X

പൂച്ചക്കിപ്പോള്‍ മണികെട്ടിയില്ലെങ്കില്‍ അതൊരു അലഞ്ഞുതിരിയുന്ന പട്ടിയായി മാറാം

അഡ്വ. രഞ്ജിത് മാരാര്‍

ഒരു കുറ്റസമ്മതത്തിന്റെ ആവശ്യമുണ്ട്. ഞാന്‍ തെറ്റുകാരനാണ്. ഞാന്‍ വ്യവസ്ഥയ്ക്കുള്ളില്‍ നിന്നും പോരാടാന്‍ ശ്രമിച്ചു. തെറ്റായിരുന്നു, അകത്തുനിന്നും അതിനെ ശരിയാക്കാനാകില്ല, പുറത്തുവന്നേ പറ്റൂ. മാധ്യമങ്ങളുടെ സാധ്യതയുടെ ആനുകൂല്യങ്ങള്‍ ഞങ്ങള്‍ ഉപയോഗിച്ചു. അതാണ് കാരണവും കാര്യകാരണബന്ധവും ഉണ്ടാക്കിയതും. അതില്‍ സംശയമൊന്നുമില്ല. പക്ഷേ മാധ്യമസംവിധാനം എല്ലാം തികഞ്ഞതാണോ? അല്ലെന്നാണ് ഞാന്‍ കരുതുന്നത്. അതിലും നല്ലതും ചീത്തയുമുണ്ട്. ഒരഭിപ്രായം പ്രചരിപ്പിക്കാനോ പൊതുജനാഭിപ്രായം സൃഷ്ടിക്കാനോ ആളുകളിലേക്ക് എത്തേണ്ടതുണ്ട്. അറിയാനുള്ള മൗലികാവകാശം പൊതുജനത്തിനുമുണ്ട്. അതാര്‍ക്കും നിഷേധിക്കാനാകില്ല. പലപ്പോഴും പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതുമായ വാര്‍ത്തകള്‍ വളച്ചൊടിച്ചതാവാറുണ്ട്. സമൂഹത്തില്‍ ഉന്നതാധികാര സ്ഥാനങ്ങളിലുള്ളവര്‍ക്കെതിരായ വാര്‍ത്തകള്‍ പ്രത്യേകിച്ചും. ഇത്തരം ചെളിവാരിയെറിയലില്‍ മാത്രം നിലനിന്നുപോന്ന പ്രസിദ്ധീകരണങ്ങളുമുണ്ട്. സമൂഹവും ഇതാസ്വദിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം. കുറ്റാരോപിതരുടെ അവകാശങ്ങള്‍ മാധ്യമങ്ങള്‍ ഇല്ലാതാക്കുന്നതിനെക്കുറിച്ച് പ്രതിഭാഗം അഭിഭാഷകര്‍ ഏറെക്കാലമായി വിലപിക്കുന്നു. ചാനല്‍ ചര്‍ച്ചകള്‍ മിക്കപ്പോഴും ഒരു വശം മാത്രം ഉയര്‍ത്തിക്കാണിക്കുന്നവയാണ്. വിചാരണ തുടങ്ങും മുമ്പേ അത് കുറ്റവാളിയെ തീരുമാനിക്കുന്നു. സാക്ഷികള്‍ പോലും ഈ ചാനല്‍കഥകളുടെ ചുവടുപിടിച്ചാണ് പലപ്പോഴും മൊഴി നല്‍കുന്നത്. 

