X

അവര്‍ പാടി; ഇനി വരുന്നൊരു പെണ്‍തലമുറയ്ക്കായി

ഷീജ സി കെ 

പെണ്‍മ നിരന്തരം ചോദ്യം ചെയ്യപ്പെടലുകള്‍ക്കും ഭയപ്പെടുത്തലുകള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ‘നിര്‍ഭയരാവുക’ എന്ന സന്ദേശം ആത്മാവിലേറ്റു വാങ്ങി ഒരു പഞ്ചായത്തിലെ പെണ്‍ കൗമാരത്തിന്റെ ഒത്തുകൂടല്‍. ഇതിനായി കണ്ടെത്തിയ മാധ്യമവാട്ടെ സംഗീതവും.

കേരള സാമൂഹിക നീതിവകുപ്പും മലപ്പുറം ജില്ലയിലെ പുളിക്കല്‍ ഗ്രാമ പഞ്ചായത്തും ഐ സി ഡി എസും സംയുക്തമായാണു ‘അവര്‍ പാടുന്നു’ എന്നു പേരിട്ട വ്യത്യസ്തമായ പ്രതിരോധ സംഗമം സംഘടിപ്പിച്ചത്. പഞ്ചായത്തിലെ 3000ല്‍ അധികം കൗമാരക്കാരികളാണു കൊട്ടപ്പുറം സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിനടുത്തുള്ള പഞ്ചായത്ത് മിനി സ്‌റ്റേഡിയത്തില്‍ ഒത്തുചേര്‍ന്ന് ഇക്കഴിഞ്ഞ 19 നു 3 മണി മുതല്‍ ഒന്നര മണിക്കൂര്‍ ഇടതടവില്ലാതെ സംഘശക്തിയുടെ ഊണര്‍ത്തു പാട്ടുകള്‍ പാടിയത്. 

ചരിത്രത്തില്‍ അപൂര്‍വ്വമായി മാത്രം കാണാന്‍ കഴിയുന്ന ഒരു കൂട്ടായ്മയായിരുന്നു ഈ പ്രതിരോധ സംഗമം. ചിലപ്പോള്‍ ഇന്ത്യയിലൊരിടത്തും സ്വന്തം അവകാശങ്ങളെക്കുറിച്ചു സമൂഹത്തെ ബോധ്യപ്പെടുത്താന്‍, ഇതുവരെ ചോദിക്കാത്ത ചോദ്യങ്ങള്‍ കരളുറപ്പോടെ ചോദിക്കാന്‍, നിലവിലെ വ്യവസ്ഥിതികളെ ഉള്‍ക്കരുത്തോടെ തകര്‍ത്തെറിയാന്‍ ഒരുമിച്ചു പാട്ടുപാടിയതായി കാണാന്‍ ആകില്ല. ‘അണിയണിയായ് ചേരുക നാം ഒന്നിച്ചണിയായ് ചേരുക നാം’ എന്ന സ്വാഗത ഗാനത്തോടെയാണ് അവര്‍ പാടിത്തുടങ്ങിയത്. പുത്തനുണര്‍വിന്റെ പുതു ഗാഥ രചിച്ചു പുത്തനുണര്‍വിന്റെ ഉയിരായി മാറാനുള്ള അഹ്വാനമായിരുന്നു ആദ്യ ഗാനം. പുതിയ പൂക്കള്‍ വിരിയുന്ന പുതു വസന്തത്തിന്റെ പിറവിയില്‍ അടിച്ചമര്‍ത്തപ്പെടാത്തവളായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന പെണ്‍മയുടെ നിശ്ചയദാര്‍ഢ്യം വരികളില്‍ ആവോളമുണ്ടായിരുന്നു.

സ്‌കൂളിന്റെയുള്ളിലും കോളേജ് മുറ്റത്തും തൊഴിലിടങ്ങളിലും സ്ത്രീയായി പിറന്നതിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടുന്ന സ്ത്രീയവസ്ഥയുടെ ദൈന്യത പകര്‍ന്ന പാട്ടുകള്‍ കേള്‍വിക്കാരുടെയുള്ളിലും നോവായി പെയ്തിറങ്ങി. പരമ്പരാഗതമായി സംവിധാനം ചെയ്യപ്പെട്ട നമ്മുടെ കുടുംബ സാമൂഹ്യജീവിതം തികച്ചും പുരുഷകേന്ദ്രീകൃതം തന്നെയാണ്, പുരുഷന്റെ ഇഛയ്‌ക്കൊത്ത് ജീവിക്കുന്ന അടിമയായി സ്ത്രീ പലപ്പോഴും മാറേണ്ടിവരുന്നു, സ്വന്തമായി നിറമുള്ള സ്വപനംപോലും കാണാന്‍ കാലം അവളെ അനുവദിക്കുന്നില്ല. അത്തരം കറുത്ത നിയമങ്ങളുടെ പരുക്കന്‍ മൂഖത്ത് നോക്കിയാണു പെണ്‍കൗമാരം ഉള്ളുപൊള്ളി പറഞ്ഞത്…

