X

ഉള്ളില്‍ കുരുങ്ങിയമര്‍ന്ന നിലവിളികള്‍

ബച്ചു മാഹി

കഴിഞ്ഞ ദിവസങ്ങളിലായി കാണപ്പെട്ട വാർത്തകളിൽ മനസ്സിനെ വേട്ടയാടിയ ചില മുഖങ്ങൾ / വാർത്തകൾ. 
 
അന്താരാഷ്ട്ര സമൂഹത്തിൻറെ മുറവിളികൾ തെല്ലും പരിഗണിക്കാതെ ഇറാനിൽ റെയ്ഹാന ജബ്ബാറിയെന്ന ഇരുപത്തിയാറുകാരി തൂക്കിലേറ്റപ്പെട്ടതാണ് ഒന്ന്. പീഡനശ്രമത്തിനിടെ രക്ഷപ്പെടാനായി അവൾ കുത്തിയതിനെ തുടർന്ന് ഒരു മുൻ ഇന്റെലിജൻസ് ഓഫിസർ കൊല്ലപ്പെട്ടിരുന്നു. കൊലക്ക് കൊലയോ മരിച്ചയാളിന്റെ അവകാശികൾ മാപ്പ് കൊടുക്കുകയോ വേണമെന്ന ശരീഅത്ത് വ്യവസ്ഥ പ്രകാരം ആണത്രെ ഈ വധം. ക്രിമിനൽ ശിക്ഷകളിൽ പോലും മതകീയ നിയമങ്ങൾ അക്ഷരാർത്ഥത്തിൽ വള്ളിപുള്ളി വ്യത്യാസം കൂടാതെ പാലിക്കണം എന്ന് ശഠിക്കുന്ന, ആ നിയമങ്ങളെ കാലികമായും മാനുഷികമായും വിവേചനബുദ്ധിയോടെയും വായിക്കാൻ  തയ്യാറല്ലാത്തവരുടെ കരങ്ങളാൽ രൂപം കൊള്ളുന്ന ഒരു മതരാഷ്ട്രം മനുഷ്യാവകാശങ്ങൾക്ക് മേൽ എങ്ങനെ ഹിംസാത്മകമായി പതിക്കാം എന്നതിന്റെ ചൂണ്ട് പലക കൂടെയാണ് ഈ സംഭവം.
 
തങ്ങളുടെ മതസ്വത്വം ഇതിനെ പിന്താങ്ങാൻ ബാധ്യത തീർക്കുന്നുവോ എന്ന ശങ്കയാൽ നിർലജ്ജം ആ ഹത്യയെ ന്യായീകരിക്കാൻ ഉൽസുകരാകുന്ന ചിലരെയും കണ്ടു; ജുഗുപ്സയാൽ മുഖം തിരിക്കേണ്ടി വന്നു!
നിശ്ചയദാർഡ്യം സ്ഫുരിക്കുന്ന അവളുടെ കണ്ണുകളും, നിഷ്കളങ്കത വിളിച്ചോതുന്ന മുഖവും, അവസാനമായി തൻറെ മാതാവിന് എഴുതിയ കത്തിന്റെ തലക്കെട്ടും (ആ കത്ത് വായിക്കാനുള്ള മനോബലം ഇല്ല) ഉള്ളിലെവിടെയോ പൊള്ളിക്കുന്നു…
 
 
ഹൈദരാബാദിൽ സൈനികരാൽ തീ കൊളുത്തി കൊല്ലപ്പെട്ട ഷെയ്ക്ക് മുസ്തഫ എന്ന പതിനൊന്നുകാരന്റെ മുഖമാണ് മറ്റൊന്ന്. ഈ മാസം എട്ടിനോ ഒൻപതിനോ സൈനിക ഏരിയക്ക് അടുത്തെത്തിയ ബാലനെ ഫെൻസിംഗ് ഭേദിച്ച് അകത്ത് കടക്കാൻ ആവശ്യപ്പെടുകയും ഉള്ളിലെത്തിയപ്പോൾ ബാലനെ സൈനികർ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ചുള്ള ആദ്യ റിപ്പോർട്ടുകൾ. 
 
See: 11-year-old boy set ablaze by Army jawans?
 
എന്നാൽ രണ്ടുദിവസം ഒരു വസ്തുതാന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിൽ കൊല്ലുന്നതിന് മുൻപ് രണ്ട് ജവാന്മാർ ബാലനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കത്തിക്കുകയായിരുന്നെന്ന് റിപ്പോർട്ട് സമർപ്പിച്ചത്രേ. 
 
