X

ട്രംപ് വിരുദ്ധ പ്രതിഷേധങ്ങള്‍; ഒരു തുടക്കം മാത്രം- പങ്കജ് മിശ്ര എഴുതുന്നു

ആധുനിക പടിഞ്ഞാറിന്റെ ഹൃദയത്തില്‍ത്തന്നെ പൊടുന്നനെ ക്ഷുദ്ര രാഷ്ട്രീയത്തിന്റെ വാചകക്കസര്‍ത്തുകാര്‍ കയറിവന്നത്, പുരോഗമനത്തിന്റെ നാഴികക്കല്ലുകള്‍ സുരക്ഷിതമാണെന്ന് ആരും എവിടേയും ഉറപ്പിക്കേണ്ടതില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്

ഡൊണാള്‍ഡ് ട്രംപിന്റെ വിജയം അമേരിക്കന്‍ ജനാധിപത്യത്തിന് ഒരു ദുരന്തമാകും എന്നു കണ്ടവര്‍ക്ക്,  അത്ര ജനത്തിരക്കില്ലാതിരുന്ന ഉദ്ഘാടനത്തിന് തൊട്ട് പിറ്റേന്ന് നടന്ന, അടുത്ത വര്‍ഷങ്ങളില്‍ ഉണ്ടായതില്‍ ഏറ്റവും വലിയ പ്രകടനങ്ങളില്‍ അല്പം ആഹ്ളാദിക്കാം. അത്ഭുതകരമായ രാഷ്ട്രീയോര്‍ജ്ജം പ്രസരിപ്പിച്ചുകൊണ്ട് ഒരു ദശലക്ഷത്തിലേറെപ്പേര്‍, അതിലേറെയും സ്ത്രീകള്‍, വാഷിംഗ്ടണ്‍, ന്യൂ യോര്‍ക്, ലോസ് ഏഞ്ചലസ്, ചിക്കാഗോ തുടങ്ങി ലോകത്തിലെ മറ്റ് പല നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. മഡോണ മുതല്‍ ജോണ്‍ കേറി വരെയുള്ള പ്രമുഖര്‍ പ്രതിഷേധങ്ങളില്‍ പങ്കുചേര്‍ന്നു. പ്രകടനങ്ങളുടെ വലിപ്പവും തീക്ഷ്ണതയും സംഘാടകരെപ്പോലും അമ്പരപ്പിച്ചു.

ട്രംപിനെതിരായ ഈ അസാധാരണ മുന്നേറ്റത്തെ ‘ഏറെ വൈകി’ എന്നുപറഞ്ഞു തള്ളിക്കളയാന്‍ എളുപ്പമാണ് (സമാനമായ ഒരു കുത്തൊഴുക്ക് നവംബറിലായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പിന്റെ ഫലമേ മാറിയേനെ എന്നു ട്രംപ് തന്നെ ചൂണ്ടിക്കാണിച്ചു). അംഗീകാരംഎത്ര കുറവായാലും താന്‍പോരിമക്കാരനായ, ഏകപക്ഷീയ സമീപനക്കാരനായ ട്രംപ് ഇനി നാല് വര്‍ഷത്തേക്ക് അമേരിക്കന്‍ പ്രസിഡണ്ടാണ്. പഴയ പ്രയോഗത്തിലെത്തും പോലെ രാഷ്ട്രീയത്തില്‍ ഒരു നീണ്ട കാലം, ഒരു രാജ്യത്തെ നശിപ്പിക്കാന്‍ ധാരാളം, ആ നിലയ്ക്ക് ലോകത്തപ്പോലും. വാഷിംഗ്ടണിലെ ജാഥയില്‍ ‘ത്യാഗത്തിനും’ ‘വിപ്ലവത്തിനും’ ആഹ്വാനം ചെയ്ത യഥാര്‍ത്ഥ Material Girl മഡോണയെ കളിയാക്കാന്‍ ഇപ്പൊഴും എളുപ്പമാണ്.

