X

കാമ്പസ് രാഷ്ട്രീയം; കുമ്പസാരം മാത്രം പോര ആന്‍റണി സാര്‍, വേണ്ടത് തെറ്റ് തിരുത്തല്‍

കോടതി ഉത്തരവിന്റെ മറവില്‍ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് വിദ്യാര്‍ത്ഥി സംഘടനകളെ പടിയിറക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്തുഷ്ടരായിരുന്നു.എ.കെ.ആന്റണി, വയലാര്‍രവി, വി.എം.സുധീരന്‍, ഉമ്മന്‍ചാണ്ടി തുടങ്ങി രമേശ് ചെന്നിത്തലവരെയുള്ളവര്‍ അതില്‍ ആഹ്‌ളാദിച്ചതേയുള്ളൂ. ഇവരൊക്കെ ഇന്ന് അറിയപ്പെടുന്ന നേതാക്കളായത് വിദ്യാര്‍ത്ഥി സംഘടനയില്‍ പയറ്റിത്തെളിഞ്ഞതിനാലാണെന്ന യാഥാര്‍ത്ഥ്യം അവരൊക്കെ അപ്പോള്‍ വിസ്മരിച്ചുപോയിരുന്നു. അതോ തങ്ങള്‍ നേതാക്കളായിരിക്കേ ഇനി പുതിയ തലമുറ അതുവഴി വരേണ്ടതില്ല എന്ന പെരുന്തച്ചന്‍ കോംപ്‌ളക്‌സാണോ അന്ന് കേരളത്തിലെ ഈ നേതാക്കളെ നയിച്ചത്?

എസ്.എഫ്.ഐയും കെ.എസ്.യുവും ഇല്ലാത്ത, എ.ഐ.എസ്.എഫും എ.ഐ.ഡി.എസ്.ഒയുമൊക്കെ വളരെക്കുറച്ചിടങ്ങളിലേ ഉള്ളൂ എങ്കിലും അവര്‍കൂടി ഉള്‍പ്പെടാത്ത, എ.ബി.വി.പിയും എം.എസ്.എഫും കെ.എസ്.സിയും കെ.വി.ജെയുമൊക്കെ സാന്നിദ്ധ്യമറിയിക്കാത്ത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അപൂര്‍ണമാണെന്ന് തിരിച്ചറിയാത്തത് കോണ്‍ഗ്രസ് നേതാക്കളായിരുന്നു. പള്ളി എന്താഗ്രഹിക്കുന്നോ അത് നടപ്പാക്കുക എന്ന കുഞ്ഞാടിന്റെ കടമയിലേക്ക് ഒരു കാലത്തെ വിപ്‌ളവവീരശിങ്കങ്ങളായ ആദര്‍ശധീരന്‍മാര്‍ മാറിപ്പോവുന്ന യാഥാര്‍ത്ഥ്യമാണ് അന്നത്തെ കേരളം കണ്ടത്.

പിന്നീട്, വര്‍ഗീയ സംഘടനകളും അക്രമിക്കൂട്ടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈയേറി. മാനേജ്‌മെന്റിന്റെ കൊള്ളരുതായ്മകള്‍ ചോദ്യം ചെയ്യാന്‍ ആളില്ലാത്തതിനാല്‍ അവര്‍ക്ക് എന്തുമാകാമെന്ന സ്ഥിതിയായി. അത് ഇപ്പോഴും നിലനില്‍ക്കുന്നു.

വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങള്‍ തുറന്നതും ആരോഗ്യകരവുമായ സംവാദങ്ങളുടെ തലത്തിലേക്ക് ഉയര്‍ത്താന്‍ വിദ്യാര്‍ത്ഥി സംഘടനയുടെ ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കള്‍ തയ്യാറായില്ല. മുതിര്‍ന്ന നേതാക്കളുടെ തെറ്റായ നിലപാടുകളെ എതിര്‍ക്കാന്‍ ചെറുപ്പത്തിന്റെ ഓജസ്സും ഊര്‍ജവുമുള്ള നേതാക്കള്‍ക്ക് താല്പര്യമില്ലായിരുന്നു. അവര്‍ പൊളിറ്റിക്‌സില്‍ ‘കരിയര്‍’ ആഗ്രഹിച്ചു. മന്ത്രി, എം.പി, എം.എല്‍.എ…അവരുടെ ആകാശങ്ങള്‍ക്ക് അതിര്‍ത്തികളില്ലാതായി. അതോടെ വിദ്യാര്‍ത്ഥി സംഘടനകള്‍ പെട്ടിയെടുപ്പ് സംഘങ്ങളായി രൂപാന്തരപ്പെട്ടു.സംഘടനകള്‍ക്ക് നിലനില്‍പ്പ് പ്രധാന ഘടകമായി മാറി. അതിന്റെ ആധാരം തിരഞ്ഞെടുപ്പ് വിജയം മാത്രമായതോടെ കോളേജ് യൂണിയന്‍ ഉള്‍പ്പെടെയുള്ളവ ‘പൊതുജനാധിപത്യവേദി ‘ എന്ന അതുവരെ നിലനിന്ന  ആശയം തന്നെ അട്ടിമറിക്കപ്പെട്ടു. എതിര്‍ സംഘടനകള്‍ കായികമായി ആക്രമിക്കപ്പെട്ടു. യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ മാത്രമായപ്പോള്‍ കാഞ്ഞിരംകുളം കോളേജില്‍ കെ.എസ്.യു അല്ലാതെ ആര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാതായി. മഹാത്മഗാന്ധി കോളേജില്‍ എ.ബി.വി.പി അല്ലാതാരെങ്കിലും രംഗത്തിറങ്ങിയാല്‍ ‘അടി’ ഉറപ്പായി. മുസ്ലിംലീഗിന്റെ സ്വാധീന മേഖലകളില്‍ എം.എസ്.എഫും കേരളകോണ്‍ഗ്രസിന്റെ ‘പ്രിയമേഖലകളില്‍’ കെ.എസ്.സിയും ഇതേ തെറ്റുകള്‍ ആവര്‍ത്തിച്ചു. അങ്ങനെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍നിന്ന് ജനാധിപത്യം ഇറങ്ങിപ്പോയപ്പോള്‍ വിദ്യാര്‍ത്ഥി സംഘടകള്‍ അവയുടെ മുതിര്‍ന്ന നോതാക്കളുടെ വേണ്ടപ്പെട്ട  മക്കളെയും ബന്ധുക്കളെയും കുടിയിരുത്തുന്നതിനുള്ള കേന്ദ്രങ്ങളായി. നേരായ വിദ്യാര്‍ത്ഥിസംഘടനാ പ്രവര്‍ത്തനം അതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് അപ്രത്യക്ഷമായി. മേധാവിത്വത്തിന് അക്രമമായി പ്രധാന മാര്‍ഗം. ഈ അപചയം മൊത്തത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ അപചയമായി മാറി. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വിദ്യാഭ്യാസമൊഴികെ മറ്റെന്തും ഉല്പാദിപ്പിക്കപ്പെടുന്ന സ്ഥിതിയിലേക്ക് വഴുതിമാറി. വിദ്യാഭ്യാസത്തിന് പരമപ്രാധാന്യം കല്പിക്കുന്ന കേരളീയ സമൂഹത്തില്‍ അതിന്റെ അനുരണനങ്ങള്‍ വളരെപ്പെട്ടെന്നുണ്ടായി. വിദ്യാര്‍ത്ഥി സംഘടനകളെ നേര്‍വഴിക്ക് നയിക്കുന്നതിനായിരുന്നില്ല ഊന്നല്‍ കിട്ടിയത്. ഈ അക്രമിക്കൂട്ടങ്ങളേ വേണ്ട എന്ന നിലയില്‍ ഒരു വിഭാഗം മാധ്യമങ്ങളും മാനേജ്‌മെന്റും നിലയുറപ്പിച്ചപ്പോള്‍ കോടതികള്‍ അവയ്‌ക്കൊപ്പം ചേര്‍ന്നു. കോണ്‍ഗ്രസ് വോട്ടുബാങ്ക് മുന്നില്‍ കണ്ട് അതിന് പിന്തുണ നല്‍കി.

അതിനെതുടര്‍ന്ന് അരാജകത്വവും അക്രമവും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പതിവായി. പ്രേമംപോലും ഇത്തരം സംഘടനകള്‍ അജണ്ടയിട്ട് നടപ്പാക്കുന്ന നിലയിലേക്ക് വന്നു. അതിന്റെയൊക്കെ തിക്തഫലങ്ങള്‍ കേരളീയ സമൂഹത്തിലും പ്രതിഫലിക്കാന്‍ തുടങ്ങി. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ശുഷ്‌കിച്ചു തുടങ്ങി. പുതിയ തലമുറ കൊടിയ വിഷം വമിക്കുന്ന വര്‍ഗീയ സംഘടനകളുടെ സേനാനികളായി രൂപാന്തരപ്പെട്ടു.

