X

ഒരുപാടുപേരുടെ ജീവിതം തകര്‍ത്തില്ലേ, ഇനിയും ഉപദ്രവിക്കാനാണ് ഭാവമെങ്കില്‍ നേരിടും; ആഷിഖ് അബു

നടിക്കെതിരേ നടന്ന ആക്രമണത്തിന് ഓര്‍ഗനൈസ്ഡ് ക്രൈമിന്റെ സ്വഭാവം

നടിക്കെതിരായി നടന്ന ആക്രമണത്തിന് ഓര്‍ഗനൈസ്ഡ് ക്രൈമിന്റെ സ്വഭാവമാണെന്നു സംവിധായകന്‍ ആഷിഖ് അബു. ഏഷ്യാനെറ്റിന്റെ ന്യൂസ് അവറില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴായിരുന്നു ആഷിഖ് ഇത്തരത്തില്‍ പ്രതികരണം നടത്തിയത്. പേരില്‍ മാത്രം സംഘടനയെന്ന് അവകാശപ്പെടുന്ന ഒന്നാണ് അമ്മയെന്നും യാതൊരുവിധ ജനാധിപത്യവും അതിലില്ലെന്നും ആഷിഖ് കുറ്റപ്പെടുത്തി.

ആഷിഖ് അബുവിന്റെ വാക്കുകളിലൂടെ;

പൊലീസ് അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നത്. ഞങ്ങളെല്ലാവരും വലിയ പ്രതീക്ഷയിലാണ്. വളരെ ഷോക്കിംഗ് ആയിട്ടുള്ള വെളിപ്പെടുത്തലുകളും കാര്യങ്ങളുമാണ് കുറച്ചു ദിവസങ്ങളായി കേട്ടുകൊണ്ടിരിക്കുന്നത്. വര്‍ഷങ്ങളായി അറിയാവുന്ന സുഹൃത്തിനു സംഭവിച്ച അപകടത്തിന്റെ ഷോക്കായിരുന്നു ഇതുവരെ. ആ ഷോക്ക് ഇപ്പോള്‍ മറ്റൊരു രീതിയില്‍ പരിണമിക്കുകയാണ്. ഒരു വ്യക്തിയേയല്ല, നിയമവ്യവസ്ഥയിലാണ് എല്ലാവരും വിശ്വസിക്കേണ്ടതെന്നാണ് അടുത്തിടെ നടക്കുന്ന കാര്യങ്ങളൊക്കെ വെളിവാക്കി തരുന്നത്. മനുഷ്യരെപ്പറ്റി നമ്മള്‍ ചിന്തിക്കുന്ന രീതിയലല്ല കാര്യങ്ങള്‍ പോകുന്നത്.

ഡല്‍ഹിയിലെ നിര്‍ഭയ കേസ് ആ സമയത്ത് അക്രമികള്‍ക്ക് തോന്നിയതാണെങ്കില്‍ ഇവിടെ നടന്ന അക്രമണത്തിന് ഒരു ഓര്‍ഗനൈസ്ഡ് ക്രൈമിന്റെ സ്വഭാവമാണ്. വളരെ അപകടം പിടിച്ചൊരു സംഗതിയായിട്ടാണ് തോന്നുന്നത്. അതു വളരെ ഷോക്കിംഗ് ആണ്.

സിനിമക്കാരെപ്പറ്റി പൊതുവായി പറയുന്നത് സ്ഥിരമായി ശത്രുക്കളോ മിത്രങ്ങളോ ഇല്ലാത്താവരെന്നാണ്. അമ്മയുടെ മീറ്റിംഗില്‍ ഉണ്ടായിരുന്നവരെല്ലാം നല്ല അഭിനേതാക്കളാണ്. പേരില്‍ മാത്രം സംഘടനയെന്ന് അവകാശപ്പെടുന്ന ഒരു സംഘടനയാണ് അമ്മ. ഒരു സംഘടനയുടെതായ ഒരു സ്വഭാവും അതിനില്ല. കുറച്ചാളുകള്‍ കൂടിയിരുന്ന് ചില കാര്യങ്ങള്‍ തീരുമാനിക്കുന്നു. വ്യക്തിപരമായ സ്വാധീനങ്ങള്‍ മാത്രമുള്ള ഒരു സംഘടനയായിട്ടാണ് ‘അമ്മ’യെ തോന്നിയിട്ടുള്ളത്. യാതൊരുവിധ ജനാധിപത്യവും അതിനകത്ത് ഇല്ലായെന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. ഞാന്‍ അമ്മയില്‍ അംഗമല്ല. പുറത്തു ജനങ്ങള്‍ക്കിടയില്‍ നിന്നും നോക്കിക്കാണുന്ന ഒരാളെന്ന നിലയ്ക്ക് അങ്ങേയറ്റം പ്രതിഷേധപരമായ കാര്യങ്ങളാണ് ജനപപ്രതിനിധികള്‍ അടക്കം അന്നു ചെയ്തത്. എല്ലാ ചോദ്യങ്ങളെയും വളരെ പരിഹാസരൂപേണ നേരിടുന്ന നേതാക്കള്‍. എല്ലാം തമാശയാണ്. കൂടെ വര്‍ക്ക് ചെയ്യുന്നൊരാള്‍ക്ക് സംഭവിച്ച അപകടം അടക്കം തമാശയാണ്. ആ കൂട്ടിയെ പരസ്യമായി പേരെടുത്ത് പറഞ്ഞുകൊണ്ട് വീണ്ടും ഉപദ്രവിച്ചപ്പോഴും അത് ചര്‍ച്ച ചെയ്യാതെ തമാശ പറയലും ചായകുടിക്കലുമൊക്കെയാണ് ആ മീറ്റിംഗില്‍ നടന്നത്. മനുഷ്യത്വമില്ലാത്ത പ്രവര്‍ത്തി. അവരുടെ പെരുമാറ്റം ആ കുട്ടിയെ ഒരുപാട് വേദനിപ്പിച്ചു കാണുമെന്നകാര്യത്തില്‍ സംശയമില്ല.