പക്ഷേ ഈയാഴ്ച്ചത്തെ പ്രതിഷേധങ്ങളെക്കുറിച്ചുള്ള ഏറ്റവും നിഷേധാത്മകമായ വിലയിരുത്തലില്‍ പോലും പൌരന്‍മാര്‍ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടേണ്ടുന്നതിന്റെയും തെരഞ്ഞെടുക്കപ്പെട്ട അധികൃതരെ ജാഗ്രതയില്‍ നിര്‍ത്തേണ്ടതിന്റെയും ആവശ്യകത അംഗീകരിക്കുന്നു. അടുത്ത നാല് വര്‍ഷം കാര്യങ്ങള്‍ എത്ര സങ്കീര്‍ണമാകുമെന്നും രാഷ്ട്രീയ പ്രതിരോധം എത്രമാത്രം ആവശ്യമായി വരും എന്നതിനുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു ട്രംപിന്റെ ഉദ്ഘാടന പ്രസംഗം.

തിരിഞ്ഞുനോക്കിയാല്‍, 2008-ല്‍ ബരാക് ഒബാമ ചുരുങ്ങിയ കാലത്തേക്ക് അമേരിക്കന്‍ ജനതയുടെ ഒരു വിശാല പരിച്ഛേദത്തെ രാഷ്ട്രീയവത്കരിക്കുകയും ഒന്നിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ അധികാരത്തിലെത്തിയപ്പോള്‍, തന്റെ കലാപകരമായ സ്ഥാനാര്‍ത്ഥിത്വം സൃഷ്ടിച്ച പ്രതിബദ്ധരായ പ്രവര്‍ത്തകരുടെ ജനാടിത്തറയെ ശരിക്കും വിന്യസിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. വാഷിംഗ്ടണിലെ പ്രതികരണരഹിതവും നിശ്ചേതനവുമായി വരുന്ന രാഷ്ട്രീയത്തെ പരിഷ്കരിക്കുന്നതിന് ഒബാമയ്ക്കോ റിപ്പബ്ലിക്കന്‍ എതിരാളികള്‍ക്കൊ മേല്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ അയാളുടെ മുന്‍ അനുഭാവികളും പരാജയപ്പെട്ടു. അതുകൊണ്ടാണ് പലരെയും ‘നമുക്ക് കഴിയും’ എന്ന മുദ്രാവാക്യം കൊണ്ട് ആകര്‍ഷിച്ച നേതാവ് ‘നാടകം വേണ്ട ഒബാമ’ എന്നതിലേക്ക് ചുരുക്കപ്പെട്ടത്. ആവേശം നല്‍കുന്ന ഒരു നേതാവില്‍ നിന്നും നിസംഗനായ ഒരു സാങ്കേതികവിദഗ്ധന്‍ മാത്രമായി ഒബാമ.

ഒരു കറുത്ത വര്‍ഗക്കാരനായ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ പല വെള്ളക്കാരായ അമേരിക്കന്‍ തൊഴിലാളികളെയും പ്രേരിപ്പിച്ച അസമത്വത്തിന്റെയും അധികാരരാഹിത്യത്തിന്റെയും തോന്നലുകള്‍ ഇനിയും മാഞ്ഞിട്ടില്ല എന്നതുറപ്പാണ്. അടിത്തട്ടിലെ ജനാധിപത്യത്തിന്റെ സാധ്യതകള്‍ ഒബാമ അന്വേഷിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്തെങ്കില്‍ അതിനെ വീണ്ടും ഉപയോഗിച്ചത് Tea Party-യില്‍ തുടങ്ങിയ വലതുപക്ഷമാണ്. ഒബാമയുടെ വിജയത്തില്‍ വലിയ പങ്കുവഹിച്ച സാമൂഹ്യ മാധ്യമങ്ങളില്‍ ഗൂഢാലോചന സിദ്ധാന്തക്കാരും വ്യാജ-വാര്‍ത്താ പ്രചാരകരും നിറഞ്ഞു.

അതേസമയം, വൈറ്റ് ഹൌസില്‍ ഒരു കറുത്ത കുടുംബം താമസിക്കുന്നു എന്നതുതന്നെ പുരോഗമനം അനിവാര്യവും പിന്നോട്ടു വലിക്കാനാകാത്തതും ആണെന്ന അലസ ധാരണയിലേക്ക് പലരെയും എത്തിച്ചു. മഡോണ ഈയാഴ്ച്ച പശ്ചാത്തപിച്ച പോലെ, “ നമ്മളൊരു തെറ്റായ ആശ്വാസ ബോധത്തിലേക്ക് വീഴുകയായിരുന്നു എന്നിപ്പോള്‍ തോന്നുന്നു. നീതി നിലനില്‍ക്കുമെന്നും നന്മ ഒടുവില്‍ വിജയിക്കുമെന്നും.”