ഇതോടൊപ്പം എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ രണ്ട് സ്വാശ്രയ കോളേജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന മുദ്രാവാക്യത്തോടെ കേരളത്തിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസം സ്വകാര്യവിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് തീറെഴുതി. കേരളത്തിലെ മദ്ധ്യവര്‍ഗ സമൂഹത്തിന്റെ പിന്തുണ എളുപ്പത്തില്‍ ആന്റണിക്ക് കിട്ടി. മക്കളെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ആക്കാന്‍ നോമ്പുനോറ്റിരുന്ന ഇടത്തരക്കാര്‍ ‘ആന്റണിസ്സാറിന് കീജേ’ വിളിച്ച് ഒപ്പം കൂടി. കേരളം എഞ്ചിനീയറിംഗ് കോളേജുകളുടെയും മെഡിക്കല്‍ കോളേജുകളുടെയും നാടായി മാറാന്‍ ചുരുങ്ങിയ വര്‍ഷങ്ങളേ വേണ്ടിവന്നുള്ളൂ. അവിടങ്ങളില്‍നിന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആട്ടിയോടിക്കപ്പെടുന്നത് സ്വാഭാവികമാണല്ലോ. പണമുള്ളവന് എന്തിനാണ് സംഘടന? ഇല്ലെങ്കില്‍ ഏത് സംഘടനയും അത്തരക്കാര്‍ക്കാണല്ലോ.

രണ്ട് സ്വാശ്രയ കോളേജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന മുദ്രാവാക്യം കേള്‍ക്കാന്‍ ഇമ്പമാര്‍ന്നതായിരുന്നു. എന്നാല്‍, അതില്‍ പതിയിരിക്കുന്ന അപകടം കണ്ടവരാരും അത് കണ്ടെന്ന് നടിച്ചില്ല.പകുതി സീറ്റ് സര്‍ക്കാര്‍ ഫീസില്‍ പഠിപ്പിക്കാന്‍ സ്വാശ്രയ കോളേജുകള്‍ തയ്യാറായില്ലെങ്കില്‍ എന്തു ചെയ്യും? അതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താന്‍ ആന്റണി മുതല്‍ പിന്നീട് ഭരിച്ച ആര്‍ക്കും കഴിഞ്ഞില്ല. അതിന് നിയമവും വ്യവസ്ഥകളും രൂപപ്പെട്ടില്ല. അതുകൊണ്ടെന്തുപറ്റി? സ്വാശ്രയപ്പൂച്ചക്ക് മണികെട്ടാന്‍ ആര്‍ക്കും കഴിഞ്ഞില്ല!

ആന്റണിയുടെ ശിഷ്യനായിരുന്ന ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതോടെ സ്വാശ്രയ മാനേജ്‌മെന്റുകള്‍ വിശ്വരൂപം കാട്ടി. അവര്‍ക്ക് വിശ്വസ്ത വിധേയരായി വഴങ്ങിക്കൊടുക്കുക എന്ന കര്‍മ്മം മാത്രമാണ് ഈ സര്‍ക്കാരില്‍നിന്ന് കേരളീയര്‍ക്ക് കാണാനായുള്ളൂ. ആദ്യം ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ നേതൃത്വത്തിലുള്ള എഞ്ചിനീയറിംഗ് കോളേജുകള്‍ സര്‍ക്കാരില്‍നിന്ന് വിട്ട് സ്വന്തം പ്രവേശനപരീക്ഷയും ഫീസും പ്രവേശനവുമൊക്കെയായി മുന്നോട്ടുപോയി. അതിനെ പിന്തുടര്‍ന്ന് മറ്റുള്ളവരില്‍ പ്രമുഖരും ആ വഴി തിരഞ്ഞെടുത്തു. ഒടുവില്‍ സര്‍ക്കാര്‍ കോളേജുകളൊഴിച്ചാല്‍, സ്വന്തം നിലക്ക് കുട്ടികളെ കിട്ടാത്ത സ്വാശ്രയക്കാ ര്‍മാത്രമേ ഇപ്പോള്‍ പ്രവേശനപരീക്ഷാ കമ്മിഷണറുടെ റാങ്ക്‌ലിസ്റ്റ് കാത്തിരിക്കുന്നുള്ളൂ. എഞ്ചിനീയറിംഗില്‍ പരീക്ഷിച്ചു വിജയിച്ച ആ തന്ത്രം ഇത്തവണ മെഡിസിനിലും ആവര്‍ത്തിച്ചു. അതിനു മറുപടിയായി സ്വാശ്രയ മുസ്ലിം മെഡിക്കല്‍ കോളേജുകളും ഒരുമിച്ചു. അങ്ങനെ പ്രൊഫഷണല്‍ വിദ്യാഭ്യാസ മാനേജ്‌മെന്റിന്റെ ജാതിതിരിച്ചുള്ള കച്ചവടക്കണ്ണിന് വളം വച്ചുകൊടുക്കുന്ന സര്‍ക്കാരായി ആന്റണിയുടെ പാര്‍ട്ടി നയിക്കുന്ന മുന്നണി മാറി.

