X

നാരായ ബിന്ദുവിലഗസ്ത്യനെ കണ്ടെത്തിയപ്പോള്‍

അഗസ്ത്യാര്‍കൂട യാത്ര; ഭാഗം 2

ഈ യാത്രാ വിവരണത്തിന്റെ ഒന്നാം ഭാഗം ഇവിടെ വായിക്കാം-(കോടമഞ്ഞില്‍ മറഞ്ഞ കൊടുമുടിയില്‍ അഗസ്ത്യനെ തേടി)

ഡോര്‍മെട്രിയുടെ മുറ്റത്ത് നിന്ന് നോക്കിയാല്‍ മഹാമേരുവായി നില്‍ക്കുന്ന അഗസ്ത്യാര്‍കൂടം. അത് നോക്കി നില്‍ക്കെ കോടമഞ്ഞു വന്നു മൂടുന്നു. ഡ്രസ്സ് മാറ്റി നോക്കിയപ്പോള്‍ ചിലരുടെയൊക്കെ ശരീരങ്ങളില്‍ അട്ടകള്‍ പിടിച്ചിരിക്കുന്നു. അവയെ തട്ടി മാറ്റി ഡ്രസ്സ് മാറി സംസാരിച്ചു കൊണ്ടിരുന്നപോള്‍ കട്ടന്‍ ചായയുമായി അവരെത്തി.

കട്ടന്‍ ചായയും കപ്പലണ്ടിയും ഒക്കെ കഴിച്ചു സൊറ പറഞ്ഞു കുറച്ചു നേരം ഇരുന്നപ്പോഴേക്കും എല്ലാവരുടെയും വിയര്‍പ്പ് താഴ്ന്നിരുന്നു. ഇനി കുളിച്ചേക്കാം എന്ന് കരുതി എഴുന്നേറ്റു. ക്യാമ്പില്‍ കക്കൂസും കുളിമുറിയുമൊക്കെയുണ്ട്. എങ്കിലും അതിരുമല ക്യാമ്പിനോട് ചേര്‍ന്ന് ഒഴുകുന്ന ചെറിയ ചോലയിലേക്ക് ഞങ്ങള്‍ നടന്നു. ആകാശം നല്ലപോലെ ഇരുണ്ടിട്ടുണ്ട്, മഴ പെയ്യാനുള്ള എല്ലാ ലക്ഷണങ്ങളും ഉണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രിയില്‍ മഴ ഉണ്ടായിരുന്നുത്രേ. ചുറ്റും ഒരാള്‍ പൊക്കത്തില്‍ വരെ പുല്ലുകള്‍ നില്‍ക്കുന്ന ഒരു പാതയിലൂടെ പോകുമ്പോള്‍ അകലെ അഗസ്ത്യമലയും പാണ്ഡവര്‍ മലയും തല ഉയര്‍ത്തി നില്‍ക്കുന്നു. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞു ചെന്നെത്തിയത് ഒരു ചെറിയ ചോലയില്‍. വെള്ളം അധികമില്ലെങ്കിലും തണുപ്പ് ആവശ്യത്തില്‍ കൂടുതല്‍ ഉണ്ട്. ഇപ്പോഴും എനിക്കറിയാത്ത ഒരു കാര്യമുണ്ട്; എങ്ങനെയാണു കാട്ടുചോലകളില്‍ കുളിച്ചാല്‍ എല്ലാ ക്ഷീണവും പമ്പ കടക്കുന്നത്? എങ്ങനെയാണു കാട്ടുചോലകള്‍ പുത്തനുണര്‍വുണ്ടാകുന്നത്? കുളിച്ചു കൊണ്ടിരുന്നപ്പോള്‍ മഴ തുടങ്ങി, മഴയിലൂടെ ഓടി ക്യാമ്പിലെത്തി.