ഒരുതരം മാധ്യമമായികതയാണ് ഈ കഥകള്‍ ഉണ്ടാക്കുന്നത്. ഇത് നീതിന്യായ പ്രക്രിയയെപ്പോലും സ്വാധീനിക്കുകയാണ്. വിഷയത്തിന്റെ മറുവശം പറയാന്‍ പലപ്പോഴും പ്രതിഭാഗം അഭിഭാഷകന് ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടിവരുന്നുണ്ട്. ജയിക്കാനാണ് എല്ലാ പോരാട്ടവും. ചില ചര്‍ച്ചകളില്‍ ഏകപക്ഷീയമായ വ്യാഖ്യാനങ്ങളില്‍ മടുത്തു പ്രതിഭാഗം അഭിഭാഷകര്‍ക്ക് ഇറങ്ങിപ്പോരേണ്ടിവന്നിട്ടുണ്ട്. കരണ്‍ ഥാപ്പര്‍ രാംജത് മലാനിയുമായി നടത്തിയ അഭിമുഖം പോലെ. ക്രിമിനല്‍ നിയമവ്യവസ്ഥയുടെ ബാലപാഠം പോലും അറിയാതെ ചോദ്യങ്ങള്‍ തുടങ്ങിയപ്പോള്‍ ജത് മലാനി അയാളെ ചീത്തവിളിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. 

മാധ്യമങ്ങളിലെ പരദൂഷണകഥകള്‍ വായിക്കുക രസമാണ്. പലപ്പോഴും സത്യം പോലെ തോന്നിക്കുകയും ചെയ്യും. പക്ഷേ സത്യവും അസത്യവും നിശ്ചയിക്കാന്‍ നിങ്ങളാര്? അത് കോടതിയുടെ ജോലിയാണ്. മാധ്യമങ്ങള്‍ സമൂഹത്തിനുമേല്‍ തങ്ങളുടെ അഭിപ്രായം അടിച്ചേല്‍പ്പിച്ചു കേസിന്റെ ഗുണദോഷങ്ങള്‍ കണക്കിലെടുത്ത് വിധി പറയുന്നതില്‍ കോടതിയെ സ്വാധീനിക്കരുത്. ഇത് ശരിക്കും കോടതിയലക്ഷ്യമാണ്. പക്ഷേ ഇവരെ ശിക്ഷിക്കാന്‍ കോടതി ധൈര്യം കാണിക്കുമോ? അവരുടെ സൗകര്യപ്രദമായ അവസ്ഥ കളഞ്ഞു പുലിവാല് പിടിക്കാന്‍ കോടതിയും തയ്യാറല്ല. 

ഒരാള്‍ക്ക് അപകീര്‍ത്തികരമായ എന്തെങ്കിലും ചെയ്താല്‍ അതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 1860, പ്രകാരം കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ ലഭിക്കും. ഇതിന് ചില ഒഴിവുകളുണ്ട്. ഇതില്‍ പിടിച്ചാണ് മാധ്യമങ്ങള്‍ രക്ഷപ്പെടുന്നത്. ഈ വകുപ്പില്‍ വളരെക്കുറവ് ശിക്ഷകളെ വരാറുള്ളൂ. പിന്നെ കോടതിയലക്ഷ്യ നിയമം. അപൂര്‍വ്വമായി മാത്രമേ അഡ്വക്കേറ്റ് ജനറല്‍ ഇതിനുള്ള നടപടികള്‍ നീക്കാറുള്ളൂ. അങ്ങനെ ചെയ്താലും ശിക്ഷ വളരെക്കുറവേ വരാറുള്ളൂ. അരുന്ധതി റോയ്, എം വി ജയരാജന്‍ കേസുകള്‍ ഉദാഹരണമാണ്. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉണ്ടായി ഇതിലെല്ലാം. അഭിഭാഷകനും പത്രാധിപരുമായ ഒരാളുടെ കേസ് ഈ അയഞ്ഞ നിലപാടിന് അപവാദമാണ്. ജമ്മുകശ്മിര്‍ ഹൈക്കോടതിയില്‍ നടന്ന റോബ്കര്‍ അദാലത് അസീം കുമാര്‍ സ്വാഹ്നി (2002 CrilLJ 2382) കേസില്‍ കോടതി നടപടികളെ ബാധിക്കുന്ന തരത്തില്‍ അധിക്ഷേപകരമായ വാര്‍ത്ത നല്‍കിയതിന് കോടതി അഭിഭാഷകന്‍ കൂടിയായ ഒരു എഡിറ്ററെ ശിക്ഷിക്കുകയുണ്ടായി. 

