ഹൈദരാബാദില്‍ നടക്കുന്ന 22ാം പാര്‍ട്ടി കോണ്‍ഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത് ഭേദഗതികളോടെയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി അംഗങ്ങള്‍ക്ക് ഇനിയും ഭേദഗതി നിര്‍ദ്ദേശിക്കാന്‍ അവകാശമുണ്ടെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിയായിരിക്കും മുഖ്യശത്രു എന്നതാണ് സിപിഎമ്മിന്റെ നിലപാട് – യെച്ചൂരി പറഞ്ഞു.
ബിജെപി – സംഘപരിവാര്‍ ഫാഷിസ്റ്റ് ഭീഷണി നേരിടുന്നതിനായി കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ മതനിരപേക്ഷ ജനാധിപത്യ പാര്‍ട്ടികളുമായും ആവശ്യമായ ഘട്ടങ്ങളില്‍ സഹകരണം വേണ്ടിവരുമെന്നുള്ള യെച്ചൂരിയുടെ ആവശ്യം സിപിഎം തള്ളിയിരുന്നു. ഇത്തരത്തില്‍ രാഷ്ട്രീയ അടവുനയത്തില്‍ മാറ്റം ആവശ്യപ്പെട്ട് യെച്ചൂരി അവതരിപ്പിച്ച രേഖ കേന്ദ്ര കമ്മിറ്റി വോട്ടിനിട്ട് തള്ളിയിരുന്നു. കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള സഹകരണവും വേണ്ടെന്ന പ്രകാശ് കാരാട്ട് വിഭാഗത്തിന്‍റെ രേഖക്ക് 55 വോട്ടും യെച്ചൂരി ലൈനിന് 31 വോട്ടുമാണ് 90 അംഗ കേന്ദ്ര കമ്മിറ്റിയില്‍ കിട്ടിയത്. ഇതിന് പിന്നാലെ കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ അറിയിക്കുന്നതിനുള്ള വാര്‍ത്താസമ്മേളനത്തിലാണ് യെച്ചൂരി ഇക്കാര്യം പറഞ്ഞത്. ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് രണ്ട് മാസം മുമ്പ് ഇത് എല്ലാ അംഗങ്ങള്‍ക്കും ലഭ്യമാക്കും.
കരട് രാഷ്ട്രീയപ്രമേയത്തിന് മേല്‍ കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച നടന്നു. വോട്ടെടുപ്പില്‍ ആര് ജയിച്ചു, തോറ്റു എന്ന പ്രശ്‌നമല്ല ഇതെന്നും യെച്ചൂരി പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തേയ്ക്കുള്ള പാര്‍ട്ടിയുടെ അടവ് നയം എന്തായിരിക്കണം എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി കോണ്‍ഗ്രസാണ്. പാര്‍ട്ടി കോണ്‍ഗ്രസാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. പൊളിറ്റ് ബ്യൂറോയുടെ കരട് രാഷ്ട്രീയ പ്രമേയം ഭേദഗതികളോടെയാണ് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചിരിക്കുന്നത്.
This post was last modified on January 21, 2018 4:11 pm
Leave a Comment