X

‘ഇനിയും അവിഷ്ണയുടെ അവസ്ഥ കണ്ടിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല’; സഹപാഠികള്‍ സമരത്തിലേക്ക്

പരിഹാരമായില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ അവിഷ്ണയുടെ ക്ലാസിലെ 45 വിദ്യാര്‍ത്ഥികളും നിരാഹാരമിരിക്കാനാണ് തീരുമാനം

ജിഷ്ണുവിന്റെ മരണത്തിലെ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട ജിഷ്ണുവിന്റെ അമ്മ മഹിജയെയും കുടുംബത്തെയും മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ജിഷ്ണുവിന്റെ അനുജത്തി അവിഷ്ണയും കുടുംബാംഗങ്ങളും നാട്ടുകാരും നടത്തുന്ന സമരം വീണ്ടും അനിശ്ചിതത്വത്തിലേക്ക് പോകുന്നു. വാണിമേല്‍ ക്രസന്റ് പബ്ലിക് സ്‌കൂളിലെ അവിഷ്ണയുടെ സഹപാഠികള്‍ സമരം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

‘അവിഷ്ണ ഞങ്ങളുടെ സഹപാഠിയേക്കാള്‍ ഉപരിയായി കൂടെപ്പിറപ്പാണ്. ഞങ്ങളുടെ ഏട്ടന്‍ ജിഷ്ണുവിന്റെ നീതിക്ക് വേണ്ടി പോരാടുന്ന ഈ സമരം ഇന്നുകൂടി അവസാനിച്ചില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ ഈ നിരാഹാരത്തിനൊപ്പം ഞങ്ങളും പങ്കുചേരും’ എന്നാണ് വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരിക്കുന്നത്. ‘ഇനിയും അവിഷ്ണയുടെ അവസ്ഥ കണ്ടുനില്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല, നീതിക്ക് വേണ്ടി പോരാടാന്‍ ഞങ്ങള്‍ തയ്യാറാണ്. അവിഷ്ണയുടെ കുടുംബത്തോടൊപ്പം ഞങ്ങളുണ്ട്. ഞങ്ങളെക്കൊണ്ട് കഴിയുന്നത് ഞങ്ങള്‍ ചെയ്യും’ എന്ന് അവിഷ്ണയുടെ സഹപാഠി ഗോകുല്‍ പറയുന്നു.

വാണിമേല്‍ ക്രസന്റ് സ്‌കൂളിലെ അവിഷ്ണയുടെ സഹപാഠികള്‍ മുഴുവന്‍ ഇന്ന് ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരമായില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ അവിഷ്ണയുടെ ക്ലാസിലെ 45 വിദ്യാര്‍ത്ഥികളും നിരാഹാരമിരിക്കാനാണ് തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ പിന്തുണയുമായി നാടും ഒപ്പമുണ്ട്. ജിഷ്ണുവിന് വേണ്ടി പോരാടാന്‍ വിദ്യാര്‍ത്ഥികള്‍ എടുത്ത ഈ തീരുമാനം ഒരു അധ്യാപകനെന്ന നിലയില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്നും വിദ്യാര്‍ത്ഥികളുടെ ഏത് തീരുമാനത്തിനുമൊപ്പം താനുണ്ടാകുമെന്ന് ക്രസന്റ് പബ്ലക് സ്‌കൂളില്‍ ചന്ദ്രന്‍ വളയം പറഞ്ഞു.

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

മാധ്യമ പ്രവര്‍ത്തകന്‍. വയനാട് സ്വദേശി

More Posts

Follow Author:

This post was last modified on April 9, 2017 4:03 pm