അഴിമുഖം പ്രതിനിധി
പ്രേമം എന്ന ചലച്ചിത്രം അവാര്‍ഡിന് പരിഗണിക്കാന്‍ അര്‍ഹതയില്ലെന്ന സംസ്ഥാന ജൂറി ചെയര്‍മാന്‍ മോഹന്റെ അഭിപ്രായത്തിനെതിരെ പ്രതികരിച്ച അല്‍ഫോന്‍സ് പുത്രനെ പിന്തുണച്ച് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. പ്രേമം എന്ന സിനിമയെ വിമര്‍ശിക്കാന്‍ എങ്ങനെ മോഹന്‍ സാറിനു കഴിഞ്ഞു എന്നാണ് ഉണ്ണികൃഷ്ണന്‍ ചോദിക്കുന്നത്. അല്‍ഫോന്‍സ് പുത്രന്‍ ഉഴപ്പിയെടുത്ത സിനിമയാണ് പ്രേമം എന്ന മോഹന്റെ വാദം ആ സിനിമയെക്കുറിച്ചുള്ള ഏറ്റവും വലിയ അസത്യമാണെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. ഈ സിനിമ ഉഴപ്പാണെങ്കില്‍ ആ ഉഴപ്പ് അല്‍ഫോന്‍സ് തുടരണമെന്നും ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെടുന്നു.
ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ് താഴെ കൊടുത്തിരിക്കുന്നു…
ഇന്നലെ റ്റിവിയില്‍ ഒരിക്കല്‍ കൂടി പ്രേമം സിനിമ കണ്ടു. കഴിഞ്ഞ ദിവസം അല്‍ഫോന്‍സ് മോഹന്‍ സാറിനോട് ഫെയ്‌സ്ബുക്കിലൂടെ നടത്തിയ പ്രതികരണം വായിക്കുകയും ചെയ്തു. ഞാന്‍ അതില്‍ കക്ഷി ചേരുന്നില്ല. സാധാരണ അവാര്‍ഡ് വിവാദളില്‍/സംവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണ് ചെയ്യാറുള്ളത്. ഒരു ജൂറി അവരുടെ ബോധ്യങ്ങള്‍ നടപ്പാക്കുന്നു; അതിനപ്പുറം പ്രാധാന്യമൊന്നും ഒരവാര്‍ഡിനും ഇല്ല. പക്ഷേ, അവാര്‍ഡ് പ്രഖ്യാപനവുമൊക്കെകഴിഞ്ഞ്, ജൂറി ചെയര്‍മാന്‍ ഒരു ചിത്രത്തെ മാത്രം ലാക്കാക്കി സൗന്ദര്യശാസ്ത്രപരമായ ചില വിമര്‍ശനങ്ങളൊക്കെ നടത്തുമ്പോള്‍ പ്രതികരണങ്ങളുണ്ടാവുക സ്വാഭാവികം. ഒന്ന് പറയാതെ വയ്യ. ഈ ചിത്രം കണ്ടിട്ട്, ഇതിന്റെ ആദ്യപകുതിക്ക് ഏകാഗ്രതയില്ലാ, ഇതിന് ഘടനയില്ല, ഫോക്കസില്ലാ, ഇത് ഉഴപ്പിയെടുത്തതാണ് എന്നൊക്കെ പറയാന്‍ ഞാന്‍ ഏറെ ബഹുമാനിക്കുന്ന മോഹന്‍ സാറിന് എങ്ങനെ തോന്നി എന്നെനിക്കറിയില്ല. ഇതിനേക്കാള്‍ വലിയൊരു അസത്യം ഈ സിനിമയെ കുറിച്ച് പറയാന്‍ കഴിയില്ല. ഇത് ഉഴപ്പലാണെങ്കില്‍ അല്‍ഫോന്‍സ് താങ്കള്‍ ഇനിയും ഇനിയും ഉഴപ്പണം, ഗംഭീരമായി ഉഴപ്പണം എന്നേ എനിക്ക് പറയാനൊള്ളൂ. നമ്മുക്ക് ഈ അവാര്‍ഡ് വേണ്ട്രടാ! ഇവിടല്ലേലും സീന്‍ മൊത്തം കോണ്‍ട്രാ
This post was last modified on December 27, 2016 3:57 pm
Leave a Comment