X

മഴക്കെടുതി: സഹായം അഭ്യര്‍ഥിച്ച് താരങ്ങള്‍, ഒന്നിച്ചു നേരിടാമെന്നു മോഹൻലാൽ

മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങളാണ് ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥന നടത്തിയത്

ചരിത്രത്തിലില്ലാത്തവിധം കേരളത്തെ ദുരിതാത്തിലാഴ്ത്തിയ മഴക്കെടുതിയെ നേരിടാന്‍ പൊതുജനങ്ങളുടെ സഹായം ഉണ്ടാവണമെന്നഭ്യര്‍ത്ഥിച്ച് ചലച്ചിത്രതാരങ്ങള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങളാണ് ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥന നടത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനുള്ള അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെയാണ് താരങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.

350 കുടുംബങ്ങൾ കഴിയുന്ന എറണാകുളം പുത്തൻവേലിക്കര തേലത്തുരുത്തിലെ ക്യാമ്പ‌് മമ്മൂട്ടി സന്ദർശിച്ചു. ദുരിത ബാധിതര്‍ക്ക് സഹായ വാഗ്ദാനം നല്‍കിയ മമ്മുട്ടി ദുരിതം നേരിടാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ക്യാംപിലുള്ളവരോട് ആവശ്യപ്പെട്ടു.

ദുരന്തത്തെ ഒന്നായി നേരിടാമെന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ദുരിതാശ്വാസ നിധി അക്കൗണ്ടിന്റെ വിശദാംശങ്ങളും വിവിധയിടങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും കണ്ണൂരിലെ ടെറിട്ടോറിയല്‍ ആര്‍മിയുടെ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും മോഹന്‍ലാല്‍ പങ്കുവച്ചിട്ടുണ്ട്. താരങ്ങളെ ഫേസ്ബുക്കില്‍ ഫോളോ ചെയ്യുന്നവര്‍ ഈ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.

തമിഴിലെ സൂപ്പര്‍ താരങ്ങളായ സൂര്യയും സഹോദരന്‍ കാര്‍ത്തിയും 25 ലക്ഷം രൂപ കേരളത്തിന്റെ കണ്ണീരൊപ്പാന്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ആര്‍ത്തലച്ചു വരുന്ന ജലത്തിനു മുന്നില്‍ നമുക്ക് കൈകോര്‍ത്തു പിടിക്കാമെന്നാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഡൂ ഫോര്‍ കേരള എന്ന ഹാഷ് ടാഗോടെയാണ് പൃഥ്വിരാജിന്റെ എറണാകുളം ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥന ഫെയ്സ്ബൂക് പോസ്റ്റ് ഷെയർ ചെയ്തത്.

നടി ഐശ്വര്യ ലക്ഷ്മി ഫെയ്സ്ബൂക് ലൈവിൽ വരികയും എല്ലാവരോടും ദുരിതാശ്വത്തിൽ കഴിയുന്ന വിധം പങ്കു കൊള്ളണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

കേരളത്തിനായുള്ള പ്രാര്‍ത്ഥനയാണ് അമല പോളിന്റെ ഫേസ്ബുക്ക് വാളില്‍. ജയറാം, ശോഭന, റിമ കല്ലിംഗല്‍, അജു വര്‍ഗീസ്, നിവിന്‍ പോളി, ആഷിക് അബു, ആശാ ശരത്, നവ്യാ നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ ഫേസ്ബുക്ക് പേജില്‍ അഭ്യര്‍ത്ഥനയുമായെത്തി. ചലച്ചിത്ര താരസംഘടനയായ അമ്മയുടെ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് ദുരിതാശ്വാസ നിധിയിലേക്ക് സംഘടനയുടെ വകയായി പത്തു ലക്ഷം രൂപ നല്‍കിയിരുന്നു.

This post was last modified on August 12, 2018 10:17 am