X

നിങ്ങളാണോ ആർട്ടിസ്റ്റുകൾ? എങ്കിൽ ചെകിട് അടിച്ചു തകർക്കാനാളുണ്ടിവിടെ

രാകേഷ് നായര്‍

പൗരന്റെ മൗലികാവകാശങ്ങളുടെ ചെകിട് അടിച്ചു തകര്‍ക്കുന്ന ഭരണകൂടം, നിശബ്ദമാക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തെയാണ്. ഭയപ്പെടുത്തലിന്റെ, മര്‍ദ്ദനത്തിന്റെ അധികാരോപാധികളുമായി അവര്‍ തങ്ങളുടെ വേട്ടയാടല്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം പാലക്കാട് ഒലവക്കോട് റെയില്‍വേസ്‌റ്റേഷനു മുന്നില്‍ തെരുവുനാടകം അവതരിപ്പിക്കാന്‍ ശ്രമിച്ച ഒരു സംഘം യുവാക്കള്‍ക്കു നേരെ റെയില്‍വേ സംരക്ഷണസേനയിലെ ഒരുദ്യോഗസ്ഥന്‍ നടത്തിയ ആക്രമണം, ഈ വേട്ടയുടെ മറ്റൊരു രേഖപ്പെടുത്തല്‍ മാത്രം.

ഭരണകൂടത്തിന്റെ ഏജന്‍സികള്‍ പൊതുജനത്തിനുമേല്‍ എത്രമാത്രം സംശയാലുക്കളാണെന്നു കൂടി ഈ സംഭവം കാണിച്ചു തരുന്നൂ. സ്റ്റേറ്റ് തയ്പിച്ചെടുത്തിട്ടുള്ള ഡ്രസ്സ്‌കോഡില്‍ ഒതുങ്ങി നില്‍ക്കാത്തവരെല്ലാം ഭീകരരും രാജ്യത്തിനെതിരെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുമാണെന്ന ഒരലിഖിത തിട്ടൂരം എക്‌സിക്യൂട്ടീവ് പിന്‍തുടരുന്നുണ്ട്. വസ്ത്രം, സംസാരം, താടി, മുടി, വായിക്കുന്ന പുസ്തകവുമെല്ലാം പൗരനെ സംശയിക്കാനുള്ള കാരണങ്ങളായിരിക്കുന്നു.

അത്‌ലറ്റിക് കായിക നാടകവേദി
അത്‌ലറ്റിക് കായിക നാടകവേദി ഒരു സംഘം ചെറുപ്പക്കാരായ കലാകാരന്മാര്‍ രൂപീകരിച്ച തിയേറ്റര്‍ ഫോറമാണ്. കലയുടെ വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന, വിവിധ നാടുകളിലുള്ളവര്‍ ഒത്തുചേരുന്നൊരു പ്ലാറ്റ്‌ഫോം. ചിത്രകാരന്മാര്‍, ശില്‍പ്പികള്‍, കളിപ്പാട്ടങ്ങളുണ്ടാക്കുന്നവര്‍, സിനിമയിലും നാടകത്തിലും പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി, തങ്ങളുടെ മനോവ്യാപാരങ്ങള്‍ സമാനചിന്താഗതിക്കാരോടൊപ്പം ചേര്‍ന്ന് സമൂഹമധ്യത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ കൂട്ടം.

