ഇന്ത്യയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ത്രിവര്‍ണ പതാകയുടെ സാമ്യമുള്ള വാതില്‍പ്പടി ചവിട്ടികള്‍ പിന്‍വലിക്കാന്‍ ആമസോണ്‍ തീരമാനിച്ചു. കമ്പനിയുടെ കാനഡ വെബ്‌സൈറ്റിലാണ് ത്രിവര്‍ണ പതാകയുടെ രൂപകല്‍പനയോട് സാദൃശ്യമുള്ള ചവിട്ടികളുടെ പരസ്യം വന്നത്. എന്നാല്‍ ഇത് പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയാത്തപക്ഷം ഒരു ആമസോണ്‍ ഉദ്യോഗസ്ഥനും ഇന്ത്യ വിസ നല്‍കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തതോടെയാണ് പരസ്യം പിന്‍വലിക്കാന്‍ കമ്പനി തീരുമാനിച്ചത്.
നേരത്തെ അനുവദിച്ച വിസകളും പിന്‍വലിക്കുമെന്ന് സുഷമ വ്യക്തമാക്കിയിരുന്നു. ആമസോണ്‍ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരെ പ്രതിഷേധം അറിയിക്കാന്‍ അവര്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ ആമസോണ്‍ തയ്യാറായിട്ടില്ല. എന്നാല്‍ ആമസോണില്‍ ഈ ഉല്‍പന്നങ്ങള്‍ ഇതുവരെ വിറ്റിട്ടില്ലെന്നും ഇന്ത്യയുടെ ആശങ്ക നിര്‍ദ്ദിഷ്ട ടീമിനെ അറിയിച്ചിട്ടുണ്ടെന്നും പ്രശ്‌നം പരിഹരിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ട്വീറ്റിനുള്ള മറുപടിയില്‍ കമ്പനി പറഞ്ഞു.
ആമസോണിന്റെ കാനഡ വെബ്‌സൈറ്റില്‍ കനേഡിയന്‍, അമേരിക്കന്‍, ബ്രിട്ടീഷ് പതാകകളോട് സാദൃശ്യമുള്ള രൂപകല്‍പനയോടു കൂടിയ ചവിട്ടികളുടെ പരസ്യമുണ്ട്. അവരുടെ യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മ്മനി വെബ്‌സൈറ്റുകളില്‍ അമേരിക്കന്‍ ബ്രീട്ടിഷ് പതാകകളോട് സാമ്യമുള്ള വര്‍ണവിന്യാസമുള്ള ചവിട്ടികളുടെ പരസ്യവും നിലവിലുണ്ട്. ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും പടങ്ങളോടു കൂടിയ ചവിട്ടികള്‍ വില്‍ക്കുന്നതിന്റെ പേരില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ആമസോണിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്ത്യയില്‍ ആമസോണ്‍ മൂന്ന് ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താനിരിക്കെയാണ് പുതിയ വിവാദങ്ങള്‍.
This post was last modified on January 12, 2017 10:36 am
Leave a Comment