X
    Categories: News

പോള്‍ വാക്കറുടെ മകള്‍ പോഷെയ്‌ക്കെതിരെ നിയമ നടപടിക്ക്

അഴിമുഖം പ്രതിനിധി

പ്രമുഖ ഹോളിവുഡ് താരമായ പോള്‍ വാക്കറുടെ മരണത്തിന് കാരണമായ വാഹനാപകടത്തില്‍ വാക്കര്‍ സഞ്ചരിച്ചിരുന്ന കാറിന് നിരവധി രൂപകല്‍പനാ പാളിച്ചകള്‍ ഉണ്ടായിരുന്നുവെന്ന് ആരോപിച്ച് വാക്കറുടെ മകള്‍ പോഷെയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നു. ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് പരമ്പരയിലെ സിനിമകളിലൂടെ കാര്‍ പ്രേമികളുടെ മനസിലിടം പിടിച്ച വാക്കര്‍ 2013 നവംബറിലാണ് അപകടത്തില്‍ കൊല്ലപ്പെടുന്നത്. അദ്ദേഹം സഞ്ചരിച്ചിരുന്ന പോര്‍ഷെ കറെറാ ജിടി അപകടത്തില്‍പ്പെട്ടപ്പോള്‍ വാക്കര്‍ക്ക് പുറത്തിറങ്ങാനാകാതെ കാറില്‍ കുടുങ്ങിപ്പോകാന്‍ കാരണം നിര്‍മ്മാണ പാളിച്ചകളാണെന്ന് മെഡോ റെയ്ന്‍ വാക്കര്‍ ആരോപിക്കുന്നു. ഫാസ്റ്റ് ആന്റ് ഫ്യൂരിയസിന്റെ ഏഴാമത്തെ സിനിമ ഷൂട്ടിംഗ് നടക്കുന്ന കാലയളവിലാണ് വാക്കര്‍ കൊല്ലപ്പെടുന്നത്. കാലിഫോര്‍ണിയയിലെ സാന്താ ക്ലാരിറ്റാ തെരുവില്‍ വച്ചാണ് അപകടം ഉണ്ടായത്. അദ്ദേഹത്തിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ റോജര്‍ റോഡസ് ഓടിച്ചിരുന്ന കറെറാ ജിടിയിലായിരുന്നു വോക്കര്‍ സഞ്ചരിച്ചിരുന്നത്. ഈ വാഹനം നിയന്ത്രണം വിട്ട് മൂന്ന് മരങ്ങളില്‍ ഇടിക്കുകയും തീപിടിച്ച് പൊട്ടിത്തെറിക്കുകയും ആയിരുന്നു. കാറില്‍ സ്ഥിരതാ നിയന്ത്രണ സംവിധാനവും അപകടശേഷം തീപിടിച്ചാല്‍ യാത്രക്കാരെ സംരക്ഷിക്കുന്ന സുരക്ഷാ സംവിധാനങ്ങളും ഇല്ലായിരുന്നു. അപകടം നടക്കുമ്പോള്‍ വാഹനം മണിക്കൂറില്‍ 151 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിച്ചിരുന്നത് എന്ന് അപകടത്തെ കുറിച്ച് അന്വേഷിച്ച വിദഗ്ദ്ധര്‍ കണ്ടെത്തിയിരുന്നു. ഇതിനെ മെഡോ വാക്കര്‍ ചോദ്യം ചെയ്യുന്നുണ്ട്. കാര്‍ മണിക്കൂറില്‍ 101 കിലോമീറ്ററിനും 114 കിലോമീറ്ററിനും ഇടയിലെ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നതെന്നാണ് മെഡോയുടെ വാദം.