X

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: പ്രധാന പ്രതികളെല്ലാം പിടിയിലായതായി പൊലീസ്

മുഖ്യപ്രതി മണിക്കുട്ടന്‍ അടക്കമുള്ളവരാണ് പിടിയിലായിരിക്കുന്നത്.

തിരുവനന്തപുരം ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാന പ്രതികളെല്ലാം പിടിയിലായതായി പൊലീസ്. അക്രമിസംഘത്തിലെ നാല് പേര്‍ കൂടി പിടിയിലായതോടെയാണിത്. മുഖ്യപ്രതി മണിക്കുട്ടന്‍ അടക്കമുള്ളവരാണ് പിടിയിലായിരിക്കുന്നത്. ഇന്നലെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് സഹായം നല്‍കിയതായി പറയുന്ന മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

പതിനഞ്ചോളം പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത് എന്നും ഇതില്‍ ആറു പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത് എന്നുമാണ് പോലീസ് കരുതുന്നത്. ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടുകൂടിയായിരുന്നു സംഭവം. ശാഖ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന വഴി കടയില്‍ സാധനം വാങ്ങാന്‍ കയറിയ രാജേഷിനെ അക്രമിസംഘം വെട്ടുകയായിരുന്നു. രാജേഷിന്റെ ഇടതുകൈ പൂര്‍ണ്ണമായും വെട്ടിമാറ്റപ്പെട്ടതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. ശരീരത്തില്‍ നാല്‍പ്പതോളം മുറിവുകള്‍ ഉണ്ടായിരുന്നു.

കൊലയ്ക്ക് പിന്നില്‍ സിപിഎം ആണെന്നാണ് ബിജെപി ആരോപണം. സിപിഎമ്മിന്റെത് ഉന്മൂലന രാഷ്ട്രീയമാണെന്ന് ആരോപിച്ച സംസ്ഥാന പ്രസിഡന്റ്റ് കുമ്മനം രാജശേഖരന്‍ സംഭവത്തില്‍ കേന്ദ്രം ഇടപെടണമെന്നും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പിന്തുണയോടെയാണ് അക്രമം നടക്കുന്നത്. സമാധാന യോഗം വിളിക്കാന്‍ പോലും സര്‍ക്കാര്‍ തയാറല്ലെന്നും കുമ്മനം ആരോപിച്ചു.
എന്നാല്‍ സംഭവത്തില്‍ യാതൊരു ബന്ധവുമില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. ഏതാനും നാളുകളായി സ്ഥലത്ത് നിലനില്‍ക്കുന്ന പ്രാദേശിക പ്രശ്നങ്ങളുടെ പേരിലാണ് കൊലപാതകമെന്നും സിപിഎമ്മിന് ഇതില്‍ പങ്കില്ലെന്നുമാണ് ആനാവൂര്‍ അവകാശപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്.

This post was last modified on July 30, 2017 12:53 pm