X

ഞങ്ങള്‍ റോക്കറ്റ് വിക്ഷേപിക്കാറില്ല

സുദര്‍ശന്‍ രാഘവന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ബെയ്ത്ത് ലാഹ്യ, ഗാസ മുനമ്പ്- ശനിയാഴ്ച യുദ്ധം തകര്‍ത്ത ഈ വടക്കന്‍ ഗാസയിലെ നഗരത്തിലെ തങ്ങളുടെ വസതികളിലേക്ക് ഇവിടുത്തെ താമസക്കാര്‍ മടങ്ങി വരാന്‍ തുടങ്ങി. തങ്ങളുടെ വിലപ്പെട്ട വസ്തുക്കളും പ്രതീക്ഷയും മാത്രം കൈമുതലാക്കി കൊണ്ട്.

മൂന്നര ആഴ്ച മുമ്പ് യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും നല്ല വാര്‍ത്തയാണ് ഇപ്പോള്‍ അവര്‍ക്ക് ലഭിച്ചത്. ബെയ്ത്ത് ലാഹ്യയിലെ തങ്ങളുടെ നീക്കങ്ങള്‍ അവസാനിച്ചതായും അവിടേക്ക് മടങ്ങി പോകാമെന്നും ഇസ്രായേല്‍ സേന അവരെ അറിയിച്ചിരിക്കുന്നു. പക്ഷെ ഇസ്രായേലും പലസ്തീനും തമ്മില്‍ തലമുറകളായി തുടരുന്ന യുദ്ധം മൂലം പരസ്പര വിശ്വാസം തീരെയില്ലാത്തതിനാല്‍ ഭൂരിപക്ഷം പേരും ഈ മടക്കത്തിന് തയ്യാറായില്ല.

മിക്കവര്‍ക്കും ഇതൊരു തിരഞ്ഞെടുപ്പിന്റെ പ്രശ്‌നമായിരുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന യുഎന്‍ സ്‌കൂളില്‍ തുടര്‍ന്നും താമസിക്കണോ? ക്ലാസ് മുറികളില്‍ ബ്ലാങ്കറ്റ് പുതച്ച് ചുരുണ്ട് കിടക്കണോ? കുളിക്കാന്‍ പോലും വെള്ളം തികയാത്ത ക്യാമ്പില്‍ തുടരണോ? അതോ ഇനിയും വ്യോമാക്രമണമോ ഷെല്ലുകളോ വന്നാലും സാരമില്ല സ്വന്തം വീട്ടിലെ സ്വന്തം കിടക്കയില്‍ ഉറങ്ങുകയും സ്വന്തം കുളിമുറിയില്‍ കുളിക്കുകയും ചെയ്യണോ?

എന്നാല്‍ ഇസ്രായേലിന്റെ ഉറപ്പിന് മേല്‍ കൂടുതല്‍ ആലോചിക്കാന്‍ അത്താര്‍ കുടുംബാംഗങ്ങള്‍ തയ്യാറായില്ല.

‘വീട്ടിലേക്ക് മടങ്ങി പോകുന്നതാവും സുരക്ഷിതമെന്ന് ഇസ്രായേലികള്‍ ഞങ്ങളോട് പറഞ്ഞു.’ കുടുംബത്തിലെ മുതിര്‍ന്ന അംഗമായ അബു ഖാലിദ് അല്‍-അത്താര്‍ പറഞ്ഞു. ‘ഞങ്ങള്‍ അവരെ വിശ്വസിക്കുകയാണ്.’

തങ്ങള്‍ രണ്ടാഴ്ചയായി കഴിഞ്ഞിരുന്ന യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് പലരും ശനിയാഴ്ച വൈകിട്ടോടെ വീടുകളിലേക്ക് മടങ്ങി.

അവര്‍ കാറുകള്‍ വാടകയ്‌ക്കെടുത്ത്, തങ്ങളുടെ കിടക്കകള്‍ അതിന് മുകളില്‍ ചുരുട്ടി വച്ച് അതില്‍ നുഴഞ്ഞ കയറി, ഗാസ മുനമ്പിലെ മറ്റ് അതിര്‍ത്തി പ്രദേശങ്ങളെ പോലെ തന്നെ ആക്രമണ സൈറണുകള്‍ പക്ഷികളുടെ കളകൂജനത്തെ ഇല്ലാതാക്കിയ ബെയ്ത്ത് ലാഹ്യയിലെ വീടുകളിലേക്ക് മടങ്ങി. 