പടിഞ്ഞാറിന് പുറത്തു വളരെക്കുറച്ചു പെര്‍ക്കേ ഇത്തരം മായക്കാഴ്ച്ചകള്‍ക്കുള്ള സൌകര്യമുള്ളൂ. ജനാധിപത്യത്തിലേക്കുള്ള പരിവര്‍ത്തനത്തിനായുള്ള നീണ്ട കാലത്തെ ശ്രമങ്ങള്‍ സമഗ്രാധിപത്യത്തിന്റെയോ ആള്‍ക്കൂട്ട ഭരണത്തിന്റെയോ അപായങ്ങളെ നേരിടുകയോ, നടക്കാതെ തന്നെ പോവുകയോ ചെയ്യാവുന്ന മ്യാന്മാറില്‍ നിന്നുമാണ് ഞാന്‍ എഴുതുന്നത്. ആധുനിക പടിഞ്ഞാറിന്റെ ഹൃദയത്തില്‍ത്തന്നെ പൊടുന്നനെ ക്ഷുദ്ര രാഷ്ട്രീയത്തിന്റെ വാചകക്കസര്‍ത്തുകാര്‍ കയറിവന്നത്, പുരോഗമനത്തിന്റെ നാഴികക്കല്ലുകള്‍ സുരക്ഷിതമാണെന്ന് ആരും എവിടേയും ഉറപ്പിക്കേണ്ടതില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. അവസരം കിട്ടിയാല്‍ തകര്‍ക്കുന്നതിന് തക്കം നോക്കി വംശീയതയുടെയും സ്ത്രീവിരുദ്ധതയുടെയും ഭീകരജീവികള്‍ അവരുടെ നിഴലുകളില്‍ നിരന്തരം മറഞ്ഞിരിപ്പുണ്ട്.

നിലവിലെ വ്യവസ്ഥകളുടെ കാവല്‍ക്കാരായ ശക്തികളോട് ഏറെ പൊരുതിയാണ് ഈ പുരോഗമന നാഴികക്കല്ലുകള്‍ നേടിയതെന്നും നാം ഓര്‍ക്കണം. വേര്‍തിരിവുകള്‍ അവസാനിപ്പിക്കാന്‍ നിരവധി ത്യാഗങ്ങള്‍ വേണ്ടിവന്നു. അതിന്റെ ഇനിയുമുണങ്ങാത്ത ആഴത്തിലുള്ള മുറിവകളുണക്കാന്‍ ഇനിയും ഏറെ ചെയ്യേണ്ടതുമുണ്ട്. സമ്മതിദാനാവകാശത്തിനുള്ള പോരാട്ടത്തിന് ശേഷം, വീട്ടിലും തൊഴില്‍സ്ഥലത്തും തുല്യതക്ക് വേണ്ടിയുള്ള സ്ത്രീകളുടെ പോരാട്ടം ഇപ്പൊഴും തുടരുകയാണ്.

നമ്മുടെ ദുര്‍ബലമായ നേട്ടങ്ങളെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനുമുള്ള പോരാട്ടം ട്വിറ്ററും ഫെയ്സ്ബുകും, ഇ-മെയിലുകളും വഴി മാത്രം നടക്കില്ല. ഒരു സ്ത്രീവാദി എന്ന നിലയില്‍ ഗ്ലോറിയ സ്റ്റേയ്നെം ശനിയാഴ്ച്ച വാഷിംഗ്ടണില്‍ ഇങ്ങനെ പറഞ്ഞു, “ചില സമയത്ത് നാം നമ്മുടെ ശരീരങ്ങളെ നമ്മുടെ വിശ്വാസങ്ങള്‍ക്കൊപ്പം വെക്കണം; ‘send’ അമര്‍ത്തുന്നത് മാത്രം മതിയാകില്ല.”

