X

ഇന്നലെ ഹരിനാരായണന്‍ ശരിക്കും മരിച്ചു; അമ്മ അറിയാനിലെ നായകന്‍ ഹരിയെ ഓര്‍ക്കുമ്പോള്‍

വിരലുകളിൽ മാത്രമല്ല ഹൃദയത്തിൽ താളമുള്ള ഹരി ഇനിയില്ല...

ഒരാൾ എങ്ങനെയൊക്കെ ജീവിക്കണം അല്ലെങ്കിൽ എങ്ങനെയൊക്കെ ജീവിച്ചുകൂടാ എന്നത് സംബന്ധിച്ച് പൊതുസമൂഹം ചില നിബന്ധനകൾ കൊണ്ടു നടക്കുന്നുണ്ട്. ആ അളവുകോലുകൾ വെച്ചുനോക്കിയാൽ ഇന്നലെ അന്തരിച്ച ഹരി നാരായണൻ ഒരു അനാർക്കിസ്റ്റായിരുന്നുവെന്ന് പറയേണ്ടിവരും. നീണ്ട താടി, കോതിയൊതുക്കാത്ത തലമുടി, മുഷിഞ്ഞ ജീൻസ്, ലൂസായ ജുബ്ബ, ചുണ്ടിൽ എരിയുന്ന കഞ്ചാവ് ബീഡി, ആരെയും കൂസാതെയുള്ള ഒഴുകിയൊഴുകിയുള്ള നടത്തം. ഇങ്ങിനെയുള്ള ഒരാളെ ജനം ‘അനാർക്കിസ്റ്റെന്നു’ വിളിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ!

ജോൺ എബ്രഹാമുമായുള്ള ചങ്ങാത്തവും കൂടിയായപ്പോൾ കോഴിക്കോട്ടെ മാന്യന്മാർക്കു മികച്ച തബല വാദകനും നടനുമൊക്കെയായിരുന്ന ഹരി നാരായണൻ ലക്ഷണമൊത്ത ഒരു അനാർക്കിസ്റ്റു തന്നെയായി പരിണമിച്ചു. ജോണുമായി ചങ്ങാത്തത്തിലാകും മുൻപ് അയാൾ പ്രശസ്ത തബല വാദകൻ മണി ശങ്കറിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്നവെന്നതൊക്കെ അവർ മറന്നു. എന്തിനേറെ ജോണിന്റെ ‘അമ്മ അറിയാൻ’ എന്ന ജനകീയ സിനിമയിലെ നായകൻ എന്ന ക്രെഡിറ്റുപോലും ജനം ഹരിയിൽ നിന്നും പിടിച്ചുവാങ്ങി കഥയിലെ നറേറ്റർ മാത്രമായ ജോയ് മാത്യുവിന്റെ പുരുഷൻ എന്ന കഥാപാത്രത്തിന്റെ തലയിൽ പ്രതിഷ്ഠിച്ചു.

1986ലാണ് ഹരിനാരായണനെ ആദ്യമായി നേരിൽ കാണുന്നതും പരിചയപ്പെടുന്നതും. ഹരി അഭിനയിച്ച ആദ്യ സിനിമ, ജോണിന്റെ ‘അമ്മ അറിയാൻ’ പൂർത്തിയായിട്ടേയുള്ളു. തേഞ്ഞിപ്പാലത്തെ കോഴിക്കോട് സർവകലാശാലയിൽ നിന്നും പ്രൊവിഷണൽ റാങ്ക് സർട്ടിഫിക്കറ്റ് വാങ്ങി തിരിച്ചു കോഴിക്കോട് ബസ് ഇറങ്ങി മാവൂർ റോഡിലൂടെ നടക്കുമ്പോൾ അതാ ഒരു നീണ്ട വിളി. തിരിഞ്ഞു നോക്കുമ്പോൾ എ സോമനും, ദേവദാസുമാണ്. അവർ റോഡിന്റെ മറുവശത്തുനിന്നു കൈ കൊട്ടിവിളിക്കുകയാണ്. ‘നിനക്ക് റാങ്കുകിട്ടിയതിനു ചെലവ് ചെയ്യണം’ അതാണ് സോമന്റെ ഡിമാൻഡ്. കൈയ്യിൽ ആകെ ഇരുനൂറു രൂപയെ ഉള്ളൂവെന്ന് പറഞ്ഞപ്പോൾ സോമൻ പറഞ്ഞു; ‘അത് ധാരാളം. നമുക്ക് മോഹന്റെ ഷാപ്പിലേക്കു പോകാം’.