ഞങ്ങള്‍ക്ക് രാഷ്ട്രീയബോധമുണ്ട്. ഞങ്ങള്‍ക്ക് സമൂഹത്തോട് ഉത്തരവാദിത്വമുണ്ട്. ഞങ്ങള്‍ക്ക് ആശങ്ങളുണ്ട്, ഞങ്ങളത് പ്രകടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. കല അതിനുള്ള ഏറ്റവും മികച്ച മാധ്യമമാണ്- അത്‌ലറ്റിക് നാടകവേദിയുടെ പ്രവര്‍ത്തകരിലൊളായ ഷാന്റോ ആന്റണി പറഞ്ഞു. പക്ഷേ, ഇവരുടെ സാമൂഹികോത്തരവാദിത്വം പലര്‍ക്കും മനസ്സിലാകാതെ പോകുന്നു; ആ ആര്‍പിഎഫുകാരനെപ്പോലുള്ളവര്‍ക്ക്. കുറച്ച് നാളുകള്‍ക്കു മുമ്പ് ചെമ്പൈ സംഗീതകോളേജില്‍ വച്ച് ഞങ്ങളൊരു പെര്‍ഫോമന്‍സ് നടത്തിയിരുന്നു. ബിസി 500 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തെ ഉള്‍പ്പെടുത്തിയുള്ളൊരു നാടകമായിരുന്നു. എന്‍എഫ്ടി ഗ്രാജ്വേറ്റഡ് ആയ മുക്തി രവിദാസ് ഉള്‍പ്പെടെ അതിന്റെ ഭാഗമായിരുന്നു.

ഈ പരിപാടിയുടെ പ്രമോ നടത്തിയത് തെരുവുകളില്‍ പാട്ടുപാടിയും കവിതചൊല്ലിയും നാടകം കളിച്ചുമൊക്കെയാണ്. സമൂഹത്തോട് പറയാനുള്ളത് ഈ കലാപ്രകടനങ്ങളിലൂടെ എത്തിക്കുകയാണ്. ഓരോ പാട്ടിലും കവിതയിലും വ്യക്തമായ രാഷ്ട്രീയചിന്തകളുണ്ടായിരിക്കും. ഞങ്ങള്‍ക്ക് പാസ് ചെയ്യാനുള്ള സന്ദേശങ്ങളുണ്ടായിരിക്കും. എന്നാല്‍ എല്ലായിടങ്ങളിലും ഇതിനുള്ള സ്വാതന്ത്ര്യം അനുവദിച്ചു കിട്ടാറില്ല. എതിര്‍പ്പുമായി വരുന്നവരോട് തിരിച്ച് എതിര്‍ക്കാന്‍ നിന്നിട്ടില്ല. ഒരു സ്‌പേസ് നിഷേധിക്കപ്പെട്ടാല്‍ മറ്റൊരിടം കിട്ടുന്നു, അതായിരുന്നു ഞങ്ങള്‍ ചിന്തിച്ചത്. ഒരിക്കല്‍ പാലക്കാട് കോട്ടയ്ക്ക് മുന്നിലിരുന്ന് പാട്ടുപാടി. എന്നാല്‍ അവിടുത്തെ സെക്യൂരിറ്റിക്കാര്‍ എതിര്‍പ്പുമായി വന്നു. അയാള്‍ക്ക് ഞങ്ങളുടെ ശല്യം എത്രയും വേഗം തീര്‍ക്കേണ്ടിയിരുന്നു. എങ്കില്‍, അതിനയാളെ അനുവദിക്കാതെ സമീപവാസികളായ നാട്ടുകാര്‍ രംഗത്തെത്തി. ഞങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് അവര്‍ സംരക്ഷണം തന്നു. ഒരു വിഭാഗം എതിര്‍ക്കുമ്പോള്‍ മറ്റൊരു വിഭാഗം ഞങ്ങളെ സംരക്ഷിക്കുന്നുണ്ടെന്ന് മനസ്സിലാകുന്നത് ഇങ്ങനെയാണ്-നാടകവേദി പ്രവര്‍ത്തകനായ അലിയാര്‍ പറഞ്ഞു.

അധികപ്രസംഗം
പാലക്കാട് ബസ് സ്റ്റാന്‍ഡ്, കോട്ടമൈതാനം എന്നിവിടങ്ങളില്‍ പാരിപാടി നടത്തിയശേഷമാണ് വൈകിട്ട് ആറുമണിയോടെ ഒലവക്കോട് റയില്‍വേസ്‌റ്റേഷന്‍ പരിസരത്ത് അവഗണിക്കപ്പെട്ട തെരുവിന്റെ കഥകളായ ഹിപ്പ് ഹോപ്പ്, റാപ്പ്, ഡിജെ, ഗ്രാഫ്റ്റി എന്നിവയും നാടന്‍പാട്ടുകളും ഉള്‍പ്പെടുത്തി ‘അധികപ്രസംഗം’ എന്ന തെരുവുനാടകത്തിന്റെ അവതരണവുമായി എത്തുന്നത് (സ്റ്റേഷന് അകത്തേക്ക് കടന്നിരുന്നില്ല).

