X

അര്‍ണാബ് ഗോസ്വാമിയുടെ ആക്രോശം എങ്ങനെ ക്ലിക്കായി?: നാഷന്‍ വാണ്ട്‌സ് ടു നോ

അഴിമുഖം പ്രതിനിധി

എതിരഭിപ്രായങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കാതെ ഏകപക്ഷീയമായി നടത്തുന്ന അര്‍ണാബ് ഗോസ്വാമിയുടെ ആക്രമണോത്സുക വണ്‍ മാന്‍ ഷോ, തല്‍ക്കാലത്തേയ്ക്ക് നിലച്ചിരിക്കുകയാണ്. ദ നാഷന്‍ വാണ്ട്‌സ് ടു നോ എന്ന പറഞ്ഞ് രാജ്യത്തെ പൊതുബോധം മുഴുവന്‍ അവകാശപ്പെടാന്‍ ശ്രമിക്കുന്ന ഗോസ്വാമി തന്ത്രം പ്രശസ്തമാണ്.

ടൈംസ് നൗ ചാനലിന്‌റെ ഐക്കണും ചീഫ് എഡിറ്ററുമായിരുന്ന അര്‍ണാബ് ഗോസ്വാമി പടിയിറങ്ങിയിട്ട് ഒരു മാസത്തിലധികമായി. സ്വന്തമായി മാദ്ധ്യമസ്ഥാപനം തുടങ്ങാന്‍ പോകുന്നു എന്ന വ്യക്തമായ സൂചന നല്‍കിയാണ് ഗോസ്വാമി ടൈംസ് നൗ വിട്ടത്. അര്‍ണാബ് ഗോസ്വാമിയുടെ ആക്രമണ ശൈലി പിന്തുടരുന്ന നിരവധി യുവ വാര്‍ത്താ അവതാരകരുണ്ട്. അമേരിക്കന്‍ ചാനലായ ഫോക്‌സ് ന്യൂസ് ഗോസ്വാമിയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

ചര്‍ച്ചകളില്‍ സൃഷ്ടിച്ച അരാജകത്വത്തിന് അര്‍ണാബ് ഗോസ്വാമി ഒരിക്കലും ക്ഷമ ചോദിച്ചില്ല. പലപ്പോളും 12 പേരെയൊക്കെ ഒരേ സമയം ചര്‍ച്ചയ്ക്ക് വിളിച്ചു. കുപിതനായി ചോദ്യം ചോദിയ്ക്കുകയും ചര്‍ച്ചയ്ക്ക് വിളിച്ച് വരുത്തിയവരെ അപമാനിക്കുകയും ചെയ്യുന്നത് രാജ്യത്തെ ഏറ്റവും അറിയപ്പെടുന്ന വാര്‍ത്താ അവതാരകന്‌റെ സ്ഥിരം പരിപാടിയാണ്. മാദ്ധ്യമലോകത്ത് നിന്ന് തന്നെ അര്‍ണാബ് ഗോസ്വാമിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. സംവിധായകന്‍ ആനന്ദ് പട് വര്‍ദ്ധനടക്കം നിരവധി പേര്‍ ഇനി അര്‍ണാബിന്‌റെ ചര്‍്ച്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ചു,

ഈ യുക്തിരഹിതമായ വാചാടോപത്തിനും ജനാധിപത്യമര്യാദയില്ലാത്ത ശൈലിക്കും നിരവധി ആരാധകരുണ്ട്. അര്‍ണാബ് ഗോസ്വാമി എങ്ങനെ അപകടകരമായ രീതിയില്‍ പൊതുബോധം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയാവുന്നു എന്നും ‘നാഷന്‍ വാണ്ട്‌സ് ടു നോ’ ആക്രോശങ്ങള്‍ക്ക് എങ്ങനെ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടിയെടുക്കാന്‍ കഴിയുന്നു എന്നുമാണ് ഈ വിഡിയോ പരിശോധിക്കുന്നത്.       

വീഡിയോ കാണാം:
 

This post was last modified on December 27, 2016 4:52 pm