X

ജിയോയ്ക്ക് പിന്നാലെ റിലയന്‍സ് ടാക്സിയും തുടങ്ങും?

അഴിമുഖം പ്രതിനിധി

തന്റെ വന്‍പദ്ധതിയായ റിലയന്‍സ് ജിയോ വിപണിയിലെത്തിച്ച് ദിവസങ്ങള്‍ക്കുള്ളില്‍, മുകേഷ് അംബാനി വലിയ സാധ്യതകളുള്ള മറ്റൊരു വ്യാപാരത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു: പൊതുഗതാഗതം.

വിശ്വസിക്കാവുന്ന വിപണി വൃത്തങ്ങളില്‍ നിന്നും കിട്ടുന്ന സൂചന അനുസരിച്ച് ഉബര്‍, ഓല മാതൃകയില്‍ പങ്കിടല്‍ ടാക്സി സേവന മേഖലയിലേക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രവേശനപ്രഖ്യാപനം നടത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ഉള്ളൂ എന്നാണ്.

സ്വന്തമായ കാറുകളുടെ ശൃംഖലയും അതിനുള്ള ഡ്രൈവര്‍മാരും റിലയന്‍സ് തയ്യാറാക്കി എന്നാണ് സൂചന. പെട്രോകെമിക്കല്‍ രംഗത്തുനിന്നും കൂടുതല്‍ വൈവിധ്യമാര്‍ന്ന സേവന സാങ്കേതിക വിദ്യ മേഖലകളിലേക്ക് റിലയന്‍സിനെ കൊണ്ടുപോകാനുള്ള അംബാനിയുടെ ധീരമായ നീക്കങ്ങളിലൊന്നാണിത്.

പെട്രോകെമിക്കല്‍ വ്യവസായത്തിനപ്പുറം പോകാനായി തയ്യാറെടുക്കുന്ന അംബാനിയുടെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്ന് ആറ് വര്‍ഷത്തിനുള്ളില്‍ 1,50,000 കോടി രൂപ നിക്ഷേപം നടത്തി ഉണ്ടാക്കുന്ന റിലയന്‍സ് ജിയോ ആണ്. സര്‍ക്കാരിനെ വഴിവിട്ട് സ്വാധീനിക്കുന്നു തുടങ്ങിയ ആക്ഷേപങ്ങളടക്കം തനിക്കും തന്റെ അനിയന്‍ അനില്‍ അംബാനിക്കും കേള്‍ക്കേണ്ടിവന്ന ആരോപണങ്ങള്‍ തന്റെ മക്കള്‍ ഒരു ഭാരമായി കൊണ്ടുനടക്കരുതെന്ന ആഗ്രഹവും മുകേഷ് അംബാനി അടുത്ത സഹായികളോട് പങ്കുവെച്ചു എന്നു കേള്‍ക്കുന്നു.

ടാക്സി ബിസിനസ്
അംബാനി ഏതൊക്കെ വഴിക്കു വൈവിധ്യവത്കരിക്കാന്‍ ഉദ്ദേശിക്കുന്നു എന്നതാണ് ടാക്സി സേവന മേഖലയിലേക്കുള്ള RIL വരവ് സൂചന നല്‍കുന്നത്. ഡല്‍ഹിയും മുംബൈയും പോലുള്ള നഗരങ്ങളില്‍ ഉബര്‍, ഓല ഡ്രൈവര്‍മാരെ ഇതിനായി കൂടുതല്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തു തങ്ങളുടെ ശൃംഖലയിലാക്കാന്‍ റിലയന്‍സ് പ്രതിനിധികള്‍ ഇറങ്ങിക്കഴിഞ്ഞു. ഏതാനും ആഴ്ച്ചകള്‍ക്കുളില്‍ തങ്ങളുടെ ടാക്സി സര്‍വീസ് പ്രഖ്യാപനം വരുമെന്നാണ് ഇവര്‍ പറയുന്നത്.

2009-ല്‍ സ്ഥാപിതമായ, ലോകത്തിലെ 425 നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉബര്‍ ലോകത്തിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ട് അപ്പ് സംരംഭമാണ്. 70 ബില്ല്യണ്‍ ഡോളറാണ് അതിന്റെ മൂല്യമായി കണക്കാക്കുന്നത്-അതായത് 4,70,000 കോടി രൂപ. നഷ്ടത്തിലോടുന്ന ആ സ്ഥാപനവുമായി തട്ടിച്ചുനോക്കിയാല്‍ വലിയ ലാഭമുണ്ടാക്കുന്ന RIL വിപണി മൂല്യം 3,25,000 കോടി രൂപ മാത്രമാണെന്നത് വേറെ കാര്യം.

പൊതുഗതാഗതം ലോകത്തിലെ പല വമ്പന്‍ കമ്പനികളും പണമെറിഞ്ഞിട്ടുള്ള മേഖലയാണ്. വ്യക്തിഗത ഗതാഗതം, പൊതുഗതാഗതം, സ്വന്തമായി ഓടിക്കാന്‍ നല്‍കുന്ന കാറുകള്‍ എന്നിവയിലൊക്കെ വിപ്ലവകരമായ മാറ്റങ്ങളാണ് ഉബര്‍ ലക്ഷ്യം വെക്കുന്നത്.

ഗൂഗിള്‍, ആപ്പിള്‍, ടെസ്ല തുടങ്ങി പരമ്പരാഗത കാര്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡും വോള്‍വോയും വരെ ഇക്കളിയില്‍ ആയിരക്കണക്കിന് കോടികള്‍ ഇറക്കിയിട്ടുണ്ട്. 

പൊതുഗതാഗതം വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാത്തിരിക്കുകയാണ്. നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍, ആവശ്യമുള്ളയിടത്ത് ഒരു കാര്‍ ലഭ്യമായാല്‍ സ്വന്തമായി ഒരു കാര്‍ എന്ന ആവശ്യം പതുക്കെ അപ്രത്യക്ഷമായേക്കും. വണ്ടികളുടെ വ്യക്തിഗത ഉടമസ്ഥതയില്‍ 80 മുതല്‍ 90% വരെ ഇടിവ് ഇതുണ്ടാക്കും എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

സ്വസ്ഥമായി ഓടിക്കാന്‍ കാര്‍ വിട്ടു നല്‍കുന്ന nuTonomy എന്ന ടാക്സി സേവന സംരംഭം സിംഗപ്പൂരില്‍ തുടങ്ങിക്കഴിഞ്ഞു. അത്യാവശ്യഘട്ടങ്ങളില്‍ ഓടിക്കാന്‍ ഡ്രൈവര്‍ ഒപ്പമുണ്ടാകുമെങ്കിലും അതല്ലാത്തപക്ഷം നിങ്ങള്‍ക്കോടിക്കാവുന്ന കാറുകള്‍ വാടകയ്ക്ക് നല്‍കുന്ന ഏര്‍പ്പാട് പിറ്റ്സ്ബര്‍ഗില്‍ ഇതിനകം ഉബര്‍ തുടങ്ങി.

റിലയന്‍സ് ജിയോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് റിലയന്‍സ് ടാക്സി വിളിച്ച്, റിലയന്‍സ് വില്‍ക്കുന്ന ഇന്ധനം ഉപയോഗിച്ച്, റിലയന്‍സുണ്ടാക്കിയ പാതയിലൂടെ, റിലയന്‍സിന്റെ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പോകുന്ന ഒരു കാലത്തേക്കാണോ നാം പോകുന്നത് എന്നാണ് ചോദ്യം. 

This post was last modified on September 8, 2016 2:15 pm