X

യമഹയുടെ MT-09 പുതിയ ഡിസൈനുകളുമായി വിപണിയില്‍

മുന്‍മോഡലിനെ അപേക്ഷിച്ച് 16,000 രൂപകൂടുതലാണ് പുതിയ MT09ന്റെ വില

യമഹയുടെ MT-09 ബൈക്ക് വിപണിയില്‍. ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങളും ഉള്‍പ്പെടുന്ന കോസ്മറ്റിക് അപ്ഡേറ്റ് മാത്രമെ പുതിയ MT-09 മോഡലിനുള്ളൂ. മെക്കാനിക്കല്‍ ഘടകങ്ങളില്‍ പരിഷ്‌കാരങ്ങള്‍ സംഭവിച്ചില്ലെങ്കിലും പുത്തന്‍ നൈറ്റ് ഫ്ളുവോ നിറപ്പതിപ്പ് ബൈക്കിന്റെ മാറ്റു വര്‍ധിപ്പിക്കും.

യമഹ ബ്ലൂ, ബ്ലാക്ക് നിറപ്പതിപ്പുകളും MT-09 മോഡലില്‍ അണിനിരക്കുന്നുണ്ട്. ഇരട്ട എല്‍ഇഡി ഹെഡ്ലാമ്പ് ഘടന ഡിസൈനില്‍ ശ്രദ്ധയാകര്‍ഷിക്കും. ഇന്ധനടാങ്കിന് ഇരുവശത്തുമുള്ള വലിയ എയര്‍ ഇന്‍ടെയ്ക്കുകള്‍ രൂപകല്‍പ്പനയില്‍ പ്രത്യേകം പരാമര്‍ശിക്കണം. ഒറ്റ സീറ്റ് ഘടനയാണ് ബൈക്കിന് ലഭിക്കുന്നത്. ആറു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്സ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിറകില്‍ ലിങ്ക് ടൈപ്പ് സ്വിംഗ്ആം യൂണിറ്റും സസ്പെന്‍ഷന്‍ നിറവേറ്റും. 298 mm വലുപ്പമുള്ള ഇരട്ട ഡിസ്‌ക്കാണ് മുന്‍ ടയറില്‍ ബ്രേക്കിംഗിനായി. പിന്‍ ടയറില്‍ 245 mm ഡിസ്‌ക്ക് വേഗം നിയന്ത്രിക്കും.

MT-09 -ല്‍ തുടിക്കുന്ന 847 സിസി മൂന്നു സിലിണ്ടര്‍ എഞ്ചിന് 115 bhp കരുത്തും 87 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.ലിക്വിഡ് കൂളിംഗ് സംവിധാനം എഞ്ചിനിലുണ്ട്.120/70, 180/55 അളവ് കുറിക്കുന്ന മുന്‍ പിന്‍ ടയറുകളില്‍ 17 ഇഞ്ച് അലോയ് വീലുകളാണ് ഒരുങ്ങുന്നത്. സീറ്റ് ഉയരം 820 mm. ഭാരം 193 കിലോ. 135 mm കുറിക്കും ബൈക്കിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. 14 ലിറ്ററാണ് പരമാവധി ഇന്ധനടാങ്ക് ശേഷി. 10.55 ലക്ഷം രൂപയാണ്് പുതിയ MT-09 ഷോറൂം വില അതായത് മുന്‍മോഡലിനെ അപേക്ഷിച്ച് 16,000 രൂപ കൂടുതല്‍. രാജ്യത്തെ മുഴുവന്‍ യമഹ ഡീലര്‍ഷിപ്പുകളും 2019 MT-09 ബുക്കിംഗ് ആരംഭിച്ചു.