ഒരു കുന്നിന്‍ ചെരുവില്‍ ഒന്നിന് പിന്നാലെ ഒന്നായാണ് അത്താര്‍ കുടുംബത്തിന്റെ വീടുകള്‍ സ്ഥിതി ചെയ്യുന്നത്. ഗാസയില്‍ നിന്നുള്ള നിരവധി റോക്കറ്റ് ആക്രമണങ്ങളുടെ ലക്ഷ്യസ്ഥാനമായ ആഷ്‌കെലോണ്‍ എന്ന തെക്കന്‍ ഇസ്രായേലി പട്ടണം ആ കുന്നിന്‍ ചെരുവില്‍ നിന്നാല്‍ കാണാം. അത്താര്‍ കുടുംബക്കാര്‍ ഭാഗ്യവാന്മാരാണ്. കാരണം അവരുടെ വീടുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. തങ്ങളുടെ ജീവിതത്തിന്റെ ഒരു ഘട്ടം പിന്നിട്ടു എന്ന വിശ്വാസത്തോടെ അവര്‍ പുനരധിവാസത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ദൂരെ നിന്നും തെക്കന്‍ ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ മൂളിപ്പറക്കുന്ന ശബ്ദം അവരെ വ്യാകുലപ്പെടുത്തുന്നില്ല. അവസാനം അവര്‍ വീടുകളില്‍ മടങ്ങിയെത്തി. ബെയ്ത്ത് ലാഹ്യയില്‍ സമാധാനം നിലനില്‍ക്കുന്നു. 

ശനിയാഴ്ച രാത്രി വരെയെങ്കിലും അതങ്ങനെയായിരുന്നു.

ജമാല്‍ അല്‍-അത്താറിന്റെ നീല മൊബൈല്‍ ഫോണില്‍ ബെല്ലടിക്കുന്നു. 08 എന്ന പ്രാദേശിക കോഡുള്ള തിരിച്ചറിയാവുന്ന നമ്പറായിരുന്നു അത്: ഇസ്രായേല്‍ സേനയുടെ പ്രവര്‍ത്തന ആസ്ഥാനങ്ങളില്‍ ഒന്നായ തെക്കന്‍ ഇസ്രായേലില്‍ നിന്നുള്ള സന്ദേശമായിരുന്നു അത്: നിങ്ങളുടെ വീടുകള്‍ പെട്ടെന്ന് ഒഴിഞ്ഞു പോവുക. ഹൈദര്‍ അല്‍-അത്താറിന്റെ വീടിന് നേരെ ഞങ്ങള്‍ ആക്രമണം നടത്താന്‍ പോവുകയാണ്. ഒഴിഞ്ഞ് പോകാന്‍ നിങ്ങള്‍ക്ക് അഞ്ച് മിനിട്ട് സമയമുണ്ട്. 

തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ജമാലിന്റെ സഹോദരനാണ് ഹൈദര്‍. മറ്റ് രണ്ട് സഹോദരന്മാരുടെ വീടും തൊട്ടടുത്ത് തന്നെയാണ്.എല്ലാവരോടും ഒഴിഞ്ഞു പോകാന്‍ ജമാല്‍ അലറി വിളിച്ചു കൊണ്ടിരുന്നു. തങ്ങളുടെ കുഞ്ഞുങ്ങളെയും എടുത്ത് പരമാവധി വസ്തുക്കളും പേറി സ്ത്രീകളും പുരുഷന്മാരും തൊട്ടടുത്ത പള്ളിയില്‍ അഭയം തേടി.