See: Mustafa was sexually assaulted and burnt to death by two Military men at Mehdipatnam : Fact- Finding Report
 
‘വസ്തുതാന്വേഷണസംഘ’ത്തിന്റെ കണ്ടെത്തലിനെ / ആധികാരികതയെ കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തതിനാൽ അങ്ങോട്ടേക്ക്  കടക്കുന്നില്ല. അല്ലാതെ തന്നെ, ഒരുവിധം മാധ്യമങ്ങൾ ഒക്കെയും റിപ്പോർട്ട് ചെയ്തതനുസരിച്ച് സൈനികർ കുട്ടിയെ ജീവനോടെ കത്തിക്കുകയായിരുന്നു. അതീവഗൗരവതരമായ ഈ കൊടും കൃത്യം എന്തുകൊണ്ട് വേണ്ടത്ര വാർത്താപ്രാധാന്യം നേടിയില്ല എന്നത് അത്ഭുതകരമായി തോന്നുന്നു. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാൻ ബാധ്യസ്ഥമായ ആർമിയിൽ പെട്ട ആരെങ്കിലും ഇത്തരം അതിക്രമം കാണിച്ചാൽ സാധാരണ പൗരൻ ചെയ്തതിനേക്കാൾ ശിക്ഷ അർഹിക്കുന്നുണ്ട്. എന്നാൽ നമ്മുടെ ഈ ജനാധിപത്യരാജ്യത്ത് പട്ടാളക്കാർ കാട്ടുന്ന അതിക്രമങ്ങൾക്ക് സംരക്ഷണ കവചം കിട്ടുന്ന അവസ്ഥയാണ്‌. ഇന്ത്യയെ പ്രായോഗിക തലത്തിൽ ഒരു സൈനിക സ്റ്റേറ്റ് ആകാൻ അനുവദിക്കരുത്. സിവിലിയന്മാർക്ക് എതിരെയുള്ള ഏതൊരു അതിക്രമവും ശിക്ഷിക്കപെടാതെ പോകരുത്. 
 
 
മുസ്തഫ കൊല്ലപ്പെട്ട് ഒരാഴ്ചക്ക് ശേഷമാണ് പതിനഞ്ച്കാരനായ സായിറാം എന്ന ദലിത് ബാലൻ, ബീഹാറിൽ  സവർണ്ണ ഭൂവുടമയാൽ മണ്ണെണ്ണ ഒഴിച്ച് പച്ചക്ക് കത്തിക്കപ്പെട്ടത്. 
 
See: Mahadalit boy burnt to death in Bihar
 
അവൻ മേയ്ച്ചു നടന്ന ആടുകൾ സവർണ്ണൻറെ കൃഷിയിടത്തിൽ കേറിയതാണ് കുറ്റം. ഒരു ദലിത് സമുദായംഗം സംസ്ഥാനം ഭരിക്കുന്ന അവസരത്തിൽ തന്നെയാണിത്. ബീഹാറിൽ തുടരുന്ന ദലിത് പീഡനങ്ങൾ, ‘നിങ്ങൾ രാഷ്ട്രീയാധികാരം കയ്യാളിയാൽ പോലും  ഞങ്ങളുടെ മേൽക്കോയ്മയെ തെല്ലും ഇല്ലാതാക്കാൻ നിങ്ങൾക്കാകില്ല’ എന്ന സവർണ്ണ പ്രഖ്യാപനം കൂടിയാണ്. അധികാരവർഗ്ഗത്തിന്റെ ഒത്താശയോടെ പ്രവർത്തിച്ച് പോന്ന ഭൂവുടമകളായ സവർണ്ണ മിലീഷ്യ ഇന്നോളം ദലിതർക്കെതിരെ കാട്ടിയ അരുതായ്മകൾ വിവരിക്കാൻ പുസ്തകങ്ങൾ തന്നെ വേണ്ടിവരും. ജാതിവെറിയുടെ ചോരച്ചാൽ തീർത്ത പൗരാണിക ഭാരതകഥകൾ അല്ലിവ. വികസനക്കുതിപ്പ് തുടരുന്നു എന്ന് നാം മേനി നടക്കുന്ന ആധുനിക ഇന്ത്യയുടെ അഭിനവ ചരിതം!  
 
കാതോർത്താൽ നിങ്ങൾക്കും കേൾക്കാം, പച്ചക്ക് നിന്ന് കത്തവെ ആർത്ത് കരഞ്ഞ രണ്ട്‌ ബാലന്മാരുടെ നിലവിളി ശബ്ദങ്ങൾ. ശ്രദ്ധിച്ചാൽ അനുഭവപ്പെടാം, പച്ചമാംസം കരിയുന്ന ഗന്ധം. അത് സുഗന്ധമായി കരുതുന്ന ചിലരും നമുക്കിടയിൽ ഉണ്ടെന്നും ചില പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു.
 
 
അഴിമുഖം പ്രസിദ്ധീകരിച്ച ബാച്ചുവിന്റെ മറ്റൊരു ലേഖനം: തീവ്രദേശീയത അപരരെ തേടുമ്പോള്‍
 
*Views ae personal

This post was last modified on October 28, 2014 11:09 am