X

കേരള സന്ദര്‍ശനത്തിനെത്തിയ അദ്വാനിയെ പോലീസ് സ്‌റ്റേഷനില്‍ ഇരുത്തി; നേതാവിനെ അപമാനിച്ചെന്ന് ബിജെപി

സിപിഎം പ്രകടനത്തിന്റെ പേരില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെ അപമാനിച്ചെന്ന് ബിജെപി

കേരള സന്ദര്‍ശനത്തിനെത്തിയ മുന്‍ ദേശീയ പ്രസിഡന്റ് എല്‍കെ അദ്വാനിയെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കുത്തിയതോട് സിഐ ഓഫീസില്‍ കയറ്റി ഇരുത്തി. അദ്വാനിയുടെ ആവശ്യപ്രകാരമാണ് ഇതെന്നാണ് പോലീസ് വിശദീകരിക്കുന്നത്. എന്നാല്‍ സിപിഎം പ്രകടനത്തിന്റെ പേരില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെ അപമാനിച്ചെന്ന് ബിജെപി ആരോപിച്ചു.

ഇന്നലെ വൈകിട്ടാണ് സംഭവം. സ്വകാര്യ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയ അദ്വാനി നെടുമ്പാശേരിയില്‍ നിന്നും കുമരകത്തേക്ക് വരുന്നതിനിടെയാണ് സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം നടന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിക്ക് നേരെയുണ്ടായ ഹിന്ദുസേന പ്രവര്‍ത്തകരുടെ അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഇന്നലെ വൈകിട്ട് സംസ്ഥാനമൊട്ടാകെ പ്രകടനങ്ങള്‍ നടന്നത്.

ഈ സാഹചര്യത്തില്‍ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുകയായിരുന്നെന്ന് മധ്യമേഖല ഐജി പി വിജയന്‍ പറഞ്ഞു. ദേശീയ പാതയില്‍ തുറവൂര്‍ ഭാഗത്ത് എത്തിയപ്പോള്‍ അദ്വാനി ശുചിമുറിയില്‍ പോകണമെന്ന് ആവശ്യപ്പെട്ടത് അനുസരിച്ച് ഡിവൈഎസ്പിയെ വിവരം അറിയിക്കുകയും യാത്രക്കിടയിലെ സുരക്ഷിത സ്റ്റേഷനായി പരിഗണിച്ച് കുത്തിയതോട് സ്‌റ്റേഷനില്‍ എത്തിക്കുകയുമായിരുന്നെന്നാണ് ആലപ്പുഴ ജില്ല പോലീസ് മേധാവി വിഎം മുഹമ്മദ് റഫീക്ക് ആദ്യം അറിയിച്ചത്.

അതേസമയം സിപിഎം പ്രതിഷേധത്തിന്റെ പേരില്‍ അതീവ സുരക്ഷയുള്ള ദേശീയ നേതാവിന് മതിയായ സംരക്ഷണം നല്‍കാതെ തടഞ്ഞുവയ്ക്കുകയായിരുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ സോമന്‍ ആരോപിച്ചു. അദ്വാനിയുടെ സന്ദര്‍ശനം നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. ഡല്‍ഹിയിലെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് അദ്വാനിക്ക് കര്‍ശന സുരക്ഷ ഒരുക്കുകയാണ് വേണ്ടിയിരുന്നതെന്നും സ്‌റ്റേഷനില്‍ ഇരുത്തി അദ്ദേഹത്തെ അപമാനിക്കുകയായിരുന്നുവെന്നും സോമന്‍ പറഞ്ഞു.