X

ചില്ല സാഹിത്യ വേദിയുടെ ‘വേള്‍ഡ് ലിറ്ററേച്ചര്‍ 2017’-ന് തുടക്കമായി

ഇത്തവണത്തെ സാഹിത്യോത്സവത്തിലെ പരിപാടികള്‍ പൂര്‍ണമായും കവി കെസച്ചിദാന്ദനെ കേന്ദ്രീകരിച്ചായിരിക്കും നടക്കുക

കേളി കലാസാംസ്‌കാരിക വേദിയുടെ സ്വതന്ത്ര സാഹിത്യ വേദിയായ ചില്ലയുടെ ‘വേള്‍ഡ് ലിറ്ററേച്ചര്‍ 2017’-ന് തുടക്കമായി. ചില്ലയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകീട്ട് 8.30-ന് റിയാദ് എക്‌സിറ് 18-ലെ നോഫാ ഓഡിറ്റോറിയത്തില്‍ നടക്കും. ഇത്തവണത്തെ സാഹിത്യോത്സവത്തിലെ പരിപാടികള്‍ പൂര്‍ണമായും കവി കെസച്ചിദാന്ദനെ കേന്ദ്രീകരിച്ചായിരിക്കും നടക്കുക.

ഉദ്ഘാടന പരിപാടിയില്‍ ‘വായന: സംസ്‌കാരവും രാഷ്ട്രീയവും’ എന്ന വിഷയത്തില്‍ സച്ചിദാനന്ദന്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് കേളി-ചില്ല അംഗങ്ങള്‍ അവതരിപ്പിക്കുന്ന ചൊല്ലിയാട്ടം ഉണ്ടാവും.

വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് അല്‍ ഹയറിലെ അല്‍ ഒവൈദ ഫാം ഓഡിറ്റോറിയത്തില്‍ കവിതയും പ്രതിരോധവും എന്ന വിഷയത്തില്‍ പ്രഭാഷണവും സര്‍ഗ്ഗ സംവാദവും, ഉച്ചയ്ക്ക് ശേഷം കേളി കുടംബവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മലയാളം മിഷന്‍ സാക്ഷരതാ മിഷന്‍ പദ്ധതിയുടെ ഭാഗമായ എന്റെ മലയാളം ഉദ്ഘാടനം. ശേഷം കേളിയുടെ പൊതുസ്വീകരണത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തനവും രാഷ്ട്രീയവും വര്‍ത്തമാനകാല ഇന്ത്യയില്‍ എന്ന വിഷയത്തില്‍ പ്രഭാഷണം.

ശനിയാഴ്ച രാവിലെ ബത്ഹയിലെ ശിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ ‘സച്ചിദാനന്ദന്റെ മൂന്ന് കാവ്യകാലങ്ങള്‍-രാഷ്ട്രീയ ഭാവുകത്വപരിസരങ്ങളിലൂടെ ആത്മസഞ്ചാരം’ എന്ന പരിപാടിയും തുടര്‍ന്ന് ഡയസ്‌പോറ സാഹിത്യവും ഗള്‍ഫ് മലയാളി ജീവിതവും എന്ന വിഷയത്തില്‍ സച്ചിദാനന്ദന്റെ പ്രഭാഷണവുമുണ്ടായിരിക്കും.

This post was last modified on May 18, 2017 12:19 pm