പിന്നെയും ഞങ്ങള്‍ കുറെനേരം സംസാരിച്ചിരുന്നു. നേരം ഇരുട്ടി തണുപ്പ് അരിച്ചെത്തിയപ്പോള്‍ എല്ലാവരും പുതപ്പുകളുമെടുത്തു പതിയെ കിടന്നു. ക്ഷീണം ഉള്ളത് കൊണ്ട് തന്നെ എല്ലാരും ഉറങ്ങിപ്പോയി. ഗൈഡുമാരുടെ വിളി കേട്ടാണ് ഉണര്‍ന്നത്. അത്താഴത്തിനുള്ള കഞ്ഞി റെഡി ആയിരിക്കുന്നു. കഞ്ഞിയും പയറും ഒരുമിച്ചിട്ടു വേവിച്ച് കൂടെ പപ്പടവും. ഇത്രയും രുചികരമായ കഞ്ഞി അടുത്തിടെ എങ്ങും കുടിച്ചിട്ടില്ല എന്നു തോന്നി. പുലര്‍ച്ചെ എഴുന്നേല്‍ക്കേണ്ടതു കൊണ്ട് എല്ലാവരും ഉറങ്ങാന്‍ കയറി. വെയിറ്റ് കൂടും എന്ന് കരുതി സ്ലീപ്പിംഗ് ബാഗ് എടുക്കാതെ ഒരു പുതപ്പ് മാത്രം മാത്രം എടുത്ത ഞാന്‍ ശരിക്കും പെട്ടുപോയി. തണുപ്പെന്നു പറഞ്ഞാല്‍ നല്ല കൊടും തണുപ്പ്; തണുപ്പ് കാരണം എന്റെ ഉറക്കം പലപ്പോഴും മുറിഞ്ഞു.

പുലര്‍ച്ചെ ഗൈഡുമാര്‍ വിളിച്ചുണര്‍ത്തി കട്ടന്‍ ചായ തന്നു. പിന്നെ എല്ലാവരും കുളിയും മറ്റ് കാര്യങ്ങളും കഴിഞ്ഞ് തരിച്ച് എത്തിയപ്പോള്‍ പ്രഭാത ഭക്ഷണത്തിന് അവില്‍ നനച്ചതും കട്ടന്‍ ചായയും തയ്യാറായിരുന്നു. അതും കഴിച്ച് കുപ്പികളില്‍ വെള്ളവും ഉച്ച ഭക്ഷണവും വഴിയില്‍ കൊറിക്കാന്‍ ഉള്ളതുമെടുത്ത് ഞങ്ങള്‍ കൃത്യം ഏഴു മണിക്ക് യാത്ര തുടങ്ങി. ക്യാമ്പിനു വെളിയിലെക്കിറങ്ങുന്നിടത്ത് നാഗത്താന്‍ പ്രതിമ. തൊട്ടടുത്ത ഒരു കാവില്‍ നിറയെ മഞ്ഞ പട്ടു പുതപ്പിച്ച കല്‍ പ്രതിമകള്‍. പ്രകൃതിയെ ആരാധിക്കുന്ന കാണി വിഭാഗത്തില്‍ പെടുന്നവരാണ് ഇവിടുത്തെ ആദിവാസികള്‍.

വഴികള്‍ കടന്നു പോകും തോറും ഇരുവശത്തും കൂറ്റന്‍ മരങ്ങള്‍, ചിലത് പിഴുതു വീണു ദ്രവിച്ചു മണ്ണിലേക്ക് ചേരുന്നു, അവിടെയിവിടെയായി കാണുന്ന മരപ്പട്ടിയുടെയും കരടിയുടെയും കാഷ്ടങ്ങള്‍, ആന പിണ്ടങ്ങള്‍ ഇവയെ ഒക്കെ കടന്നു ഞങ്ങള്‍ പോയിക്കൊണ്ടിരുന്നു. കയറ്റങ്ങള്‍ കയറും തോറും വെള്ളം തീര്‍ന്നു കൊണ്ടിരുന്നു. അടുത്ത കണ്ട നീര്‍ച്ചോലയില്‍ നിന്നും വെള്ളം നിറച്ചു യാത്ര തുടര്‍ന്നു. ഈറ്റക്കൂട്ടങ്ങളും ആനത്താരകളും കടന്നു പോകുമ്പോള്‍ എല്ലാവരും നിശബ്ദരായിരുന്നു; ആനച്ചൂര് അത്രയ്ക്കുണ്ടായിരുന്നു. കാടുകളുടെ കൂട്ടത്തില്‍ നിന്നും മലമുകളിലേക്ക് എത്തി. മലമുകള്‍ കോട മഞ്ഞില്‍ മുങ്ങിയിരിക്കുന്നു. പൊങ്കാലപ്പാറ എത്തി എന്നു മനസ്സിലായി.