ഞങ്ങളുടെ പെര്‍ഫോമന്‍സ് തുടങ്ങിയപ്പോള്‍ തന്നെ കേരള പോലീസ് സ്ഥലത്തുവന്ന്, ഇതവസാനിപ്പിക്കണമെന്നും തിരികെ പോകണമെന്നും ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പോലീസിനോട് സംസാരിച്ചു നില്‍ക്കുമ്പോഴാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ മൂന്നുപേര്‍ അങ്ങോട്ട് വരുന്നത്. ഇവര്‍ സിവില്‍ ഡ്രസിലായിരുന്നു. വന്നയുടനെ അവരിലൊരാള്‍ ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ തല്ലുകയായിരുന്നു.

മുടിയും താടിയുമൊക്കെ വളര്‍ത്തിയവര്‍ ഞങ്ങളുടെ കൂട്ടത്തിലുണ്ട്. നീയൊക്കെ മാവോവാദികളാണോടാ എന്നാണ് അവര്‍ ചോദിച്ചത്. എന്റെ ചെകിട്ടത്ത് അയാള്‍ അടിച്ചു. ഇപ്പോഴും അതിന്റെ വേദന മാറിയിട്ടില്ല. മുടിയും താടിയും നീട്ടി വളര്‍ത്തിയതാണോ ഞങ്ങള്‍ ചെയ്ത കുറ്റം, അതോ അവിടെയൊരു കലാപ്രകടനം നടത്തിയതോ? ഒരു പൗരന് അവന്റെ ശരീരത്തില്‍ യാതൊരു അവകാശവുമില്ലെന്നാണോ ആ പോലീസുകാരന്‍ ഉദ്ദേശിച്ചത്. മുടി വളര്‍ത്തുന്നതും താടി നീട്ടുന്നതും തീവ്രവാദിയാകുന്നതിന്റെ മാത്രം ഭാഗമോ?- തേജസ് എന്ന പ്രവര്‍ത്തകന്റെ ചോദ്യങ്ങളാണിത്.

പെട്ടെന്ന് തന്നെ കേരള പോലീസ് ഇടപെട്ട് ഞങ്ങളെ അവരുടെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് അവിടെ ഉപദേശ ക്ലാസ് ആയിരുന്നു, ഇടയ്ക്ക് ഭീഷണിയും. കുളിക്കാതെയും പല്ലുതേക്കാതെയും നടക്കുന്നവരാണ് ഞങ്ങളെന്നും വൃത്തിയായി നടക്കണമെന്നും മുടിവെട്ടിച്ചും താടി വടിച്ചും മാത്രമെ പുറത്തിറങ്ങാവൂ എന്നൊക്കെയായിരുന്നു അവര്‍ ഞങ്ങള്‍ക്ക് ക്ലാസ് എടുത്തത്.

കലയാണ് ഏറ്റവും വലിയ സമരായുധം
ഞങ്ങളെ മര്‍ദ്ദിച്ചതിന് ആരോടും പരാതി പറയാനൊന്നും പോകുന്നില്ല. സ്‌റ്റേറ്റിനെതിരെ സ്‌റ്റേറ്റിനോട് തന്നെ പരാതി പറയുന്നതിലെ മണ്ടത്തരം എന്താണെന്ന് അറിയാം. പരാതിപ്പെടാനല്ല, പ്രതിഷേധിക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇന്ന് പാലക്കാട് ഹ്യൂമന്‍ബോഡിഗ്രാഫിക് സംഘടിപ്പിച്ചത്. ഈ ചിത്രരചനയിലൂടെയാണ് ഞങ്ങളുടെ പ്രതിഷേധം. കലയാണ് ഏറ്റവും വലിയ സമരായുധം എന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍- തേജസ് പറഞ്ഞു നിര്‍ത്തുന്നു.

This post was last modified on October 28, 2014 5:08 pm