സാമൂഹ്യ മാധ്യമങ്ങള്‍ അതിനൊരു വ്യാജ അനൌപചാരികതയും പ്രാപ്യതയും ഉണ്ടെന്ന് തോന്നിപ്പിക്കുമ്പോഴും സാമ്പത്തിക നിയാമക ശക്തികളും പ്രത്യേക താത്പര്യങ്ങളും രാഷ്ട്രീയത്തെ സാധാരണ പൌരന്മാരില്‍ നിന്നും തീര്‍ത്തും വിച്ഛേദിച്ചു എന്നാണ് വാസ്തവം. പൌരന്‍മാര്‍ അരികുകളിലേക്ക് ഒതുക്കപ്പെട്ടിരിക്കുന്നു. അഭിപ്രായങ്ങളും വിവരങ്ങളും ഭക്ഷിക്കുന്നതിലേക്ക് ചുരുങ്ങുകയും തങ്ങളുടെ ക്ഷോഭം ട്വിറ്ററിലും ഫെയ്സ്ബുക്കിലും ഒഴുക്കുകയും ചെയ്യുമ്പോഴും അതാര്യമായ ശക്തികളാണ് അവരെ നിര്‍ണയിക്കുന്നതും നിശ്ചയിക്കുന്നതും.

ഈ ആഴ്ച്ചയിലെ രാഷ്ട്രീയോര്‍ജം നിലനില്‍ക്കുകയാണെങ്കില്‍-അതിപ്പോള്‍ ഒരു വലിയ ‘എങ്കില്‍’ ആണ്- ആധുനിക അമേരിക്കന്‍ ചരിത്രത്തിലെ പ്രത്യയശാസ്ത്രപരമായി ഏറ്റവും കലഹപ്രിയരായ ഒരു സര്‍ക്കാരിനേ വെല്ലുവിളിക്കാന്‍ ശാക്തീകരിക്കപ്പെട്ടു എന്നു പലര്‍ക്കും തോന്നുകയെങ്കിലും ചെയ്യും. തന്റെ പ്രചാരണത്തിലൂടെ, ഇസ്ലാംപേടി പോലെ അവഗണിക്കപ്പെട്ട തിന്മകളെ ഉയര്‍ത്തിക്കാട്ടിയതിന് ഞാന്‍ ട്രംപിന് നന്ദി പറഞ്ഞിരുന്നു. ഒരു പ്രസിഡണ്ട് എന്ന നിലയില്‍ ഒരു ജനാധിപത്യ പൌരത്വത്തിന്റെ മൂല്യബോധമുള്ള ഉത്തരവാദിത്തത്തിലേക്കുള്ള വിശാലമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന് അയാള്‍ കാരണമാകുമെങ്കില്‍ ഞാന്‍ അതിലേറെ നന്ദിയുള്ളവനാകും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പങ്കജ് മിശ്ര

എഴുത്തുകാരനും ബ്ലൂംബര്‍ഗ് കോളമിസ്റ്റുമാണ് പങ്കജ് മിശ്ര. ഫ്രം ദി റൂയിന്‍സ് ഓഫ് എംപൈര്‍: ദി ഇന്‍റലെക്ട്വല്‍ ഹൂ റിമെയ്ഡ് ഏഷ്യാ, ടെംറ്റേഷന്‍സ് ഓഫ് ദി വെസ്റ്റ്: ഹൌ ടോ ബി മോഡേണ്‍ ഇന്‍ ഇന്‍ഡ്യ, പാകിസ്ഥാന്‍, ടിബെറ്റ് ആന്‍ഡ് ബിയോണ്ട്, ദി റൊമാന്‍റിക്സ്: എ നോവല്‍, ആന്‍ എന്‍ഡ് ടു സഫറിംഗ്: ദി ബുദ്ധ ഇന്‍ ദി വേള്‍ഡ് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്. അലഹബാദിലും ഡെല്‍ഹിയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പങ്കജ് മിശ്ര ബ്രിട്ടനിലെ റോയല്‍ സോസെറ്റി ഓഫ് ലിറ്ററേച്ചറില്‍ ഫെലോയാണ്. ബി ബി സിയിലെ സ്ഥിരം കമാന്‍റേറ്ററായ മിശ്ര ന്യൂയോര്‍ക് റിവ്യൂ ഓഫ് ബുക്സ്, ദി ന്യൂയോര്‍ക്കര്‍, ദി ഗാര്‍ഡിയന്‍, ലണ്ടന്‍ റിവ്യൂ ഓഫ് ബുക്സ് എന്നിവയിലും എഴുതുന്നുണ്ട്. ലണ്ടനിലും ഹിമാലയന്‍ ഗ്രാമമായ മഷോബ്രയിലുമായാണ് പങ്കജ് മിശ്ര ജീവിക്കുന്നത്.

More Posts

This post was last modified on January 25, 2017 4:04 pm