ഇപ്പോഴത്തെ യഥാര്‍ത്ഥ പ്രശ്‌നം, കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിലെ നടപടികളെ സ്വാധീനിക്കുന്ന തരത്തിലുള്ള ക്രിയകളിലേര്‍പ്പെടുന്നവരെ ശിക്ഷിക്കുന്നതില്‍ കോടതി എത്രമാത്രം ജാഗ്രത കാണിക്കുന്നുണ്ട് എന്നാണ്. മിക്കപ്പോഴും ഇത്തരം സന്ദര്‍ഭങ്ങളില്‍ മാധ്യമങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി വരുന്ന കോടതി, കുറ്റക്കാരനെ ശിക്ഷിക്കുന്നതില്‍ പിറകോട്ടു പോകുന്നു. അന്വേഷണവും വിചാരണയും ബാക്കിനില്‍ക്കുന്ന കേസുകളില്‍ വലിയ തോതില്‍ വാര്‍ത്തകള്‍ നല്‍കാനുള്ള പ്രവണത മാധ്യമങ്ങള്‍ കാണിക്കാറുണ്ട്. ഇത് വലിയ പ്രതിസന്ധിയുണ്ടാക്കും. അന്വേഷണത്തെയും നീതിനിര്‍വഹണത്തെയും അത് ബാധിക്കും. ദൃക്‌സാക്ഷിയുടെ ബോധപൂര്‍വമായ ഓര്‍മയെപ്പോലും ദൃശ്യമാധ്യമങ്ങളിലെ പരോക്ഷകഥകള്‍ ബാധിക്കും. ഇത്തരം മാധ്യമരീതികള്‍ നിയന്ത്രിച്ചേ മതിയാകൂ. കോടതികള്‍ കര്‍ശനനിയന്ത്രണത്തിനുള്ള ഉത്തരവിറക്കണം. 

ഇതിന് മറ്റൊരു വശംകൂടിയുണ്ട്. വിചാരണയ്ക്ക് ശേഷം കുറ്റവിമുക്തനാക്കപ്പെടുന്ന ഒരാളുടെ മാനം ഈ മാധ്യമവിചാരണയില്‍ നഷ്ടപ്പെടും. പലപ്പോഴും ഇത് സംഭവിക്കുന്നത് കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയമം അറിയാത്തതുകൊണ്ടു കൂടിയാണ്. കോടതി റിപ്പോര്‍ട്ടര്‍മാര്‍ക്ക് ആവശ്യം വേണ്ട നിയമപരിശീലനം നല്‍കാന്‍ ഹൈക്കോടതി, അഭിഭാഷക സംഘടനയുമായി ആലോചിച്ച് ഒരു പാഠ്യപദ്ധതി തയ്യാറാക്കണം. ഇതിനായി ഒരു സമിതിയുണ്ടാക്കുകയും ആ സമിതിക്ക് നിയമവാര്‍ത്തകളുടെ മേല്‍നോട്ടവുമാകാം. പിഴവ് വരുത്തുന്നവരുടെ അനുമതി റദ്ദാക്കലും ക്രിമിനല്‍ കോടതിയലക്ഷ്യ നടപടികള്‍ക്ക് ശുപാര്‍ശ നല്‍കുകയും വേണം. ഇതെത്രയും വേഗം ചെയ്യേണ്ട കാര്യമാണ്. ഈ സംവിധാനം എല്ലാ സംസ്ഥാനങ്ങളിലും ഉപസമിതികളായും മറ്റും ജില്ലാതലത്തിലടക്കം വേണം. ഈ നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ പ്രസാധകനടക്കമുള്ളവര്‍ ഉത്തരവാദിയാകണം. ഇതിനെതിരായ നടപടികളില്‍ വെള്ളം ചേര്‍ക്കാനും പാടില്ല. 

