X
    Categories: കായികം

അഫ്രീദിയുടെ റെക്കോര്‍ഡും സിക്‌സര്‍ പറത്തി ക്രിസ് ഗെയ്ല്‍

444 മത്സരങ്ങളില്‍ നിന്ന് 477 സിക്‌സറുകളാണ് ഇപ്പോള്‍ ഗെയ്ലിന്റെ പേരിലുള്ളത്.

രാജ്യന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍. 476 സിക്‌സറുകള്‍ നേടിയി മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഷഹീദ് അഫ്രീദിയുടെ റെക്കോര്‍ഡാണ് ഗെയ്ല്‍ മറികടന്നത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ കൂറ്റന്‍ സ്‌കോര്‍ അടിച്ചിട്ടും വിന്‍ഡീസിന് തോല്‍വി വഴങ്ങിയെങ്കിലും ഗെയ്ലിന്റെ നേട്ടം ടീമിനും ആരാധകര്‍ക്കും ആശ്വാസമായി.

444 മത്സരങ്ങളില്‍ നിന്ന് 477 സിക്‌സറുകളാണ് ഇപ്പോള്‍ ഗെയ്ലിന്റെ പേരിലുള്ളത്. 524 മത്സരങ്ങളില്‍ നിന്നാണ് അഫ്രീദി 475 സിക്‌സറുകള്‍ പറത്തിയത്. ഏകദിനങ്ങളില്‍ 276 ഉം ടി20യില്‍ 103 ഉം ടെസ്റ്റില്‍ 98 ഉം സിക്‌സറുകളുമാണ് ഗെയ്ലിന്റെ പേരിലുള്ളത്. 398 സിക്‌സറുകള്‍ നേടിയിട്ടുള്ള ബ്രെണ്ടന്‍ മക്കല്ലമാണ് പട്ടികയില്‍ മൂന്നാമത്. സനത് ജയസൂര്യ(352), രോഹിത് ശര്‍മ(349) എന്നിവരാണ് ആദ്യ അഞ്ചിലുള്ളത്.
മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി ആരംഭിക്കുന്ന ഏകദിന ലോകകപ്പോടെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് 39കാരനായ ഗെയ്ല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇംഗ്ലണ്ടിനെതിരെ 129 പന്തില്‍ 135 റണ്‍സടിച്ച ഗെയ്ല്‍ 12 സിക്‌സറുകളാണ് പറത്തിയത്. ഗെയ്ലിന്റെ സെഞ്ചുറി മികവില്‍ വിന്‍ഡീസ് 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സടിച്ചെങ്കിലും ഇംഗ്ലണ്ട് 48.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടുകയായിരുന്നു.

This post was last modified on February 21, 2019 3:10 pm