പൊങ്കാലപ്പാറയുടെ അരികില്‍ നിന്ന് താഴേക്ക് വെള്ളം ഒഴുകുന്നുണ്ട്. മഴക്കാലത്ത് ഇത് വഴി കടക്കാന്‍ ബുദ്ധിമുട്ടാണ്. ചില സമയങ്ങളില്‍ മുകളില്‍ കയറി തിരിച്ചെത്തുമ്പോഴേക്കും മലവെള്ളം വരുമെന്ന് ഗൈഡുമാര്‍ പറഞ്ഞു. പാറയില്‍ പണ്ട് മുനിമാര്‍ മരുന്നരയ്ക്കുവാന്‍ കുഴിച്ച ഉരുള് കുഴിച്ചാന്‍ പാറ. അപ്പുറവും ഇപ്പുറവും നിറയെ മലകള്‍, അവയെ തഴുകി പോകുന്ന കോട മഞ്ഞ്. അവയ്ക്ക് നടുവില്‍ തല ഉയര്‍ത്തി അഗസ്ത്യാര്‍മുടി. വഴിയില്‍ നിറയെ പേരറിയാത്ത ചെടികള്‍ പൂത്തു നില്‍ക്കുന്നു. കുറച്ചു നേരം വിശ്രമത്തിനു ശേഷം വീണ്ടും മലകയറ്റം തുടങ്ങി; ചൂട് കൂടുന്നുണ്ട്. വഴിയില്‍ ചൂട് വിട്ടിട്ടില്ലാത്ത ആനപ്പിണ്ടം കിടക്കുന്നു. ഞങ്ങള്‍ കരുതലോടെ ചുറ്റുപാടും വീക്ഷിച്ചു കൊണ്ട് നടന്നു.

പൊങ്കാലപ്പാറ കഴിഞ്ഞാല്‍ പിന്നെ കുത്തനെ കയറ്റങ്ങള്‍ ആണ്. കുറച്ചു കയറ്റങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ മുകളിലേക്ക് കയറാന്‍ കയറുകള്‍ ഇട്ടിട്ടുണ്ട്. അവയില്‍ പിടിച്ച് അഭ്യാസികളെപ്പോലെ മലമുകളിലേക്ക് ഞങ്ങള്‍ ഓരോരുത്തരായി കയറിക്കൊണ്ടിരുന്നു. മൊത്തം ആറിടങ്ങളില്‍ ഇങ്ങനെ വടങ്ങള്‍ കെട്ടിയിട്ടുണ്ട്. മുകളിലേക്ക് കയറും തോറും തണുത്ത കാറ്റടിച്ചു വരുന്നുണ്ട്. നമ്മുടെ നാട്ടില്‍ കാണുന്ന ചെറിയ ഈച്ചകള്‍ ഇല്ലേ അവയുടെ വലിപ്പം കൂടിയ ഇനം ചാഞ്ഞും ചെരിഞ്ഞും വന്നു കുത്തുന്നുണ്ട്. അപ്പുറത്തെ പാണ്ഡവര്‍ മലകള്‍ കോടയില്‍ മുങ്ങി നില്‍ക്കുന്നു. ഒരു വിധം എല്ലാവരും മുകളില്‍ എത്തിപ്പറ്റി. അതേ ഞങ്ങള്‍ നാരായബിന്ദുവില്‍, അഗസ്ത്യമലയുടെ ഉച്ചിയില്‍ എത്തി.

അവിടെ അഗസ്ത്യമുനിയുടെ മൂന്ന് അടി വലുപ്പത്തില്‍ ഉള്ള ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ചുറ്റും നിരവധി നിലവിളക്കുകളും ശൂലങ്ങളും ചിതറി കിടക്കുന്ന മഞ്ഞള്‍ പൊടിയും. തൊട്ടടുത്തുള്ള ചെറിയ മരങ്ങളില്‍ നിറയെ മണിമാലകള്‍ കെട്ടിയിരിക്കുന്നു. കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ വേണ്ടിയുള്ള നേര്‍ച്ചയാകും, തടി കൊണ്ട് ഒരു തൊട്ടില്‍ കെട്ടിയിരിക്കുന്നു. ഇവിടെ വരുന്നവരില്‍ കൂടുതലും തമിഴ് വിശ്വാസികളാണ്. മലയിലേക്ക് കോടമഞ്ഞ് അടിച്ചു കൊണ്ടേ ഇരിക്കുന്നു; അത് കൊണ്ട് തന്നെ അന്തരീക്ഷം തണുത്തുമിരിക്കുന്നു. കോട ചെറുതായി മാറുമ്പോള്‍ ദൂരെ നെയ്യാര്‍ ഡാമിന്റെയും പേപ്പാറ ഡാമിന്റെയും വിദൂര ദൃശ്യങ്ങള്‍ കാണാം.

