X

യൂസ്ഡ് കാർ അഥവാ സെക്കന്റ് ഹാൻഡ് കാർ വാങ്ങുമ്പോൾ ചതിയിൽ പെടാതിരിക്കാൻ

യൂസ്ഡ് കാർ വാങ്ങുമ്പോൾ ശ്രദ്ധിച്ച് വാങ്ങിയില്ലെങ്കിൽ ചതിയിൽ പെടാനിടയുണ്ട്.

പുതിയ വാഹനം വാങ്ങുവാൻ വലിയ തുക കയ്യിലില്ലാത്തവരും, കുറഞ്ഞ ചെലവിൽ തങ്ങൾ ആഗ്രഹിച്ച കാർ സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവരുമാണ് പൊതുവെ യൂസ്ഡ് കാർ മേടിക്കാൻ വിപണിയിലേക്ക് എത്തുന്നത്.എന്നാൽ പുതിയ വാഹനം സ്വന്തമാക്കുന്ന അത്രയും ഉറപ്പോടെ പഴയ വാഹനങ്ങൾ വാങ്ങുവാൻ ശ്രമിക്കരുത്. ശരിയായ അറിവും ധാരണകളും ഉണ്ടെങ്കിൽ മാത്രമേ പഴയ വാഹനങ്ങൾ വാങ്ങാൻ ഇറങ്ങിത്തിരിക്കാവൂ. വാഹനം ഏത് മോഡലിലാണെന്നതു തുടങ്ങി എൻജിൻ രേഖകൾ വരെ കൃത്യമായി പരിശോധിച്ചുവേണം വാഹനങ്ങൾ വാങ്ങാന്‍. ഇല്ലെങ്കിൽ എല്ലാ മേഖലയിലുമമെന്ന പോലെ ഇവിടെയും മറഞ്ഞിരിക്കുന്ന ചതിക്കുഴികളിലേക്ക് വീണുപോകാനിടയുണ്ട്.

നമ്മൾ അല്പമൊന്നു ശ്രദ്ധിച്ചാൽ നല്ലൊരു യൂസ്ഡ് കാർ തന്നെ സ്വന്തമാക്കാം. എന്തൊക്കെയാണ് ഒരു യൂസ്ഡ് വാഹനം സ്വാന്തമാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്നാണ് ഇന്നു നിങ്ങളുമായി പങ്കുവെക്കുന്നത്.

1. വാഹനത്തിന്റെ ഉടമകളിൽ നിന്നോ, ചില കമ്പനി ഡീലർമാർ നടത്തുന്ന ഷോറൂമുകൾ വഴിയോ, ഓൺലൈൻ വഴിയോ യൂസ്ഡ് വാഹനങ്ങൾ നമുക്ക് സ്വന്തമാക്കാം. നമ്മൾ വാങ്ങുവാൻ ഉദ്ദേശിക്കുന്ന വാഹനം ഏത്, മുടക്കാൻ ഉദ്ദേശിക്കുന്ന തുക, ആ വാഹനത്തിന്റെ ഇപ്പോഴത്തെ വില നിലവാരം, വാഹനത്തിന്റെ ആവശ്യകത, കുടുംബങ്ങളുടെ എണ്ണം എന്നിവയും പരിഗണിക്കണം. അടുത്ത സുഹൃത്തുക്കളോട്, അല്ലെങ്കിൽ വാഹന സംബന്ധമായി അറിവുള്ളവരോട് ചോദിക്കുന്നതും, ഇന്റർനെറ്റിൽ തിരഞ്ഞ് വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ നേടുന്നതും വളരെ നന്നായിരിക്കും.

2. ഏത് വാഹനമാണോ വാങ്ങുവാൻ ആഗ്രഹിക്കുന്നത് ആ വാഹനം കുറഞ്ഞത് ഒരു 5 കിലോമീറ്ററെങ്കിലും ഓടിച്ചു നോക്കണം. ഒരു പരിചയസമ്പന്നനായ മെക്കാനിക്കിനെയോ, വാഹന വിദഗ്ദ്ധനെയോ കൂടെ കൊണ്ടുപോകുന്നത് നന്നായിരിക്കും. വാഹനം നോക്കുവാൻ കഴിവതും പകൽ പോകുന്നതായിരിക്കും അഭികാമ്യം. എന്തുകൊണ്ടെന്നു വെച്ചാൽ ചില നിറം മങ്ങലുകളും, പോറലുകളും, പാച്ച് വർക്കുകളും അരണ്ട വെളിച്ചത്തിൽ കാണാൻ കഴിഞ്ഞെന്ന് വരില്ല.

3. വിൻഡോ ഗ്ലാസ്സ്, വിൻഡ് സ്ക്രീൻ, ഡോറിന്റെ വശങ്ങൾ‌ എന്നിവിടങ്ങളിൽ എവിടെയെങ്കിലും വാഹനത്തിന്റെ മോഡലും വർഷവും രേഖപ്പെടുത്തിയിട്ടുണ്ടാവും. ഇത് കാണാത്തപക്ഷം വാഹനം അപകടത്തിൽ പെട്ടോ മറ്റ് കാരണങ്ങളാലോ ഇവ മാറിയിട്ടുണ്ട് എന്ന് അനുമാനിക്കാം.