‘ആരുമുയര്‍ത്താത്ത ചോദ്യങ്ങളൊക്കെയും
ചോദിക്കുവാനുള്ള നേരമായി…
കണ്ണീരും നോവും നിശ്ശബ്ദതയുമൊക്കെ
തീയാക്കി മാറ്റേണ്ട നേരമായി…
സ്വപ്നങ്ങള്‍ക്കൊക്കെയും അര്‍ത്ഥമുണ്ടാക്കേണ്ട നേരമായി….’

ഏത് പ്രതിസന്ധികളിലും തളരാതെ ജീവിക്കാനും ജീവിപ്പിക്കാനും അതിജീവിക്കാനും പെണ്ണിനു സാധിക്കണം. തന്റെ സ്വാതന്ത്ര്യത്തിനു മേലെ ഉയരുന്ന കൈകള്‍, അതെത്ര കരുത്തുള്ളതായാലും അത് വെട്ടി മാറ്റി ഒരു പുതുലോകം പണിയാനുള്ള ആര്‍ജ്ജവം അവള്‍ക്കുണ്ടാകണം. അതാവണം അവളുടെ ജീവിത ലക്ഷ്യം. ഇങ്ങനെ സ്വത്വം തിരിച്ചറിയപ്പെടേണ്ടവളാണ് സ്ത്രീ, അതിനുള്ള വിദ്യാഭ്യാസമാണ്, തിരിച്ചറിവാണ് സമൂഹവും കുടുംബവും ഭരണകൂടവും അവള്‍ക്കു നല്‍കേണ്ടത്. സ്വന്തം അവകാശങ്ങളെക്കുറിച്ചു ബോധവതിയാകുന്നതോടൊപ്പം തന്നെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടങ്ങള്‍ കൂടി ഏറ്റെടുക്കാണുള്ള തന്റേടം അവള്‍ക്കുണ്ടാകണമെന്നുള്ള ഓര്‍മ്മപ്പെടുത്തലായിരുന്നു, ‘പോരടിച്ചു നൊന്തു നോവു തിരികെ നല്‍കി മാത്രമേ… മര്‍ത്യനെവിടെയും സ്വതന്ത്രനായതുള്ളു ഭൂമിയില്‍ ‘ എന്ന പാട്ട്. ഈ ഭൂമിയിലെ ആകാശത്തിന്റെയും മണ്ണിന്റെയും ജലത്തിന്റെയും നേര്‍പ്പാതി അവകാശം പെണ്ണിനാനെന്ന് അവര്‍ ആകാശത്തേയ്ക്ക് കൈകളുയര്‍ത്തിപ്പാടിയത് കണ്ടു നിന്നവരിലും ആവേശമുണര്‍ത്തി.

ഉള്ളുനീറ്റുന്ന ചോദ്യങ്ങളൊക്കെയും സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും സ്ത്രീകളെ പിന്നോട്ടു വലിക്കുന്ന എല്ലാ ജീര്‍ണശക്തികളുടെയും ഉള്ളില്‍ വീണു പൊള്ളുമെന്നതില്‍ സംശയമില്ല. ഒരേ മനസ്സോടെ ഒരേ താളമോടെ ഒരേ ഈണമോടെ അവര്‍ പാടിയത് ഉയിര്‍പ്പിന്റെ സംഘഗാനങ്ങളായിരുന്നു. സംഘശക്തിയുടെ ഉണര്‍ത്തുപാട്ടുകളായിരുന്നു, അവര്‍ക്കു വേണ്ടിയും നമുക്കു വേണ്ടിയും സമൂഹത്തിനു വേണ്ടിയുമാണവര്‍ തൊണ്ടപൊട്ടിപ്പാടിയത്.