കുറച്ചു നേരം അവിടെ ഫോട്ടോയെടുപ്പും കൊണ്ടുവന്ന ഭക്ഷണം കഴിച്ചുമൊക്കെ ചിലവഴിച്ചു. പതിയെ തിരിച്ചിറങ്ങാനുള്ള വട്ടം കൂട്ടി. മന:പൂര്‍വ്വം ഞങ്ങള്‍ മടക്കം വൈകിക്കാന്‍ ശ്രമിച്ചു. ഗൈഡുമാര്‍ക്ക് മുന്‍പരിചയം കൊണ്ട് ഞങ്ങള്‍ക്ക് തിരിച്ചിറങ്ങാനുള്ള മടി മനസ്സിലായി. അവര്‍ പെട്ടെന്ന് മാറുന്ന കാലാവസ്ഥയെക്കുറിച്ചും അതിന്റെ അപകടത്തെക്കുറിച്ചും സൂചിപ്പിച്ചപ്പോള്‍. ഞങ്ങള്‍ പതിയെ തിരിച്ചിറങ്ങാന്‍ തുടങ്ങി. കയറിയ അത്ര പ്രയാസം ഉണ്ടായിരുന്നില്ല ഇറങ്ങാന്‍. ഉച്ചയ്ക്ക് ഒരു മണിയോടെ ഞങ്ങള്‍ ക്യാമ്പില്‍ തിരിച്ചെത്തി.

അപ്പോഴേക്കും ചോറും സാമ്പാറും തോരനുമൊക്കെയായി ഉച്ച ഭക്ഷണം തയ്യാറായിരുന്നു. ഭക്ഷണം കഴിച്ചു കുറച്ചു വിശ്രമത്തിനു ശേഷം ചെറിയ ചോലയിലേക്ക് നടന്നു. ആ വഴിയില്‍ നിന്ന് നോക്കിയാല്‍ കാണാം തല ഉയര്‍ത്തി നില്‍കുന്ന അഗസ്ത്യമല. ഈ മലയാണോ ഇന്ന് രാവിലെ ഞങ്ങള്‍ കീഴടക്കിയതെന്നു വിശ്വസിക്കാന്‍ പറ്റിയില്ല. ചില ആഗ്രഹങ്ങള്‍ അധിക കാലം വെച്ച് കൊണ്ടിരിക്കേണ്ടിവരില്ലായെന്ന്‍ ആരോ പറഞ്ഞിട്ടുണ്ട്. ഇവിടെയും അത് സംഭവിച്ചു.

രാത്രി കഞ്ഞിയും കുടിച്ച് നേരത്തെ കിടന്നു. പുലര്‍ച്ചെ എഴുന്നേറ്റു നടന്നാലെ ഉച്ച ആകുമ്പോള്‍ ബോണക്കാട് എത്തുകയുള്ളൂ. ഉച്ചയ്ക്ക് ഒന്ന് മുപ്പതിനാണ് ബോണക്കാട് നിന്നും തിരുവനന്തപുരത്തേക്കുള്ള ബസ്. അതിനു മുന്‍പ് അവിടെ ഏത്തണം. എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. വഴിയില്‍ ചോലകളില്‍ നിന്ന് വെള്ളമെടുത്ത് ചെറുതായി വിശ്രമിച്ചു. ബോണക്കാട് എത്തി ചെറിയ ഒരു അരുവിയില്‍ കുറച്ചു നേരം മുങ്ങിക്കുളിച്ചു. അവിടുള്ള കടയില്‍ നിന്ന് ഉച്ച ഭക്ഷണവും കഴിച്ച് ബസില്‍ കയറി. നാളെ മുതല്‍ നിത്യജീവിതത്തിന്റെ തിരക്കിലേക്ക്. ഒരിക്കലും മറക്കാനാകാത്ത ഒരു യാത്രയുടെ ഓര്‍മ്മകളുമായാണ് അഗസ്ത്യാര്‍കൂടത്തില്‍ നിന്ന് മടങ്ങുന്നതെന്ന് മനസ്സില്‍ പറഞ്ഞ് ബസ്സിന്റെ ജനല്‍ വഴി കോടമഞ്ഞില്‍ മറഞ്ഞു കിടക്കുന്ന അഗസ്ത്യനെ നോക്കി വിട പറഞ്ഞു.

അവസാനിച്ചു

(ചിത്രങ്ങള്‍- ഹരീഷ് എന്‍പിജി)

(മഹാത്മഗാന്ധി സര്‍വ്വകലാശാലയിലെ ഇലക്ട്രോണിക്‌സ് ഗവേഷണ വിദ്യാര്‍ത്ഥിയാണ് അജു ചിറയ്ക്കല്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

അജു ചിറയ്ക്കല്‍

മഹാത്മഗാന്ധി സര്‍വ്വകലാശാലയില്‍ ഇലക്ട്രോണിക്‌സ് ഗവേഷണ വിദ്യാര്‍ത്ഥി

More Posts

This post was last modified on December 1, 2018 10:07 am