X

കേരളത്തിലെ ആദ്യ അഡ്വഞ്ചര്‍ ടൂറിസം അക്കാദമി ശാസ്താംപാറയില്‍; സാഹസികത ആസ്വാദിച്ച് ഇനി അറബിക്കടലിന്റെയും അഗസ്ത്യാര്‍കൂടത്തിന്റെയും സൗന്ദര്യം ഒരുമിച്ച് നുകരാം

സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 1800 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാറക്കൂട്ടങ്ങള്‍ ചേര്‍ന്ന പ്രദേശമാണിത്.

കേരളത്തിലെ ആദ്യ അഡ്വഞ്ചര്‍ ടൂറിസം അക്കാദമി തിരുവനന്തപുരം ശാസ്താംപാറയില്‍ ഒരുങ്ങുന്നു.റോക്ക് ക്ലൈമ്പിങ്, ഹൈറോപ്പ് കോഴ്‌സ്, സിപ് ലൈന്‍, സ്‌കൈ സൈക്ലിങ്, പെയ്ന്റ്‌ബോള്‍, ഷൂട്ടിങ്, ആര്‍ച്ചറി, കൈറ്റ് ഫ്‌ലൈയിങ് ഉള്‍പ്പെടെയുള്ള സാഹസിക വിനോദങ്ങള്‍ ശാസ്താംപാറയില്‍ ഒരുക്കാനാണ് പദ്ധതി. കൂടാതെ ടെന്റ് ക്യാമ്പിങ് ഒരുക്കാനും പദ്ധതിയുണ്ട്. അറബിക്കടലും പൊന്മുടിയും അഗസ്ത്യാര്‍കൂടവും ഒരുമിച്ച് കാണാന്‍ സാധിക്കുന്ന ഒരെയിടം എന്ന പ്രത്യേകതയും ശാസ്താം പാറയ്ക്കുണ്ട്.

നിലവില്‍ ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രമായി സര്‍ക്കാര്‍ അംഗീകരിച്ച ശാസ്താംപാറയില്‍ ഒരുകോടി രൂപയുടെ വികസന പദ്ധതികള്‍ പൂര്‍ത്തിയാവുകയാണ്. പദ്ധതിക്കായി 13-ഏക്കര്‍ ഭൂമി ശാസ്താംപാറയില്‍ റവന്യൂവിഭാഗം കണ്ടെത്തിയിട്ടുണ്ട്. അവിടെ കൂടുതല്‍ സ്ഥലമുണ്ടെന്ന വിലയിരുത്തലിലാണ് വകുപ്പ്. പദ്ധതിക്കായി ഭൂമി ടൂറിസം വകുപ്പിന് കൈമാറുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

തിരുവനന്തപുരം നഗരത്തില്‍നിന്നും ഏകദേശം 14 കിലോമീറ്റര്‍ അകലെയാണ് പ്രകൃതി മനോഹരമായ ‘റോമാന്റിക്’ പ്രദേശമായ ശാസ്താംപാറ. സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 1800 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാറക്കൂട്ടങ്ങള്‍ ചേര്‍ന്ന പ്രദേശമാണിത്. അറബിക്കടലിന്റെയും അഗസ്ത്യാര്‍കൂടത്തിന്റെയും ദൃശ്യഭംഗി കൂടാതെ മനോഹരമായ അസ്തമയ കാഴ്ചയും ശാസ്താംപാറയുടെ പ്രത്യേകതയാണ്.

ശാസ്താംപാറയില്‍ നിന്നുള്ള തിരുവനന്തപുരം നഗരത്തിന്റെ 360 ഡിഗ്രിയിലുള്ള ദൃശ്യങ്ങളും പാറയ്ക്ക് മുകളിലുള്ള വറ്റാത്ത കുളവും ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ്. മുമ്പ് വനമേഖലയുടെ ഭാഗമായിരുന്ന ഈ പ്രദേശം രാജഭരണകാലത്ത് കള്ളിക്കാട് എന്ന പ്രദേശത്തോട് ചേര്‍ന്നാണ് അറിയപ്പെട്ടിരുന്നത്.

തിരുവനന്തപുരം തമ്പാനൂര്‍ – പേയാട് – തച്ചോട്ടുകാവ്-മൂങ്ങോട്-മണലി വഴി ശാസ്താംപാറയിലെത്താം

Read: ഇന്ത്യന്‍ പ്രണയ കഥകള്‍ നിറഞ്ഞ ‘സ്വിറ്റ്‌സര്‍ലന്‍ഡിലെ സ്വര്‍ഗം’ ജംഗ്ഫ്രാജോച്ച്

 

This post was last modified on September 5, 2019 10:46 am