മിനിട്ടുകള്‍ക്ക് ശേഷം ഹൈദര്‍ അല്‍-അത്താറിന്റെ വീടിനെ തകര്‍ത്തുകൊണ്ട് ഒരു സ്‌ഫോടനം നടന്നു. അദ്ദേഹത്തിന്റെ സഹോദരന്മാരുടെ വീടുകളും വാസയോഗ്യമല്ലാത്ത വിധത്തില്‍ തകര്‍ന്നുപോയി. പെട്ടെന്ന് രക്ഷപ്പെടാന്‍ കഴിയാതിരുന്ന ചില കുടുംബാംഗങ്ങള്‍ക്ക് നിസാര പരിക്കുകള്‍ പറ്റി. പക്ഷെ ആരും കൊല്ലപ്പെട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

ബെസ്റ്റ് ഓഫ് അഴിമുഖം

ഗാസയില്‍ ഒരിടവും സുരക്ഷിതമല്ല
ഈദ് ദിനത്തില്‍ ഗാസയിലെ ബീച്ച് ക്യാമ്പില്‍ സംഭവിച്ചത്
അവര്‍ക്കിടയിലെ അകലം വെറും 50 മൈല്‍; പക്ഷേ തമ്മില്‍ കണ്ടിട്ട് 15 വര്‍ഷം
ഞങ്ങള്‍ എവിടേക്കാണ് രക്ഷപ്പെടേണ്ടത്? ഗാസക്കാര്‍ ചോദിയ്ക്കുന്നു
കബറടക്കാനാകാതെ ഗാസ

അത്താര്‍ കുടുംബത്തിന്റെ അവസ്ഥയെ കുറിച്ച് ഒരു ഇസ്രായേലി സൈനീക വക്താവിനോട് അഭിപ്രായം ആരാഞ്ഞെങ്കിലും ഉടനടി പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. 

എന്തെങ്കിലും സ്ഥാവരജംഗമ വസ്തുക്കള്‍ തിരിച്ചെടുക്കാന്‍ കഴിയും എന്ന പ്രതീക്ഷയില്‍ അത്താര്‍ സഹോദരന്മാര്‍ ഞായറാഴ്ച മണ്‍കൂനകള്‍ക്ക് നടുവിലൂടെ നടന്നു. ജൂത രാജ്യത്തിന് തങ്ങള്‍ ഒരു സുരക്ഷ ഭീഷണിയും മുഴക്കിയിട്ടില്ലെന്ന് അവര്‍ ആവര്‍ത്തിച്ച് പറയുന്നു.

‘ഞങ്ങള്‍ എല്ലാവരും ഇസ്രായേലില്‍ ജോലി ചെയ്തിരുന്നു,’ ജമാല്‍ അല്‍-അത്താര്‍ പറയുന്നു. ‘ഞങ്ങള്‍ പോരാളികളല്ല. ഇവിടെ നിന്നും ഞങ്ങള്‍ റോക്കറ്റുകള്‍ വിക്ഷേപിക്കാറില്ല. ഞങ്ങള്‍ ദരിദ്രരായ കര്‍ഷകരാണ്. ഞങ്ങള്‍ ജോലി ചെയ്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്നു.’

തങ്ങള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്ന് അവര്‍ ആവര്‍ത്തിക്കുന്നു. ‘ഞങ്ങള്‍ക്ക് മടങ്ങി വരാമെന്ന് അവര്‍ ഞങ്ങളോട് പറഞ്ഞു.’ മന്‍സൂര്‍ അല്‍-അത്താര്‍ പറഞ്ഞു. ‘ഇസ്രായേലികള്‍ ഞങ്ങളെ വഞ്ചിച്ചു.’

ഇനി എവിടെ ഉറങ്ങും എന്ന വലിയ ചോദ്യം അവരുടെ മുന്നില്‍ ബാക്കിയാണ്. ‘ഇനി ഞങ്ങള്‍ക്ക് യു.എന്‍.ആര്‍.ഡബ്ല്യു.എ സ്‌കൂളിലേക്ക് പോലും മടങ്ങി പോകാനാവില്ല.’ അബ്ദുള്‍ ഖാലിദ് അല്‍-അത്താര്‍ ചൂണ്ടിക്കാട്ടുന്നു. ‘അവിടം നിറഞ്ഞു കഴിഞ്ഞു. മറ്റ് ചില കുടുംബങ്ങള്‍ ഞങ്ങളുടെ സ്ഥലത്ത് താമസം തുടങ്ങി കഴിഞ്ഞു.’

This post was last modified on August 5, 2014 8:34 am