ബെസ്റ്റ് ഓഫ് അഴിമുഖം

ചുരിദാര്‍ ധരിക്കുന്നതും ഫേസ്ബുക്കില്‍ ഫോട്ടോ ഇടുന്നതും അഴിഞ്ഞാട്ടമോ? ചോദിക്കുന്നത് ഒരു അധ്യാപികയാണ്
അധ്യാപിക എന്ന ലേബല്‍ ഞങ്ങളെ തളച്ചിടാനുള്ള ചങ്ങലയായി ഉപയോഗിക്കരുത്-ഷീജ ടീച്ചര്‍

ഇതിവിടെ സൃഷ്ടിക്കപെട്ടൊരു മാതൃകയാണ്. നാളെ ജീവിതത്തിലേയ്ക്ക് കാലെടുത്തു വെയ്ക്കുന്ന നമ്മുടെ പെണ്‍കുട്ടികള്‍, അവര്‍ക്കു പിറക്കാനിരിക്കുന്ന പുതിയ തലമുറ ആരുമിവിടെ അപമാനിക്കപ്പെടരുത്, അവര്‍ അപമാനിക്കപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരിക്കേണ്ടത് രക്ഷിതാക്കളാണ്. അവര്‍ക്കു കൂടിയുള്ള ഒരു താക്കീതായി മാറി ഉണര്‍ത്തു പാട്ട്.

ജീവിതവും വിദ്യാഭ്യാസവും തൊഴിലുമെല്ലാം ഹൈടെക്ക് ആയി എന്ന് അവകാശപ്പെടുന്ന ഈ പരിഷ്‌കൃത കാലത്തും നമ്മുടെ പെണ്‍കുട്ടികള്‍ സമൂഹ്യജീവിതത്തിന്‍റെ ഓരം ചേര്‍ന്നു നടക്കേണ്ടി വരുന്ന അവസ്ഥ അതിഭീകരമാണ്. തൊഴിലിടങ്ങളിലും വീടകങ്ങളിലും വിദ്യാലയങ്ങളിലും വാഹനങ്ങളിലും വരെ സ്ത്രീ നേരിടേണ്ടി വരുന്ന ലൈംഗികാതിക്രമങ്ങളും വിവേചനങ്ങളും അവളുടെ ആത്മവിശ്വാസത്തെ തകര്‍ത്തെറിയുന്നു. ഇത്ത്രം അവസ്ഥകള്‍ നിലനില്‍ക്കുന്നതു കൊണ്ടുതന്നെയാണ് ‘അവര്‍ പാടുന്നു’ എന്ന സംഗീതപ്രതിരോധത്തിന്റെ പ്രസക്തി. സ്വന്തം ജീവിത വഴികള്‍ കരുത്തോടെയും കരളുറപ്പോടെയും വെട്ടിത്തെളിക്കാനുള്ള ജീവിത നിപുണത നേടിയെടുക്കാനും അതു വഴി സ്വയം തിരിച്ചറിയാനും ആത്മവിശ്വാസവും ആത്മധൈര്യവും കൈവരിക്കാനും സ്വന്തം നിലപാടു തറകളില്‍ ഉറച്ചുനില്‍ക്കാനും ഓരോ പെണ്‍കുട്ടിയേയും അവളുടെ കൗമാരപ്രായത്തില്‍ത്തന്നെ പ്രാപ്തരാക്കേണ്ടതുണ്ട്. 

ചൂഷണങ്ങള്‍ക്കെതിരെ ചങ്കൂറ്റത്തോടെ പ്രതികരിക്കുന്ന, അവകാശങ്ങള്‍ക്കു വേണ്ടി കരുത്തോടെ പോരാടുന്ന, അനീതിക്കെതിരെ നിര്‍ഭയമായി സംഘടിക്കുന്ന ഒരു സ്ത്രീ സമൂഹത്തെ നിര്‍മ്മിച്ചെടുക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.

സ്ത്രീ അപമാനിക്കപ്പെടുന്നത്, മാറ്റിനിര്‍ത്തപ്പെടുന്നത് ജാതിയും മതവും തിരിച്ചല്ല എന്നതിനാല്‍ ഒരു ഗ്രാമം മുഴുവന്‍ ഈ സംഗീതപ്രതിരോധത്തിന് സാക്ഷികളാകാന്‍ എത്തിയിരുന്നു. അവരില്‍ എല്ലാ ജാതിക്കാരും എല്ലാ മതക്കാരും എല്ലാ പ്രയക്കാരുമുണ്ടായിരുന്നു. അവരുടെ പെണ്‍മക്കളുടെ കൈപിടിക്കാന്‍, അവര്‍ക്കു പുതിയ പാത തുറക്കാന്‍, അവര്‍ക്കു ശക്തി പകരാന്‍ ജാതിമത ഭേദമന്യേ ഒരു നാടുമുഴുവന്‍ ഏറ്റുപാടുകയായിരുന്നു. ഈ നാടിന്റെ ചരിത്രമായി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലൂടെ നന്മയുടെ ഈ ഉയിര്‍പ്പുപാട്ടുകള്‍ ഇനി ലോകം മുഴുവന്‍ മുഴങ്ങും.

(തൃശൂരില്‍ ഹയര്‍ സെക്കണ്ടറി അധ്യാപികയാണ് ലേഖിക)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on May 24, 2015 12:16 pm