X

സച്ചിദാനന്ദന്‍ പാക്കിസ്ഥാനെ ഏഷ്യയുടെ സാംസ്കാരിക തലസ്ഥാനമാക്കിയ ആളെന്ന് സംഘപരിവാര്‍; കവിക്കെതിരെ ആക്ഷേപവര്‍ഷം

സാഹിത്യരംഗത്ത് സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം കവി സച്ചിദാനന്ദന് നല്‍കുന്നതിനെതിരേ സംഘപരിവാര്‍. കേന്ദ്രസര്‍ക്കാരിന്റെയും സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെയും കടുത്ത വിമര്‍ശകനാണ് സച്ചിദാനന്ദന്‍ എന്നതാണ് എതിര്‍പ്പിനു കാരണം. ഇസ്ലാം തീവ്രവാദത്തെയും കമ്യൂണിസ്റ്റ് ഭീകരവാദത്തെയും പിന്തുണയ്ക്കുന്നയാളാണ് സച്ചിദാനന്ദനെന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ ആരോപിക്കുന്നത്. ഇസ്ലാം മതമൗലികവാദകള്‍ക്കുവേണ്ടി കുഴലൂത്തു നടത്തിയ ഒറ്റക്കാരണത്താലാണ് സച്ചിദാനന്ദന് എഴുത്തച്ചന്‍ പുരസ്‌കാരം കൊടുത്തതെന്നാണ് ആരോപണം. കേരളത്തില്‍ ജിഹാദി അജണ്ട നടപ്പക്കാന്‍ പരിശ്രമിക്കുന്നയാളാണ് സച്ചിദാനന്ദനെന്നുവരെ കുറ്റപ്പെടുത്തുന്നു.

പ്രധാനമന്ത്രി മോദിയെ വിമര്‍ശിക്കുകയും കല്‍ബുര്‍ഗി, ധബോല്‍ക്കര്‍, പന്‍സാരെ എന്നിവരുടെ കൊലപാതകത്തില്‍ പ്രതിഷേധിക്കാതിരുന്ന കേന്ദ്രസാഹിത്യ അക്കാദമി നടപടിയെ ചോദ്യം ചെയ്ത് അക്കാദമി പുരസ്‌കാരം തിരിച്ചു നല്‍കുകയും അക്കാദമി അംഗത്വം രാജിവയ്ക്കുകയും ചെയ്തതിലൂടെ സച്ചിദാനന്ദന്‍ സംഘപരിവാറിന്റെ വിദ്വേഷത്തിനു പാത്രമാണ്. ബാബറി മസ്ജിദ് തകര്‍ത്തത് ഭരണഘടനലംഘനമാണെന്നു സച്ചിദാനന്ദന്‍ പറഞ്ഞെന്ന വാദമുയര്‍ത്തിയും അദ്ദേഹത്തിനെതിരേ ആക്രമണം നടക്കുന്നുണ്ട്.

എഴുത്തച്ഛനെ ഹിന്ദു കവിയാക്കിയാണ് സംഘപരിവാര്‍ സച്ചിദാനന്ദനെതിരേയുള്ള അധിക്ഷേപം ഉയര്‍ത്തുന്നത്. മലയാളഭാഷയുടെ പിതാവായി എഴുത്തച്ഛനെ കാണുമ്പോള്‍ ജനങ്ങള്‍ സംസ്‌കാരസമ്പന്നരാകാനായി ശ്രീരാമന്റെ അപദാനങ്ങള്‍ എഴുതിയ ഭക്തി കവിയായാണ് സംഘപരിവാര്‍ എഴുത്തച്ഛനെ വിശേഷിപ്പിക്കുന്നത്. ഇത്തരമൊരു കവിയുടെ പേരിലുള്ള പുരസ്‌കാരം സച്ചിദാനന്ദന് നല്‍കിയതിലൂടെ എഴുത്തച്ഛനെ അപമാനിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ബിജെപി-സംഘപരിവാര്‍ അനുകൂലികള്‍ പ്രചരിപ്പിക്കുന്നത്.

കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ വന്നതിനുശേഷം മറ്റ് മേഖലകളില്‍ എന്നപോലെ കലാസാംസ്‌കാരിക രംഗങ്ങളില്‍ ഉണ്ടാകുന്ന തീവ്രഹിന്ദുത്വ അജണ്ടയുടെ കടന്നുകയറ്റത്തിനെതിരേ സച്ചിദാനന്ദന്‍ തുടര്‍ച്ചയായി സംസാരിക്കുന്നുണ്ട്. ആശയങ്ങള്‍ പറയുന്നവരെ കൊന്നുകളയുന്ന രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നു പറഞ്ഞ കവി ഇവിടെ ആത്മാര്‍ത്ഥമായ സംവാദങ്ങള്‍ സാധ്യമല്ലാതായിരിക്കുന്നുവെന്നും തുറന്ന സാംസ്‌കാരിക ഇടങ്ങള്‍ കുറഞ്ഞു വരികയാണെന്നും വേദികളില്‍ നിന്ന് ഉറക്കെ പറഞ്ഞിരുന്നു. അവാര്‍ഡ് തിരികെ നല്‍കല്‍ പോലെ, പ്രശസ്തമായ ജയ്പൂര്‍ സാഹിത്യോത്സവം റാഞ്ചാനുള്ള ആര്‍എസ്എസ് ശ്രമത്തില്‍ പ്രതിഷേധിച്ച് ഈവര്‍ഷത്തെ സാഹിത്യോത്സവം സച്ചിദാനന്ദന്‍, അശോക് ബാജ്‌പേയി എന്നിവര്‍ ബഹിഷ്‌കരിച്ചതും വാര്‍ത്തയായിരുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരേ നില്‍ക്കുന്നവര്‍ക്ക് സാഹിത്യോത്സവങ്ങളില്‍ സ്ഥാനം കൊടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു സച്ചിദാനന്ദന്‍ അന്നു പറഞ്ഞത്.

അന്ന് കമല്‍, ഇന്ന് സച്ചിദാനന്ദന്‍; ഹിന്ദുത്വയുടെ കൊടുങ്ങല്ലൂര്‍ പ്രൊജക്റ്റ്

This post was last modified on November 2, 2017 5:17 pm