മുമ്പ് ഒരു നാട്ടില്‍ എത്ര എഞ്ചിനീയറുണ്ടെന്ന് നമുക്കറിയാമായിരുന്നു. ഇപ്പോള്‍ ഓരോ വീട്ടിലും എത്ര എഞ്ചിനീയറുണ്ടെന്ന് ആ വീട്ടുകാര്‍ക്കുപോലും തിട്ടമില്ലാതായി. ഡ്രൈവറാകാനും ഡി.ടി.പി ഓപ്പറേറ്ററാകാനും സെയില്‍സ്മാനാകാനുമൊക്കെ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ ധാരാളമാണ്. എം.ബി.ബി.എസ് പാസ്സായവര്‍ സര്‍ക്കാര്‍ കോളേജെന്നും മെറിറ്റ് സീറ്റെന്നും ബ്രായ്ക്കറ്റില്‍ പേരുവയ്ക്കുന്ന സ്ഥിതിയിലേക്ക് കേരളം മാറി. ഒരു ഗുണമുണ്ടായത് മുമ്പ് അധികമാര്‍ക്കും വേണ്ടാതിരുന്ന ആര്‍ട്‌സ്, കൊമേഴ്‌സ്, സയന്‍സ് ബിരുദ കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ വന്‍ ഡിമാന്‍ഡാണെന്നതാണ്. ഇപ്പോള്‍, എഞ്ചിനീയറിംഗിനും മെഡിസിനും കിട്ടുക എളുപ്പവും സയന്‍സ്, കൊമേഴ്‌സ് ബിരുദകോഴ്‌സുകളുടെ പ്രവേശനം മിടുമിടുക്കര്‍ക്കൊഴികെ കഠിനമാവുകയും ചെയ്തു.

ബോധോദയങ്ങള്‍ ഉണ്ടാവുകയും കുമ്പസാരങ്ങളും ഏറ്റുപറച്ചിലും ഒക്കെ നല്ല കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥി സംഘടനകളുടെ വിലക്ക് തെറ്റായിപ്പോയെന്ന് എ.കെ.ആന്റണിയുടെ ഏറ്റുപറച്ചില്‍ സ്വാഗതാര്‍ഹമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ നിരോധിച്ചത് ഇന്ത്യപോലെ ഒരു ജനാധിപത്യ രാജ്യത്ത് ഒട്ടും ഭൂഷണമായിരുന്നില്ല. തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാര്‍ത്ഥി സംഘടനകളില്‍ ചേരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത് അപരിഷ്‌കൃതമല്ലേ?. ഇത് മൂലമുള്ള കെടുതികള്‍ അക്കാലത്തുതന്നെ ചിന്തിക്കുന്ന സമൂഹം ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഇപ്പോഴെങ്കിലും എ.കെ.ആന്റണിയെപ്പോലൊരാളിന് ഇത് തിരിച്ചറിയാനായല്ലോ. അധികാരത്തിലിരിക്കുമ്പോള്‍ നമ്മുടെ നേതാക്കള്‍ക്ക് ഇതൊന്നും മനസ്സിലാവില്ലെന്നതാണ് ഖേദകരം.

രണ്ട് സ്വാശ്രയപ്രൊഫഷണല്‍ കോളേജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന ആന്റണിയുടെ തീരുമാനം കേരളത്തിന്റെ ഭാവിയെ മാറ്റിമറിക്കാന്‍ പര്യാപ്തമായിരുന്നു. എന്നാല്‍, ആ നല്ല കാഴ്ചപ്പാട് നടപ്പാക്കി വികൃതമാക്കി. ചാരായ നിരോധനം കേരളത്തില്‍ പുതിയൊരു മാഫിയ വളര്‍ത്തിയതുമുതല്‍ ഇപ്പോള്‍ ആന്റണിയുടെ ശിഷ്യര്‍ നടപ്പാക്കിയ മദ്യപരിഷ്‌കാരം വീടുകള്‍ ബാറാക്കി മാറ്റുന്നതിനിടയാക്കിയതുള്‍പ്പെടെയുള്ള ദൂരവ്യാപകഫലങ്ങളുള്ള വിഷയങ്ങളില്‍ വേണ്ടത്ര ചിന്തിക്കാതെയുള്ള എടുത്ത ചാട്ടങ്ങള്‍ വരുത്തിവച്ച വിനകള്‍ മറ്റൊരു കുമ്പസാരം കൊണ്ട് മറികടക്കാനാവുമോ?അത് മറ്റൊരു വിഷയം. അതെന്തായാലും ആന്റണി പറഞ്ഞ ആ തെറ്റ് ‘തിരുത്താന്‍’ അദ്ദേഹം മുന്‍കൈ എടുക്കുമോ? അതറിയാനാണ് കേരളം കാത്തിരിക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:

This post was last modified on December 15, 2016 11:35 pm