4. കാർ ഡീലറുമാരുടെ ഷോറൂമുകളിൽ നിന്നെടുക്കുന്ന വാഹനത്തിന്റെ അറ്റകുറ്റപണികൾ പൂർത്തിയായവ ആയിരിക്കും. കൂടാതെ ഈ വാഹനങ്ങൾക്കു മെയിന്റനൻസും, സർവീസ് വാറന്റിയും ഉറപ്പായും കിട്ടുവാൻ സാധ്യതയുണ്ട്.

5. നിരപ്പായ സ്ഥലത്തു നിർത്തിയിട്ടു വാഹനത്തിന് ഒരു വശത്തേക്ക് ചരിവ് ഉണ്ടോ എന്ന് പരിശോധിക്കണം. അങ്ങനെ ഒരു ചെരിവ് ഉണ്ടെങ്കിൽ ആ വാഹനത്തിന് സസ്പെൻഷൻ തകരാർ ഉണ്ടെന്നു മനസ്സിലാക്കാം.

6. വാഹനത്തിന്റ വില, വിൽക്കാനുള്ള കാരണം, വാഹനത്തിന്റെ കണ്ടിഷൻ എന്നിവ ചോദിച്ചു മനസ്സിലാക്കണം.

7. എൻജിൻ കണ്ടീഷൻ, സ്റ്റിയറിങ് വൈബ്രേഷൻ, അസ്വഭാവികമായ ശബ്ദങ്ങൾ, ബ്രേക്ക്, ക്ലച്ച് എന്നിവ പരിശോധിക്കണം. നിലവാരം കുറഞ്ഞ റോഡുകളിൽ കൂടി ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കിയാൽ വാഹനത്തിന്റെ സസ്‌പെൻഷൻ നിലവാരം, ശബ്ദം എന്നിവ മനസ്സിലാക്കുവാൻ സാധിക്കും

8. എസിയുടെ പ്രവർത്തനം, മ്യൂസിക് സിസ്റ്റം, പവർ വിൻഡോയുടെ നിലവാരം എന്നിവ വണ്ടി ഓടിച്ചു നോക്കുമ്പോൾ തന്നെ പരിശോധിക്കേണ്ടതാണ്. വാഹനം ഓടിക്കുമ്പോൾ തന്നെ മീറ്റർ ഡിസ്‌പ്ലേ, ഇൻഡിക്കേറ്റർ ലൈറ്റുകൾ, ബ്രേക്കിന്റെ പ്രവർത്തനം എന്നിവ ശരിയാണെന്ന് ഉറപ്പു വരുത്തണം.

9. ഗിയർ മാറുമ്പോൾ അല്ലെങ്കിൽ ക്ലച്ച് റീലീസ്‌ ചെയ്യുമ്പോൾ വാഹനം എടുത്തു ചാടുന്നുണ്ടെങ്കിൽ വാഹനത്തിന്റെ ഗിയർ പിന്നുകളുടെ തകരാറാണ് എന്ന് മനസ്സിലാക്കാം.

10. എൻജിനിൽ നിന്നോ, ഗിയർ ബോക്സിൽ നിന്നോ, എക്സ്ഹോസ്റ്റ് പമ്പിൽ നിന്നോ ഓയിൽ ലീക്ക് ഉണ്ടോ എന്ന് നോക്കി ഇല്ലാ എന്ന് ഉറപ്പു വരുത്തണം. ഇവയിൽ നിന്നു ഓയിൽ ലീക്ക് ഉണ്ടെങ്കിൽ വാഹനത്തിന്റെ പരിപാലനം അല്ലെങ്കിൽ കണ്ടീഷൻ മോശമാണെന്നു അറിയാൻ സാധിക്കും.

11. ഓഡോ മീറ്ററിലെ റീഡിങ് മുഖവിലയ്ക്കെടുക്കേണ്ടതില്ല. അതിൽ കൃത്രിമം കാണിക്കാൻ പറ്റും എന്നത് തന്നെ കാരണം

12. ടയറുകളുടെ നിലവാരം നോക്കി മനസ്സിലാക്കണം. വാങ്ങാൻ ഉദ്ദേശിക്കുന്ന വാഹനം കാർ ആണെങ്കിൽ കാറിന്റെ ടയറിനും തേയ്മാനമുണ്ടെങ്കിൽ 10,000 രൂപ വരെ കിഴിവ് ആവശ്യപ്പെടാം.

13. കാറിന്റെ എൻജിൻ, ചാസി നമ്പറുകൾ എന്നിവ ആർസി ബുക്കുമായി ഒത്തു നോക്കണം. വാഹനത്തിന്റെ രജിസ്ട്രേഷൻ രേഖകൾ, ടാക്സ്, ഇൻഷുറൻസ്, എന്നിവ പരിശോധിക്കണം. വാഹനത്തിന്റെ പേരിൽ മറ്റു കടങ്ങൾ ഇല്ലെന്നും വാഹനം എത്ര ആളുകൾ കൈമാറി എന്നും വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ചു http://keralam.gov.in/ എന്ന മോട്ടോർ വകുപ്പിന്റെ വെബ്സൈറ്റിൽ നിന്ന് ലഭ്യമാണ്. അത് നോക്കി അവ പരിശോധിക്കുക

ഇവയെല്ലാം ഒത്തു വന്നാൽ വില ഉറപ്പിക്കുക. കഴിവതും DD ആയി തുക നൽകുക.

സിജി പ്രസന്നന്‍

മെക്കാനിക്കല്‍ എഞ്ചിനിയര്‍, ചെങ്ങന്നൂര്‍ സ്വദേശി

More Posts