X

അങ്കമാലി ഡയറീസ് ഒരു കട്ട ക്രൈസ്തവ സിനിമയെന്നു ജനം ടിവി നിരൂപണം; മറുപടിയുമായി ലിജോ ജോസ് പല്ലിശേരി

ആമേന്‍ പോലെ ക്രൈസ്തവ മതധാരകളെ നിശബ്ദമായി കടത്തിവിടാന്‍ ശ്രമിക്കുന്ന മറ്റൊരു സൃഷ്ടിയാണു അങ്കമാലി ഡയറീസ് എന്നാണു വിമര്‍ശനം

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് ക്രിസ്തുമത ബിംബങ്ങള്‍ ഏറെയുള്ളതും ക്രൈസ്തവ മതധാരകളെ നിശബ്ദമായി കടത്തിവിടാന്‍ ശ്രമിക്കുന്ന സൃഷ്ടിയുമാണെന്ന വിമര്‍ശനം ഉയര്‍ത്തി ബിജെപി അനുകൂല ചാനലായ ജനം ടിവി. രഞ്ജിത്ത് ജി കാഞ്ഞിരത്തില്‍ എഴുതിയ നിരൂപണത്തിലാണു ലിജോ ജോസിന്റെ സിനിമയെ യുക്തിരഹിതമായ മതബോധങ്ങള്‍ ചേര്‍ത്ത് നിരൂപിച്ചിരിക്കുന്നത്(അങ്കമാലിയിലെ പ്രധാനമന്ത്രിമാർ). എന്നാല്‍ രഞ്ജിത്തിന്റെ നിരൂപണത്തെ തികഞ്ഞ അവജ്ഞയോടെ പരിഹസിച്ചു തള്ളുകയായിരുന്നു സംവിധായകന്‍ ലിജോ ജോസ് പല്ലിശേരി.

നല്ല മനോഹരമായ റിവ്യൂ . ഇത്ര സൂക്ഷ്മമായി ഞാന്‍ പോലും അങ്കമാലി ഡയറീസിനെ നോക്കി കണ്ടിട്ടില്ല നന്ദി.രഞ്ജിത്തിന് ജി. കാഞ്ഞിരത്തിനു സുഖമെന്ന് കരുതട്ടെ. വീട്ടിലെല്ലാവരോടും അന്വേഷണം പറയണം’ ഇതായിരുന്നു ലിജോയുടെ മറുപടി.

തുടക്കം മുതല്‍ ഒടുക്കം വരെയുള്ള ക്രൈസ്തവസ്തവ ബിംബങ്ങളുടെ ധാരാളിത്തമാണ് ഈ സിനിമയുടെ ഏറ്റവും വലിയ വ്യത്യസ്തത. സംവിധായകന്‍ ലിജോ ജോസിന്റെ മറ്റൊരു ചിത്രം ആമേന്‍ കൂടി ഇവിടെ സ്മരണീയമാണ്. ഇതേ ജനുസ്സില്‍ െ്രെകസ്തവ മതധാരകളെ നിശബ്ദമായി കടത്തിവിടാന്‍ ശ്രമിക്കുന്ന ഒരു സൃഷ്ടി. കമിതാക്കളുടെ പ്രേമ സാഫല്യത്തിനായി കത്തനാരുടെ വേഷത്തില്‍ പുണ്യാളന്‍ അവതരിക്കുന്നതാണ് രണ്ടര മണിക്കൂര്‍ നേരത്തെ ബഹളത്തിന്റെയും ക്‌ളാരനെറ്റിന്റേയും കുര്‍ബാനകളുടെയും അവസാനം ആമേന്‍ പറഞ്ഞു വെക്കുന്നത്. വിശുദ്ധന്‍ എന്ന മത സങ്കല്പത്തിനെ മഹത്വ വല്‍ക്കരിക്കുവാന്‍ വേണ്ടി നടത്തിയ ഒരു കലാസൃഷ്ടിയാണ് ആമേന്‍- ഇങ്ങനെ പോകുന്നതാണു രഞ്ജിത്തിന്റെ നിരൂപണം.

ഇവിടെ അങ്കമാലി ഡയറീസിലും സ്ഥിതി സമാനമാണ്. അങ്കമാലി ടൗണിലെ ഇറച്ചിക്കടയും പബ്ലിക് ടോയ്‌ലറ്റും സര്‍ക്കാര്‍ സ്ഥാപനങ്ങളും, ബസ് സ്റ്റാന്‍ഡും റയില്‍വേ സ്‌റ്റേഷനും എന്തിനു കാര്‍ണിവല്‍ പോലും കാണിച്ചു കൊണ്ടുള്ള അവതരണ ഗാനത്തില്‍ ക്രിസ്ത്യന്‍ പള്ളി പലവുരു ദൃശ്യമാകുന്നുണ്ട്. അമ്പലങ്ങള്‍ അങ്കമാലിയില്‍ ഇല്ലാത്തതുകൊണ്ടാണോ എന്തോ.? ഒരെണ്ണം പോലും അതില്‍ കണ്ടതായി ഓര്‍ക്കുന്നില്ല. അവിടുന്നങ്ങോട്ട് പള്ളി സീനുകള്‍,പള്ളി പശ്ചാത്തലത്തില്‍ വരുന്ന സീനുകള്‍ കുര്‍ബാന, മനസ്സുചോദ്യം, മിന്നു കെട്ട്, ഈസ്റ്റര്‍, കരോള്‍, പ്രദക്ഷിണം, സര്‍വത്ര ക്രൈസ്തവസ്തവമയം. സിനിമ കണ്ടുതീരുമ്പോള്‍ ഈ അങ്കമാലി എന്നത് ഒരു സര്‍വ തന്ത്ര സ്വതന്ത്ര ക്രൈസ്തവ രാജ്യമാണോ എന്ന് ശങ്കിച്ചു പോകും– സിനിമ നിരൂപണത്തിലെ മറ്റൊരു ആശങ്കയാണിത്.

സിനിമയേയും സംവിധായകനെയും തികച്ചും മതവൈര്യത്തിന്റെ കണ്ണുവച്ചു മാത്രം കണ്ട് എഴുതിവച്ച ഈ നിരൂപണത്തിനു വായനക്കാരില്‍ നിന്നുതന്നെ കടുത്ത എതിര്‍പ്പാണു കേള്‍ക്കുന്നത്.

സിനിമയുടെ തിരക്കഥാകൃത്തും നടനുമായ ചെമ്പന്‍ വിനോദിനെയും പരിഹസിക്കാന്‍ രഞ്ജിത്ത് തയ്യാറായിട്ടുണ്ട്. ഉള്ളി പൊളിക്കുന്നതുപോലെ ഉള്‍ക്കാമ്പില്ലാത്ത കഥയില്‍ ആപാദ ചൂഢം മതം കുത്തി തിരുകി പ്രേക്ഷകര്‍ക്ക് വിളമ്പിയാല്‍ വാര്‍ക്കപ്പണിക്കു പോകേണ്ടി വരുമെന്നാണു നിരൂപകന്‍ ചെമ്പന്‍ വിനോദിനു മുന്നറിയിപ്പു കൊടുക്കുന്നത്.

This post was last modified on March 10, 2017 11:58 am