X

നടിമാർ ഒറ്റയ്ക്ക് സഞ്ചരിക്കരുതെന്ന് ‘അമ്മ’; എല്ലാവർക്കും വല്യേട്ടന്മാരുടെ അഭിപ്രായമാണോയെന്ന് സജിത മഠത്തിൽ

ആണ്‍തുണയില്ലാതെ ജോലി സ്ഥലത്തു വന്ന് എന്തെങ്കിലും സംഭവിച്ചാല്‍ അതില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ലെന്ന്!

നടിമാര്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യുടെ നിര്‍ദേശത്തിനെതിരെ സജിത മഠത്തില്‍. പകലായാലും രാത്രിയായാലും നടിമാര്‍ക്ക് വാഹനങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടിവരേണ്ട സാഹചര്യം ഉണ്ടാവരുതെന്നാണ് കഴിഞ്ഞ ദിവസം സംഘടനയുടെ പ്രധാന ഭാരവാഹികള്‍ പങ്കെടുത്ത എക്‌സിക്യൂട്ടീവ് യോഗത്തില്‍ വന്ന നിര്‍ദേശം. ഇതിനെതിരെയാണ് സജി മഠത്തില്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചിരിക്കുന്നത്.

സജിത മഠത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

അമ്മയിലായിരുന്നു എന്റെ എല്ലാ പ്രതീക്ഷയും. ഇനി എന്തു ചെയ്യും? പ്രൊഡക്ഷന്‍ ആവശ്യത്തിനായി നടികള്‍ നടത്തുന്ന യാത്രയുടെ ഉത്തരവാദിത്വം പോലും ഞങ്ങള്‍ ഏറ്റെടുക്കില്ല എന്നാണോ അമ്മ പറയുന്നത്

ഞാനാണെങ്കില്‍ അമ്മയുടെ കുടുബത്തില്‍ അംഗമാകാന്‍ ഏറെ ആഗ്രഹിക്കുന്ന ഒരാളാണ്. പക്ഷെ ഇരുപത്തി അഞ്ചു വര്‍ഷമെങ്കിലുമായി ഇന്ത്യക്കകത്തും പുറത്തും ഒറ്റക്കാണ് യാത്ര ചെയ്തിട്ടുള്ളത്, കൂടെ യാത്ര ചെയ്യാന്‍… പ്രത്യേകിച്ച് എന്റെ സുരക്ഷക്കായി ആരും വേണമെന്നു കരുതുന്നുമില്ല! എന്നെ പോലെ ഉള്ള കുറച്ചു നടികളെങ്കിലും ഈ രംഗത്തുണ്ടാവില്ലെ?

ജോലി സമയത്ത് (രാപ്പകല്‍) ഒറ്റക്ക് പണിയെടുക്കുന്ന നടിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ഇനി മുതല്‍ സ്വയം ഏറ്റെടുക്കണം എന്നാണോ അമ്മ പറയുന്നത്? മറ്റു സര്‍വ്വീസ് സംഘടനകള്‍ തങ്ങളുടെ അംഗങ്ങളായ സ്ത്രീകളോട് ഇത്തരം ആവശ്യം ഉന്നയിക്കുമോ? (ആണ്‍തുണയില്ലാതെ ജോലി സ്ഥലത്തു വന്ന് എന്തെങ്കിലും സംഭവിച്ചാല്‍ അതില്‍ തങ്ങള്‍ക്കു ഉത്തരവാദിത്വം ഇല്ലെന്ന് ‘?)

2017-ല്‍ കേരളത്തിലെ ഒരു സംഘടനക്ക് ഇത്രയും സ്ത്രീ വിരുദ്ധമായ തീരുമാനം ഉറക്കെ പറയാന്‍ സാധിക്കുന്നത് ഏറെ വേദന ഉണ്ടാക്കുന്നു. ശരീരത്തിനു നേരെ നടക്കുന്ന ആക്രമണങ്ങളെക്കാള്‍ ഇത് വേദനാജനകമാണ് എന്നു പറയാതെ വയ്യ!

അപ്പോ ഒരു സംശയം.. ഈ തീരുമാനമെടുക്കുമ്പോള്‍ ഇടതുപക്ഷ എംപി സ്ഥലത്ത് ഉണ്ടായിരുന്നോ? സ്ത്രീ അംഗങ്ങള്‍ക്കും വല്ല്യേട്ടന്മാരുടെ അഭിപ്രായമാണോ? അപ്പോ പിന്നെ ഡര്‍ബാര്‍ ഹാളില്‍ എന്തിനാ കൂടിയത്?

This post was last modified on February 23, 2017 10:39 am