ഈ കൂടിയിരിക്കുന്നവരുടെ സംഘബലമൊക്കെ എത്രത്തോളമുണ്ടെന്ന് അടുത്ത ദിവസങ്ങളില്‍ നാം കാണേണ്ടിയിരിക്കുന്നു. ഇനിയവര്‍ കൂടിയിരുന്ന് ഇത്ര ആക്രോശിക്കുമോയെന്ന് എനിക്ക് സംശയമുണ്ട്. ഒരുപക്ഷേ അവരുമൊക്കെ തെറ്റിദ്ധരിക്കപ്പെട്ടതുമാകാം.

ഒതുക്കലിന്റെയൊക്കെ കാലഘട്ടം കഴിഞ്ഞു എന്നിവര്‍ മനസിലാക്കുന്നില്ല. കുറെക്കാലം ഒരുപാട് മനുഷ്യരെ ഇതേപോലെ ഒതുക്കി അവരുടെയൊക്കെ ജീവിതം നശിപ്പിച്ചിട്ടുള്ള ആളുകളാണിവര്‍. ഇനിയങ്ങനെയൊന്നും സംഭവിച്ചെന്നു വരില്ല. കാരണം പുതിയ തലമുറ കാര്യങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു, അതു സിനിമയാണെങ്കിലും മറ്റുകാര്യങ്ങളായാലും.

ഇവിടെ സിനിമ വിലക്കുന്നവരെല്ലാം അംഗീകൃത സംഘടനയില്‍ ഉള്ള ആള്‍ക്കാരല്ല. സിനിമ ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് സിനിമ ചെയ്യാന്‍ പറ്റും. അതിനുള്ള സാഹചര്യം ഇന്നു തത്കാലം കേരളത്തിലുണ്ട്. ആരിരുന്നു വിലക്കിയാലും അതിവിടെ നടപ്പാകാന്‍ പോകുന്നില്ല.

ഞങ്ങളൊക്കെ സാധാരണക്കാരായ ആളുകളാണ്. ഞാനൊരു സര്‍ക്കാര്‍ ഡ്രൈവറുടെ മകനാണ്. അമല്‍ ഒരു സര്‍ക്കാര്‍ അധ്യാപകന്റെ മകനാണ്. ഒരു എഞ്ചിന്‍ ഡ്രൈവറുടെ മകനാണ് അന്‍വര്‍. ഞങ്ങളെല്ലാവരും സിനിമയുടെ പ്രൊഡക്ഷന്‍ സൈഡിലേക്കും വിതരരംഗത്തേക്കുമൊക്കെ വരേണ്ടി വന്നതുപോലും ഈ ലോബികളുടെ പീഢനം സഹിക്കാന്‍ പറ്റാതായതുകൊണ്ടാണ്. ഇനിയും ഞങ്ങളെ ഉപദ്രവിക്കാനാണ് ഭാവമെങ്കില്‍ ഞങ്ങളതിനെ നേരിടും. അതിലൊരു സംശയവും വേണ്ട.

ദിലീപേട്ടന്‍ നമ്മുടെ കൂടെയുണ്ടെന്നാണ് അമലും അന്‍വറിനോടുമൊക്കെ പറഞ്ഞത്. പക്ഷേ ഫലത്തില്‍ ഡിസ്ട്രിബ്യൂഷന്‍ സംഘടനയുടെ ഓഫിസില്‍ നിന്നും ഫോണ്‍ ചെയ്ത് പറഞ്ഞപ്രകാരം പത്തുനാപ്പത് തിയേറ്റുകളില്‍ വിലക്കും പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. വ്യക്തിവൈരാഗ്യത്തിന്റെയും പേഴ്‌സണല്‍ ഈഗോയുടെയും പുറത്താണ് ഇതൊക്കെ നടക്കുന്നത്. ഇങ്ങനെയൊക്കെ തന്നെയാണ് വിനയനോടും തിലകനോടുമൊക്കെ ചെയ്തത്. ഇതെല്ലാം വ്യക്തിപരമായ ഈഗോയാണ്. പക്ഷേ ഇവര്‍ ഉപദ്രവിക്കുന്നത് ഒരു വലിയ വിഭാഗത്തെയാണ്.

This post was last modified on July 12, 2017 5:08 pm