ഞങ്ങൾ നേരെ കിഡ്സൺ കോർണറിൽ മോഹനൻ നടത്തിയിരുന്ന ചാരായ ഷാപ്പിലേക്കു നടന്നു. നാടകപ്രവർത്തകരുടെ, പ്രത്യേകിച്ചും സാംസ്കാരിക വേദിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുടെ സ്ഥിരം താവളമാണ് മോഹനന്റെ ചാരായ ഷാപ്പ്. ഐസ് ക്യൂബും പുഴുങ്ങിയ കടലയുമാണ് അവിടുത്തെ പ്രത്യേകത. ഇനിയിപ്പോൾ കാശ് തികഞ്ഞില്ലെങ്കിൽ പരിചയക്കാർക്കു തൽക്കാലം കടം പറയാമെന്നൊരു സൗകര്യം കൂടിയുണ്ടായിരുന്നു. ഐസ് ക്യൂബിട്ട ചാരായം നുണഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലാണ് ഹരി നാരായണൻ വന്നു കയറിയത്. ജീൻസും നീണ്ട ജുബ്ബയും ധരിച്ച അയാളെ സോമനാണ് എനിക്ക് പരിചയപ്പെടുത്തിയത്. സംസാരിച്ചിരിക്കുന്നതിനിടയിൽ ഹരി പുകച്ചിരുന്ന ബീഡി വാങ്ങി ഞാനും വലിച്ചു. ഒടുവിൽ പുറത്തേക്കിറങ്ങുമ്പോൾ വല്ലാത്തൊരു ഭാരക്കുറവ്. ഒടുവിൽ എങ്ങിനെയൊക്കെയോ സുഹൃത്തുക്കളിൽ ചിലർ താമസിക്കുന്ന തൊണ്ടയാട്ടെ വീട്ടിൽ എത്തി. ബസ് ഇറങ്ങി വീട്ടിലേക്കു നടക്കുമ്പോൾ ഫുട്ബാൾ തെറിക്കുന്നതുപോലെ ഞാൻ തെറിക്കുന്നുണ്ടായിരുന്നു.

പിന്നീട് കോഴിക്കോട് കേരള കൗമുദിയിൽ ജോലി ചെയ്യുന്ന കാലത്തു ഹരിയെ ഇടയ്ക്കിടെ കണ്ടുമുട്ടാറുണ്ടായിരുന്നു. ഇടക്കാലത്തു ഹരി എങ്ങോട്ടോ അപ്രത്യക്ഷനായി.

1990ൽ സിനിമ -നാടക നടനായിരുന്ന നിലമ്പൂർ ബാലേട്ടൻ മരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം കോഴിക്കോട് ടൌൺ ഹാളിൽ പൊതുദർശനത്തിനു വെച്ച ദിവസം സുഹൃത്തുക്കളിൽ ആരോ പറഞ്ഞു നമ്മുടെ ഹരി മരിച്ചു. മഹാരാഷ്ട്രയിൽ വെച്ചായിരുന്നുവത്രെ. റെയിൽവേ ട്രാക്കിലാണ്‌ ബോഡി കണ്ടത്. ആത്മഹത്യയാണെന്നും പറയുന്നുണ്ട്’. ഈ വാർത്ത പരന്ന് ഒരാഴ്ച കഴിയും മുൻപ് ഹരി വീണ്ടും കോഴിക്കോട് അവതരിച്ചു. നേരത്തെ പ്രചരിച്ച മരണവാർത്തയെ കുറിച്ച് പറഞ്ഞപ്പോൾ ഹരി ചിരിച്ചുകൊണ്ട് പറഞ്ഞു. ‘അമ്മ അറിയാനിനിലെ എന്റെ കഥാപാത്രം എത്രകണ്ട് സുഹൃത്തുക്കളെ ആവേശിച്ചുവെന്നതിന്റെ തെളിവാണിത്’. (‘അമ്മ അറിയാൻ എന്ന ജോൺ സിനിമയിലും ഹരി നാരായണൻ അവതരിപ്പിച്ച ഹരി എന്ന കഥാപാത്രത്തിന്റെ ആത്മഹത്യയിൽ നിന്നാണ് കഥ തുടങ്ങുന്നത്) പക്ഷെ ഇന്നലെ ഹരി നാരായണൻ ശരിക്കും മരിച്ചിരിക്കുന്നു. സുഹൃത്തും കേളുവേട്ടൻ പഠന കേന്ദ്രത്തിന്റെ ചുമതലക്കാരനുമായ സഖാവ് കെ ടി കുഞ്ഞിക്കണ്ണൻ ഇന്നലെ രാത്രി ഫേസ് ബുക്കിൽ കുറിച്ചതുപോലെ ഹരിനാരായണൻ വിട പറഞ്ഞു. വിശ്വസിക്കാനാവുന്നില്ല.

കോഴിക്കോടിന്റെ ഹൃദയതാളം പോലെ എത്രയോ കാലമായി എല്ലായിടത്തും ഹരിയുണ്ടായിരുന്നു. സംസ്കാര പരിപാടികളിൽ പ്രതിഷേധ സമരമുഖങ്ങളിൽ, സർഗസംഗീതമായി, ആ ഹൃദയതാളം നിലച്ചെന്ന് വിശ്വസിക്കാനാവുന്നില്ല, വിരലുകളിൽ മാത്രമല്ല ഹൃദയത്തിൽ താളമുള്ള ഹരി ഇനിയില്ല…

വിട…!

ഫോട്ടോ ക്രെഡിറ്റ്: ബിജു ഇബ്രാഹിം

അമ്മ അറിയാന് 30 വര്‍ഷം; ജോണ്‍ ഓര്‍മ്മകളില്‍ നടന്‍ ഹരിനാരായണന്‍

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

This post was last modified on August 12, 2018 12:08 pm