X

ഇന്ത്യയിൽ വിൽക്കുക 250 എണ്ണം മാത്രം: റോയൽ എൻഫീൽഡ് പെഗാസുസ് 500 വിപണിയിൽ

യുദ്ധമുഖങ്ങളിൽ വിമാനങ്ങളിൽ നിന്ന് പാരച്യൂട്ടിലിറക്കാൻ എളുപ്പമായിരുന്നു ഈ മോട്ടോർസൈക്കിൾ. ഒരു സ്റ്റീൽ കൂടിനുള്ളിലാക്കിയാണ് ഈ ബൈക്കുകൾ‌ പാരച്യൂട്ടിൽ എയർഡ്രോപ്പ് ചെയ്തിരുന്നത്.

റോയൽ എൻഫീൽഡ് പെഗാസുസ് 500 ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. മുംബൈ നിരക്കുകൾ പ്രകാരം 2.49 ലക്ഷം രൂപ ഓൺറോഡ് വില വരും ഈ ബൈക്കിന്. ഇതിൽ ഹെൽമെറ്റ്, പാന്നിയറുകൾ, ടി ഷർട്ട് തുടങ്ങിയ ആക്സസറികളും ഉൾപ്പെടുന്നു. ഇതൊരു ലിമിറ്റഡ് എഡിഷൻ മോഡൽ ആയിരിക്കും. വെറും 1000 പതിപ്പുകൾ മാത്രമേ വിപണിയിലുണ്ടാകൂ.

ഈ ആയിരമെണ്ണത്തിൽ 250 എണ്ണം മാത്രമേ ഇന്ത്യയിൽ വിൽക്കൂ എന്ന പ്രത്യേകതയുമുണ്ട്.

ജൂലൈ 10 മുതൽ ബൈക്ക് വാങ്ങാൻ കഴിയും. ഓൺലൈൻ വഴി മാത്രമായിരിക്കും വില്‍പന.

രണ്ടാം ലോകയുദ്ധകാലത്ത് യുദ്ധമുഖങ്ങളിൽ ഉപയോഗിച്ചിരുന്ന ബൈക്കുകളുടെ മാതൃകയെ പിൻപറ്റിയാണ് റോയൽ എൻഫീൽഡ് പെഗാസുസ് 500 നിർമിച്ചിരിക്കുന്നത്. ബ്രിട്ടിഷ് പട്ടാളത്തിന്റെ ഉപയോഗത്തിലുണ്ടായിരുന്ന റോയൽ എൻഫീൽഡ് RE/WB 125 എന്ന മോട്ടോർസൈക്കിളാണ് പ്രധാന മാതൃക. ഈ മോട്ടോർസൈക്കിൾ അന്ന് ഫ്ലൈയിങ് ഫ്ലീ എന്നാണ് അറിയപ്പെട്ടിരുന്നത്.

ഈ മോട്ടോർസൈക്കിൾ വളരെ ഭാരം കുറച്ചാണ് നിർമിക്കപ്പെട്ടിരുന്നത്. യുദ്ധമുഖങ്ങളിൽ വിമാനങ്ങളിൽ നിന്ന് പാരച്യൂട്ടിൽ ഇറക്കി എത്തിക്കാൻ എളുപ്പമായിരുന്നു. ഒരു സ്റ്റീൽ കൂടിനുള്ളിലാക്കിയാണ് ഈ ബൈക്കുകൾ‌ പാരച്യൂട്ടിൽ എയർഡ്രോപ്പ് ചെയ്തിരുന്നത്.

റോയൽ എൻഫീൽഡിന്റെ ക്ലാസിക് 500 മോഡലിനെ ആധാരമാക്കിയാണ് പെഗാസുസ് ലിമിറ്റഡ് എഡിഷൻ മോട്ടോര്‍സൈക്കിൾ എത്തുക. 27.2 കുതിരശക്തിയും 41.2 എൻഎം ടോർ‌ക്കും ഉൽപാദിപ്പിക്കാൻ ഇതിന്റെ എൻജിന് ശേഷിയുണ്ട്. ഇതോടൊപ്പം ഒരു 5 സ്പീഡ് ഗിയർബോക്സ് ചേർത്തിരിക്കുന്നു.

ചാസി, ബ്രേക്കുകൾ, ടയറുകൾ തുടങ്ങിയവ ക്ലാസിക് 500 മോഡലിൽ നിലവിലുള്ളവ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

ഈ ലിമിറ്റഡ് എഡിഷൻ മോഡലിന് വ്യത്യസ്തത നൽകുന്ന നിരവധി ഘടകങ്ങളുണ്ട് മോട്ടോർസൈക്കിളിൽ. പെഗാസുസ് ലോഗോ ഇന്ധന ടാങ്കിൽ കാണാം. മിലിട്ടറി ശൈലിയിലുള്ള കാൻവാസ് പാന്നിയറുകൾ പിന്നിൽ ഇരുവശങ്ങളിലുമായി ചേർത്തിരിക്കുന്നു. ഇവയ്ക്ക് തുകൽ സ്ട്രാപ്പുകളാണുള്ളത്. ഓരോ മോഡലിന്റെയും ടാങ്കിനു മേൽ പ്രത്യേക നമ്പര്‍ നൽകും. അനുകരണം സാധ്യമല്ല.

നേരത്തെ പറഞ്ഞതുപോലെ വെറും 250 എണ്ണം മാത്രമേ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുകയുള്ളൂ. ഇവ രണ്ട് നിറങ്ങളിലാണ് ലഭിക്കുക. സർവ്വീസ് ബ്രൗൺ, ഒലീവ് ഡ്രാബ് ഗ്രീൻ എന്നിവ. റോയൽ എൻഫീൽഡിന്റെ ചെന്നൈ പ്ലാന്റിലാണ് ഇവയുടെ ഉൽപാദനം നടക്കുക.