പ്രഭാഷണ വേദികളിലെ സ്ഥിരം ശ്രേതക്കളായ ഒരു സംഘത്തിന്റെ കൂടെ…… സ്വലാത്തും നല്ല പ്രാർത്ഥനകളുമായി ആവേശഭരിതമായ ശൈലിയിൽ, നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷിയാക്കി പ്രഭാഷണം അങ്ങ് തുടങ്ങി,…..

പെട്ടന്നാണ് അദ്ദേഹം സദസ്സിനോട് ചോദിച്ചത്… “മതപ്രസംഗത്തിനെടെലെന്താ രാഷ്ട്രീയം പറയുന്നെന്ന് ചോദിക്കും, ഇത് ചോദിക്കുന്നോർക്ക് മതം എന്താന്ന് ചോദിച്ചാ അതൂം അറിഞ്ഞൂടാ…രാഷ്ട്രീയം എന്താന്ന് ചോദിച്ചാ അതൂം അറിഞ്ഞൂടാ ,..

പിന്നെ വിഷയം അങ്ങ് മാറി… അവിടം കിടന്നു വിറച്ചു…

“ജബൽപൂരിലെ, ഭഗൽപൂരിലെ, സെക്കന്ത്രാബാദിലെ… മിസോറമിലെ, മണിപ്പൂരിലെ, ആസാമിലെ … (അങ്ങിനെ അന്ന് വരെ കേട്ടിട്ടില്ലാത്ത എന്താന്നറിയാത്ത കുറെയധികം പേരുകൾ ഒരൊറ്റ ശ്വാസത്തിൽ). പാവപ്പെട്ട മുസ്ലിമിന്റെ, ദളിതന്റെ,  ആദിവാസിയുടെ,  ജീവനും, സ്വത്തിനും കുടുംബത്തിനും നേരെ നടക്കുന്ന ആക്രമണങ്ങളുടെ ഒരു നിര… “

തിരിച്ചു പോകുമ്പോൾ ജീപ്പിലുള്ളവരെല്ലാം ഒരു പ്രത്യക മരവിപ്പിൽ എന്താ കേട്ടത്,… എന്തിനാ വന്നത് എന്നറിയാത്ത ഒരവസ്ഥ. എനിക്ക് അത് തിരിച്ചറിയാൻ പറ്റിയതിനു കാരണം ഇതേ സംഘത്തിന്റെ കൂടെ ” മഅദിനിൽ നടന്നിരുന്ന കക്കാട് മുഹമ്മദ്‌ ഫൈസിയുടെ റമദാനിലെ ദശദിന പ്രഭാഷണത്തിനും, കോഴിക്കോട് നടന്നിരുന്ന സമദാനിയുടെ റമദാൻ പ്രഭാഷണത്തിനും, അതു പോലെ മറ്റു സ്ഥലങ്ങളിലേക്കും ആവേശത്തോടെ പോയി വന്നിരുന്നു. തിരിച്ചു വരുമ്പോൾ പ്രസംഗത്തിലെ വിഷയങ്ങളും പിറ്റേ ദിവസം എവിടെ പോകണം എന്നുമായിരുന്നു ചർച്ച. എന്നാൽ മഅദനി പ്രസംഗം കഴിഞ്ഞു വരുമ്പോൾ ആകെ ഒരു മൌനം, എന്താ പറഞ്ഞത്, എന്തിനെകുറിച്ചാ പറഞ്ഞത് എന്നു തിരിയാതെ.. 

അതായിരുന്നു മഅദനി കേരള മുസ്ലിമിന്ന് നല്കിയ സംഭാവന…. ” ഒരു തരം മരവിപ്പ് “

ഞങ്ങൾ പിറ്റേ ദിവസം പരസ്പരം ചോദിച്ചു എന്തായിരുന്നു ഇന്നലെ വിഷയം ?… ആർക്കും ഉത്തരമില്ലായിരുന്നു.

ഇന്നും മഅദനിയുടെ കാര്യത്തിൽ മലയാളിക്ക് ഒരു ഉത്തരവുമില്ല….. 

എന്താണ്സത്യം? എന്താണ്കളവ്‌…?

എന്റെ വ്യക്തിപരമായ വിശ്വാസം,… ഇപ്പോൾ അരവിന്ദ് കേജരിവാൾ നടത്തിയ പോലെ ഒരു വികാരത്തിന്റെ പുറത്തു സാമൂഹ്യ തിന്മക്കെതിരെ പോരാടാനിറങ്ങിയ ഒരു പോരാളി ( നേതാവ്) ആയിരുന്നു മഅദനിയും, വിവേകം ഉപയോഗിക്കാതെ വികാരത്തിനു പിന്നാലെ പോയ ഒരു പാവം.

*ലേഖനത്തിന്റെ ഉള്ളടക്കത്തിന് അഴിമുഖവുമായി ബന്ധമില്ല

This post was last modified on July 17, 2014 1:27 pm