സിപിഎം കേന്ദ്ര കമ്മറ്റി ചര്‍ച്ചയ്ക്ക് വച്ച കോണ്‍ഗ്രസുമായുള്ള ബന്ധത്തെക്കുറിച്ച് ഇന്ന് തീരുമാനമായിരിക്കുകയാണ്. സീതാറാം യെച്ചൂരി ആവശ്യപ്പെട്ടത് ബിജെപിക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര കക്ഷികളെ കൂട്ട് പിടിക്കണമെന്നായിരുന്നു. എന്നാല്‍ വോട്ടെടുപ്പില്‍ യെച്ചൂരിയുടെ വാദം പാര്‍ട്ടി തള്ളിയിരിക്കുന്നു.
പക്ഷെ കേരള ഘടകമാണ് സിപിഎമ്മിനെ നിയന്ത്രിക്കുന്നത് എന്നതിന്റെ ഏറ്റവും നല്ല തെളിവാണ് ഇന്ന് നമുക്ക് മുന്നില്‍ സംഭവിച്ചിരിക്കുന്നത്. കേരളത്തിന്റെ നിലപാട് സിപിഎമ്മിന്റെ ദേശീയ നിലപാടായി മാറിയിരിക്കുകയാണ് ഇപ്പോള്‍. ബംഗാളില്‍ സിപിഎമ്മിന് ഏറ്റ തിരിച്ചടിയാണ് അടിസ്ഥാനപരമായി കേരളത്തിന് മേല്‍ക്കോയ്മ നല്‍കുന്നത്. ബംഗാളിലേറ്റ തിരിച്ചടിയ്ക്ക് ശേഷമാണ് കേരളഘടകത്തിന് മേല്‍ക്കൈ നേടാനായത്. പണ്ടെല്ലാം ബംഗാള്‍ പാര്‍ട്ടി പറയുന്നതായിരുന്നു സിപിഎമ്മിന്റെ തീരുമാനം. ആ സാഹചര്യം മാറിയിട്ട് ഏഴു വര്‍ഷം മാത്രമാണ് ആകുന്നത്. കേരളത്തിലെ പാര്‍ട്ടി എന്ത് നിലപാട് സ്വീകരിക്കുന്നുവെന്നത് ദേശീയ തലത്തില്‍ സിപിഎം സൂക്ഷ്മമായി തന്നെയാണ് നോക്കി കാണുന്നത്. നരേന്ദ്ര മോദിയുടെ കഴിലുള്ള ബിജെപി സര്‍ക്കാരിനെ കേരളം എതിര്‍ക്കുമ്പോള്‍ ദേശീയ മാധ്യമങ്ങള്‍ കേരള പാര്‍ട്ടിയുടെ നിലപാടുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നതും അതിനാലാണ്.
പക്ഷെ കേരളത്തിലെ പാര്‍ട്ടിയുടേത് ഇടുങ്ങിയ ചിന്താഗതിയാണ്. കാരണം അവര്‍ക്ക് ഇവിടെയുള്ള രാഷ്ട്രീയ എതിരാളികള്‍ കോണ്‍ഗ്രസ് മാത്രമാണ്. പക്ഷെ ദേശീയ തലത്തില്‍ ഈ ഇടുങ്ങിയ രാഷ്ട്രീയ ചിന്ത എങ്ങനെ ബാധിക്കുമെന്ന് അവര്‍ ചിന്തിക്കുന്നില്ല. ഇതിന്റെ ഫലം അടുത്ത പൊതു തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മാത്രമാണ് ഇവര്‍ മനസിലാക്കുക. വീണ്ടും ബിജെപി അധികാരത്തില്‍ വന്നാല്‍ അതിന്റെ ഉത്തരവാദിത്വം പൂര്‍ണമായും പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ചകളില്‍ കേരള പാര്‍ട്ടിയുടെ മേല്‍ വീഴാനുള്ള സാധ്യതയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. കേരളത്തില്‍ നിലവില്‍ വിഎസ് അച്യുതാനന്ദന്റേതല്ലാതെ മറ്റൊരു ഇടതുപക്ഷ ശബ്ദം ഉയരുന്നില്ല എന്നതാണ് പൊതുവേയുള്ള നിരീക്ഷണം.
അതേസമയം ദേശീയ തലത്തില്‍ ഇടതുപക്ഷ ശബ്ദം കുറച്ചു കൂടി ഉയര്‍ന്നു കേള്‍ക്കുന്ന ഒരു കാലഘട്ടം കൂടിയാണ് ഇത്. ജിഗ്നേഷ് മേവാനിയെ പോലുള്ളവര്‍ അവരുടെ രാഷ്ട്രീയ നിലപാടുകൊണ്ട് ഇടതുപക്ഷക്കാര്‍ തന്നെയാണ്. ദേശീയ തലത്തില്‍ ശക്തമായ ഒരു ഇടതുപക്ഷം രൂപപ്പെടുമ്പോള്‍ കേരളത്തിലെ പാര്‍ട്ടി ഘടകം സ്വന്തം ശബ്ദം ഇല്ലാതാക്കുന്ന ഒരു അവസ്ഥയിലേക്ക് എത്താതിരിക്കുകയാണ് വേണ്ടത്. കേരളം മാത്രമാണ് സിപിഎമ്മിന്റെ ശബ്ദമെന്നതും അപകടകരമായ ഒരു അവസ്ഥയാണ്.
ദേശീയ തലത്തില്‍ മറ്റ് മുഴുവന്‍ സംസ്ഥാനങ്ങളും യെച്ചൂരിയുടെ കൂടെയുണ്ടായിട്ടും കാര്യമില്ല. കേരളത്തിലെ സിപിഎം അംഗ സംഖ്യയുടെ അടിസ്ഥാനത്തില്‍ കേരളം പറയുന്നത് മാത്രമാണ് അവിടെ പ്രതിഫലിക്കുന്നത്. പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ തടിമിടുക്ക് മാത്രമാണ് ഇവിടെ കാണാനാകുന്നത്. അത് ദേശീയ തലത്തില്‍ തിരിച്ചടി നല്‍കിയാല്‍ കേരള സി പി എം വലിയ വില നല്‍കേണ്ടി വരും എന്ന കാര്യത്തില്‍ സംശയമില്ല.
This post was last modified on January 21, 2018 4:50 pm
Leave a Comment