X

കെവിന്റെ വീട്ടില്‍ പോകാന്‍ തീരുമാനിച്ചിട്ടില്ല; ഡിജിപിയില്‍ പൂര്‍ണ വിശ്വാസമെന്നും പിണറായി

ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ പോലീസ് സേനയെ ആകെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി

പ്രണയ വിവാഹത്തിന്റെ പേരില്‍ ഭാര്യവീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്‍ പി ജോസഫിന്റെ വീട് സന്ദര്‍ശിക്കുന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ ആവശ്യമായ നടപടികളെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേസിലെ പ്രതികളെ അറസ്റ്റു ചെയ്യുകയും ജോലിയില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തതാണ് ഇപ്പോള്‍ പ്രധാനം.

പെട്രോള്‍ വിലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു രൂപ ഇളവു വരുത്തുന്നത് സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. അതേസമയം കെവിന്റെ വീട്ടില്‍ പോകുന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നായിരുന്നു മറുപടി. ഡിജിപിയുടെ പ്രവര്‍ത്തനത്തില്‍ സന്തുഷ്ടനാണോയെന്ന ചോദ്യത്തിന് അതെയെന്നായിരുന്നു മറുപടി. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ പോലീസ് സേനയെ ആകെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ചെന്നിത്തലയുടെ ആരോപണങ്ങളെക്കുറിച്ച് അദ്ദേഹം ഒരു വിടുവായനാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അതേസമയം പെട്രോള്‍ വില കുറയ്ക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാരിന് ഒരു സന്ദേശം നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുമൂലം പ്രതിവര്‍ഷം 509 കോടി രൂപയുടെ കുറവ് ഖജനാവിനുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

This post was last modified on May 30, 2018 4:35 pm