X

കൊല്ലത്തെത്തി വീട്ടു ജോലിക്കാരിയെ കണ്ട ബഹറിന്‍ വിദേശകാര്യ മന്ത്രി വളര്‍ത്തമ്മയെ കാണാന്‍ മംഗളൂരില്‍

1959ല്‍ തന്നെ നോക്കിയ 93-കാരിയായ കാര്‍മൈന്‍ മത്യാസിനെ കാണുന്നതിനാണ് ഷേഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ മംഗളൂരില്‍ എത്തിയത്

തന്റെ വീട്ടില്‍ 21 വര്‍ഷം ജോലി ചെയ്ത ലൈലയെ കൊല്ലത്തെ വീട്ടിലെത്തി കണ്ട ബഹറിന്‍ വിദേശകാര്യ മന്ത്രി, മംഗളൂരുവിലെത്തി തന്റെ വളര്‍ത്തമ്മയെയും കണ്ടു. ഇവരെ 93-കാരിയായ കാര്‍മൈന്‍ മത്യാസിനെ കാണുന്നതിന് വേണ്ടി മാത്രം ബഹറിന്‍ വിദേശകാര്യമന്ത്രി ഷേഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ മംഗളൂരു സന്ദര്‍ശിക്കുകയായിരുന്നു. ഏകദേശം ആറ് ദശാബ്ദം മുമ്പ് അല്‍ ഖലീഫ കുട്ടിയായിരുന്നപ്പോള്‍ അദ്ദേഹത്തെയും സഹോദരങ്ങളെയും നോക്കി വളര്‍ത്തിയിരുന്നത് കാര്‍മൈന്‍ മത്യാസായിരുന്നു. ഇവര്‍ ഇപ്പോള്‍ മംഗളൂരു നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ബാജ്‌പെയിലാണ് താമസിക്കുന്നത്. മന്ത്രി ബുധനാഴ്ചയും വ്യാഴാഴ്ചയും അവരുടെ വീട് സന്ദര്‍ശിച്ചതായി കാര്‍മൈന്റെ ചെറുമകന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

അന്ന ഫ്രാന്‍സിസ് എന്ന അവരുടെ വീട് സന്ദര്‍ശിക്കുമ്പോള്‍ ബഹറിന്‍ വിദേശകാര്യ മന്ത്രിയോടൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും ഉണ്ടായിരുന്നു. സന്ദര്‍ശനത്തിന് ട്വിറ്ററില്‍ ഇട്ട ചിത്രത്തിന്റെ അടിക്കുറിപ്പായി മന്ത്രി ഇങ്ങനെ എഴുതി: ‘എന്റെ കുട്ടിക്കാലത്ത് സ്വന്തം പുത്രനെ പോലെ എന്നെ നോക്കിയ എന്റെ വളര്‍ത്തമ്മയോടൊപ്പം; കര്‍ണാടകയിലെ മംഗളൂരുവില്‍ അവരുടെ വീട്ടില്‍ മമ്മ കാര്‍മൈന്‍ മത്യാസ്….1959 ജനുവരിയില്‍ 35 വയസുള്ളപ്പോഴാണ് അവര്‍ ബഹറിനിലേക്ക് വന്നത്. ഇപ്പോള്‍ അവര്‍ക്ക് 93 വയസുണ്ട്.  എന്റെ അന്തരിച്ച സഹോദരന്‍ അബ്ദുള്ളയെയും ഇളയ രണ്ട് സഹോദരിമാരായ മയ്യയെയും ലുല്‍വയെയും നോക്കിയിരുന്നത് അവരായിരുന്നു. വലിയ സ്‌നേഹവും ശ്രദ്ധയുമാണ് അവര്‍ ഞങ്ങള്‍ക്ക് നല്‍കിയത്…ഞങ്ങളുടെ ജീവിതത്തില്‍ അവരോടൊപ്പമുണ്ടായിരുന്ന ഒരോ നിമിഷങ്ങളും ഞങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു. ദൈവം അവരെ അനുഗ്രഹിക്കുകയും നല്ല ആരോഗ്യവും ദീര്‍ഘായുസും നല്‍കുകയും ചെയ്യട്ടെ.’

തന്റെ വീട്ടില്‍ 21 കൊല്ലം ജോലി ചെയ്ത് കൊല്ലംകാരിയുടെ വീട്ടിലെത്തിയ ബഹ്‌റിന്‍ വിദേശകാര്യ മന്ത്രി

2012 അവസാനമാണ് തങ്ങളുടെ മുത്തശ്ശി അവസാനമായി ബഹറിനില്‍ പോയതെന്ന് അവരുടെ കൊച്ചുമകനും എജെ ഇന്റസ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സിന്റെ പ്രിന്‍സിപ്പലുമായ ഫ്രാന്‍സിസ് എന്‍ പി മൊണ്ടേറിയോ മാധ്യമങ്ങളോട് പറഞ്ഞു. 2013 മേയില്‍ അവര്‍ മടങ്ങിയെത്തി. അതിന് ശേഷവും മന്ത്രിയുടെ കുടംബം സ്ഥിരമായി മുത്തശ്ശിയുമായി ടെലിഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ ആഹ്ളാദത്തിലാണ് കാര്‍മൈന്‍ മത്യാസ് എന്ന 93കാരി.

This post was last modified on December 30, 2016 3:51 pm