അഭിഭാഷകര്‍ പോരാളികളാണ്. അവര്‍ കക്ഷികളുടെയും പലപ്പോഴും സമൂഹത്തിന്റെയും ഭാഗത്തുനിന്ന് നീതിക്കായി പോരാടുന്നവരാണ്. ഈ പോരാട്ടഘടകം അവരില്‍ നിന്നും എടുത്തുകളയാനാകില്ലെങ്കിലും അത് തെരുവിനെക്കാളേറെ കോടതിയിലാകുന്നതാണ് ഉചിതം. യുവ അഭിഭാഷകരെ കോടതിമുറികളിലേക്ക് മടക്കിക്കൊണ്ടുവരേണ്ടതുണ്ട്. അവര്‍ തെരുവില്‍ അലഞ്ഞുതിരിഞ്ഞുകൂടാ. കോടതിയിലാണ് അവര്‍ അഭിഭാഷകരുടെ ജീവിതം ജീവിക്കുന്നത്. അതിന്നവരെ പ്രേരിപ്പിക്കേണ്ടതുണ്ട്. ഓരോരുത്തരും പരസ്പരം പരിശോധിക്കുകയും മാനിക്കുകയും വേണം. അല്ലെങ്കില്‍ ചരിത്രം നമ്മെ പരാജിതരെന്നു മുദ്രകുത്തും. സനദെടുക്കുമ്പോള്‍ നാമെടുത്ത പ്രതിജ്ഞ എപ്പോഴും നമുക്കൊപ്പം വേണം. ഇനിയും സമരങ്ങളും ശാരീരികാക്രമണങ്ങളും നമുക്ക് താങ്ങാനാവില്ല. നമ്മുടെ അഭിഭാഷക ചോദനകള്‍ക്ക് മേല്‍ മാനുഷിക ചോദനകള്‍ സ്ഥാനം പിടിച്ചുകൂട. കാരണം അത് മാനവികതയേക്കാള്‍ മഹത്തരമാണ്. ലക്ഷണങ്ങള്‍ എത്രയും വേഗം ചികിത്സിച്ചേ തീരൂ. ഇപ്പോഴത്തെ വികാരപ്രകടനം ന്യായീകരിക്കാവുമെങ്കിലും ഇനിയും തുടരാനാകില്ല. നീതിക്കായുള്ള സമൂഹത്തിന്റെ മൗലികാവകാശത്തെ തടസപ്പെടുത്താന്‍ നാലിനോ മൂന്നിനോ ഒന്നിനോ അങ്ങനെയുള്ള ഒരു തൂണിനും അവകാശമില്ല. ഇപ്പോള്‍ ശസ്ത്രക്രിയ നടത്തിയെ മതിയാകൂ. മാധ്യമങ്ങളുടെ തെറ്റുകള്‍ തിരുത്തി അവര്‍ക്ക് നേര്‍വഴി കാണിക്കുക. അവര്‍ പിന്തുടരുന്നില്ലെങ്കില്‍ അര്‍ബുദം പോലെ പടരുന്ന വളര്‍ച്ചയെ അവസാനിപ്പിക്കുക. പക്ഷേ നമ്മുടെ പോരാട്ടം നിയമപരമാകണം, ശാരീരികമല്ല. അഭിഭാഷകര്‍ സമൂഹത്തിന് വഴികാട്ടേണ്ടവരാണ്. വരും തലമുറയ്ക്കായി നിയമം വ്യാഖ്യാനിക്കുന്ന ന്യായാധിപന്‍മാര്‍ക്ക് വഴികാട്ടേണ്ടവരാണ്. നാം ഇന്ന് വരുത്തുന്ന പിഴവ് തലമുറകളുടെ ജീവിതത്തെ നിര്‍ണയിച്ചേക്കാം. നാം നമ്മുടെയുള്ളിലെ പൂച്ചയ്ക്ക് മണികെട്ടിയേ തീരൂ. അല്ലെങ്കില്‍ അത് വളരെ വേഗം ഒരു അലഞ്ഞുതിരിയുന്ന പട്ടിയാകും.

(സുപ്രീം കോടതി അഭിഭാഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

This post was last modified on July 28, 2016 9:36 am